സന്യാസസഭകളിലെ നിർണായകമായ ഉത്തരവാദിത്വമാണ്
വൊക്കേഷൻ പ്രമോഷൻ.

ഇതുമായ് ബന്ധപ്പെട്ട
ഒരു അനുഭവം കുറിക്കാം.
മൂന്നു മക്കളുള്ള കുടുംബം.
മൂത്ത മകൾക്ക് കന്യാസ്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. ആ കുട്ടി പഠനത്തിൽ അല്പം പിന്നിലായതിനാൽ പ്രാർത്ഥനയ്ക്കും കൗൺസിലിങ്ങിനുമായ് അവളുടെ മാതാപിതാക്കൾ ഇടയ്ക്ക് ആശ്രമത്തിൽ കൊണ്ടുവരുമായിരുന്നു.

പത്താംക്ലാസിലെ റിസൽട്ട് വന്നപ്പോൾ ഒരു വിഷയത്തിനൊഴികെ മറ്റെല്ലാ വിഷയങ്ങൾക്കും അവൾക്ക് എ. പ്ലസ് ലഭിച്ചു. ഇതിനോടകം ആ കുട്ടിയുടെ മാതാപിതാക്കളുടെ നമ്പർ
ഒരു സന്യാസസഭയിലെ സിസ്റ്റേഴ്സിന്
ഞാൻ കൊടുത്തിരുന്നു. പരീക്ഷയ്ക്ക് മുമ്പു തന്നെ പലയാവർത്തി
അവർ ആ കുട്ടിയുടെ വീട്ടിൽ ചെല്ലുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു.

റിസൽട്ട് വന്ന ശേഷം
സിസ്റ്റേഴ്സ് ഫോൺ വിളിച്ചാൻ അവർ എടുക്കാതായി. ഞാൻ വിളിച്ചിട്ടും
അവർ പ്രതികരിച്ചിരുന്നില്ല. കാര്യങ്ങൾ വ്യക്തമാക്കാൻ സിസ്റ്റേഴ്സ്
ആ കുട്ടിയുടെ വീട്ടിൽ ഒരിക്കൽക്കൂടി ചെന്നു. എന്നാൽ അന്നുവരെ കണ്ട സൗമ്യസ്വഭാവമുള്ള മാതാപിതാക്കളെ അല്ലായിരുന്നു അന്നവർ കണ്ടത്.
കുട്ടിയെ കണ്ട് സംസാരിക്കാൻ പോലും അനുവദിക്കാതെ ദേഷ്യത്തോടെ അവർ പറഞ്ഞു:
“അവളെ മഠത്തിൽ പറഞ്ഞയക്കാൻ ഞങ്ങൾക്ക് താത്പര്യമില്ല.
നല്ല മാർക്കുള്ള കുട്ടിയല്ലെ….
അവൾ പഠിക്കട്ടെ.
മേലിൽ ഇക്കാര്യം പറഞ്ഞ്
ഇവിടെ വരരുത്….”

ജനൽ പാളികളിലൂടെ അവരെ നോക്കി വിതുമ്പുന്ന പെൺകുട്ടിയുടെ മുഖം സിസ്റ്റഴ്സിന്റെ മനസിനെ ഭാരപ്പെടുത്തി.

ഇക്കാര്യം സിസ്റ്റേഴ്സ് എന്നോട് പങ്കുവച്ചപ്പോൾ ഞാനവരെ ആശ്വസിപ്പിച്ചു.
തിരസ്ക്കരണങ്ങളും
അവഗണനകളും ക്രിസ്തു ശിഷ്യ
ഏറ്റെടുക്കണമെന്നും ഈ വേദനകൾ ദൈവത്തിന് സമർപ്പിച്ച് പ്രാർത്ഥിക്കണമെന്നും ഞാനവരോട് പറഞ്ഞു.

നമ്മൾ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന വ്യക്തികളിൽ നിന്നും ഇടങ്ങളിൽ നിന്നും എൽക്കേണ്ടി വരുന്ന അവഹേളനങ്ങൾ നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും.
അപ്പോഴെല്ലാം നമ്മുടെ മനസ് കലുഷിതമാവുകയും ചെയ്യും.
എന്നാൽ പ്രേഷിതവേലയിൽ
ക്രിസ്തു ശിഷ്യർ ഇവയെല്ലാം പ്രതീക്ഷിക്കേണ്ടതാണെന്ന് തന്റെ ശിഷ്യരോട് ക്രിസ്തു പറയുന്നുണ്ട്.

“അവൻ അവരോട് പറഞ്ഞു:
നിങ്ങള്‍ ഏതെങ്കിലും സ്‌ഥലത്ത്‌
ഒരു വീട്ടില്‍ പ്രവേശിച്ചാല്‍, അവിടംവിട്ടു പോകുന്നതുവരെ
ആ വീട്ടില്‍ താമസിക്കുവിന്‍. എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ
നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ്‌താല്‍ അവിടെനിന്നു പുറപ്പെടുമ്പോള്‍ അവര്‍ക്കു സാക്‌ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍”
(മര്‍ക്കോസ്‌ 6 :10-11).

തിരസ്കരണങ്ങൾ മനസിനെ ഭാരപ്പെടുത്താതിരിക്കണമെങ്കിൽ
പാദങ്ങളിൽ പറ്റിയ പൊടി
തട്ടിക്കളയാൻ നമ്മൾ പരിശീലിക്കേണ്ടതുണ്ട്.
എല്ലാവരും നമ്മുടെ വാക്കുകൾ കേൾക്കണമെന്നും നമ്മെ സ്വീകരിക്കണമെന്നും ആഗ്രഹമുണ്ടെങ്കിലും ചില
അവഹേളനങ്ങൾ ദൈവം അനുവദിക്കുന്നുവെങ്കിൽ അവ സന്തോഷത്തോടെ സ്വീകരിച്ച്
വീണ്ടും ദൈവത്തിലേക്ക് മടങ്ങാൻ കഴിഞ്ഞെങ്കിൽ മാത്രമേ ജീവിതം ആനന്ദപ്രദമാകൂ എന്ന യാഥാർത്ഥ്യം
മനസിൽ സൂക്ഷിക്കാം.

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്