2007 ൻ്റെ അവസാനത്തിൽ ആണ്
ഞാൻ ആന്ധ്രയ്ക്ക് പോകുന്നത്.
പല രൂപതകളിലും അന്വേഷിച്ച ശേഷം വിശാഖപട്ടണം രൂപതയിലാണ് ഞങ്ങൾക്ക് മിഷൻ സ്റ്റേഷൻ ലഭിക്കുന്നത്.
2008 ജൂണിൽ പുതുതായി രൂപംകൊണ്ട തൊറേഡു ഇടവകയിൽ
പ്രഥമ വികാരിയായി ഞാൻ നിയമിതനായി.

മിഷൻ പ്രദേശത്ത് പല പ്രതിസന്ധികളും ഉണ്ടാകുക സാധാരണമാണല്ലോ?
അത്തരമൊരു പ്രതിസന്ധി എനിക്കും നേരിടേണ്ടി വന്നു. ആ സംഭവം വിവരിക്കട്ടെ.

25 വയസുകാരനായ ഒരാൾ
സെമിനാരിയിൽ പ്രവേശിക്കണമെന്ന ആഗ്രഹവുമായി വന്നു.
അവനെക്കുറിച്ച് അത്ര നല്ല അഭിപ്രായം ഇല്ലാതിരുന്നതുകൊണ്ടാകാം
പലരും എന്നോട് ആ യുവാവിൻ്റെ
തെറ്റായ ജീവിത ശൈലിയെക്കുറിച്ചാണ് പറഞ്ഞത്. അതുകൊണ്ട് സെമിനാരി പ്രവേശനത്തിന് ആവശ്യമായ
വികാരിയുടെ സമ്മതപത്രം
നൽകുന്നതിന് ഞാൻ വിസമ്മതിച്ചു.

ഇക്കാരണത്താൽ അയാളുടെ
കുടുംബക്കാർ എന്നെ പരസ്യമായ് അധിക്ഷേപിച്ചു. അപ്പോഴെല്ലാം എനിക്ക് പറയാനുണ്ടായിരുന്നത് ഒറ്റക്കാര്യം മാത്രമായിരുന്നു:

“പൗരോഹിത്യം വിശുദ്ധിയിലേക്കുള്ള വിളിയാണ്. ഈ സഹോദരനെക്കുറിച്ച്
കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ പരിഗണിക്കുമ്പോൾ കത്തു നൽകാൻ
എൻ്റെ മനസാക്ഷി അനുവദിക്കുന്നില്ല.”

എന്നെ വെല്ലുവിളിച്ചാണ് അവർ മടങ്ങിയത്. പിന്നീട് ഇദ്ദേഹം ഏതോ ഒരു സന്യാസസഭയിൽ ചേർന്നതായ് അറിയാൻ കഴിഞ്ഞു. ഇതറിഞ്ഞപ്പോൾ എനിക്ക്
ചെറിയൊരു നൊമ്പരം തോന്നാതിരുന്നില്ല. മനസിൻ്റെ ഭാരമെല്ലാം ഞാൻ പങ്കുവച്ചിരുന്നത് ആദ്ധ്യാത്മിക ഗുരുവായ പരംജ്യോതിയച്ചൻ്റെ അടുത്താണ്.

എന്നെ ആശ്വസിപ്പിച്ചുകൊണ്ട്
അച്ചൻ പറഞ്ഞു:

‘ജെൻസനച്ചാ, പൗരോഹിത്യത്തോട് സ്നേഹമുള്ളതുകൊണ്ടല്ലെ
അച്ചൻ കത്ത് കൊടുക്കാതിരുന്നത്?
അച്ചൻ്റെ മനസാക്ഷിയുടെ സ്വരം,
അതായത് ദൈവസ്വരമാണ്
അച്ചൻ ശ്രവിച്ചത്. അതേ ദൈവത്തിന് വിഷമതകൾ സമർപ്പിക്കുക.
ആ സഹോദരൻ്റെ കാര്യം
അവിടുന്ന് നോക്കിക്കൊള്ളും.”

എനിക്ക് ഒത്തിരി ഊർജം നൽകിയ വാക്കുകളായിരുന്നു അത്.
ആ ഉപദേശമനുസരിച്ച് എല്ലാക്കാര്യങ്ങളും
ഞാൻ കർത്താവിന് സമർപ്പിച്ചു.
2016 ൽ എനിക്ക് ആന്ധ്രയിൽ നിന്നും
സ്ഥലം മാറ്റം ലഭിച്ചു.
പിറ്റേ വർഷമാണെന്ന് തോന്നുന്നു
അന്നത്തെ വികാരിയച്ചൻ
എന്നെ വിളിച്ച് പറഞ്ഞു:

”അച്ചൻ ഓർക്കുന്നുണ്ടാവുമല്ലോ,
സമ്മതപത്രം നൽകാത്തതിൻ്റെ പേരിൽ അച്ചനെ ധിക്കരിച്ച് സെമിനാരിയിൽ
ചേർന്ന യുവാവിനെക്കുറിച്ച്?”

ഓർക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അച്ചനെന്നോടു പറഞ്ഞു:

”അയാൾ സെമിനാരിയിൽ നിന്നും പോയി ഏതോ ഒരു സ്ത്രീയെ വിവാഹം
ചെയ്തതായി അറിയാൻ കഴിഞ്ഞു!”

അത് കേട്ടപ്പോൾ സത്യത്തിൽ ഞാൻ സന്തോഷിച്ചു. പരംജ്യോതിയച്ചൻ പറഞ്ഞ കാര്യം ഞാൻ ഓർത്തു. വീണ്ടും ഞാൻ
അച്ചനെ വിളിച്ച് അന്നത്തെ ഉപദേശത്തിന്
നന്ദി പറഞ്ഞു. അച്ചൻ പറഞ്ഞു:

“ദൈവസ്വരമാണ് നമ്മൾ ശ്രവിക്കുന്നതെന്ന് ഉറപ്പായാൽ ഏത് പ്രതിസന്ധി വന്നാലും
അതിൽ ഉറച്ചു നിൽക്കുക. ബാക്കിയുള്ളതെല്ലാം ദൈവം നോക്കിക്കൊള്ളും.”

നമ്മുടെ ജീവിത പ്രതിസന്ധികളിൽ ദൈവസ്വരത്തിനായ് നമ്മൾ കാതോർക്കാറുണ്ടോ?

സന്യാസസമൂഹങ്ങളിൽ ഉള്ളതുപോലെ
ചില തീരുമാനങ്ങളിൽ നമ്മെ നയിക്കുവാൻ തക്ക ആത്മീയ ഗുരുക്കൾ നമുക്കുണ്ടോ?

മാത്രമല്ല, ദൈവ സ്വരമാണെന്ന് തിരിച്ചറിഞ്ഞിട്ടും അതിനെ ധിക്കരിച്ച നിമിഷങ്ങളും ജീവിതത്തിൽ ധാരാളമില്ലേ?

ഇവിടെയാണ് ഉണ്ണീശോയെ
സന്ദർശിക്കാനെത്തിയ ജ്ഞാനികൾ
നമുക്ക് മാതൃകയാകുന്നത്.
തൻ്റെ കൊട്ടാരത്തിലേക്ക് വരണമെന്ന രാജകല്പന നിലനിൽക്കുമ്പോൾ പോലും ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന ദൈവദൂതൻ്റെ മുന്നറിയിപ്പനുസരിച്ച്‌ അവര്‍ മറ്റൊരു
വഴിയേ സ്വദേശത്തേക്കു മടങ്ങി.
( Ref: മത്താ 2 :12)

ഇങ്ങനെ വായിക്കുമ്പോൾ മിഴികൾ
അറിയാതെ സജലങ്ങളാകുന്നു.

ഫാദർ ജെൻസൺ ലാസലെറ്റ്
ഡിസംബർ 30-2020.

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം