സീറോ മലബാർ സഭ എന്നാൽ ‘മലബാറിലെ സുറിയാനി സഭ’ എന്നാണർത്ഥം. മലബാർ എന്നത് ഇന്നത്തെ കേരളത്തിനു ചരിത്രത്തിൽ പറഞ്ഞിരുന്ന പൊതുവായ പേരാണല്ലോ. ചരിത്രപരമായി, കൽദായ പാരമ്പര്യമുള്ള, പൗരസ്ത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്ന ഈ സഭാ സമൂഹം, കത്തോലിക്കാ സഭാ കൂട്ടായ്മയിലെ സ്വയം നിർണ്ണായാവകാശമുള്ള ഒരു സ്വതന്ത്ര വ്യക്തിസഭയാണ്.


അതിന്റെ വ്യക്തിത്വം അതിന്റെ ആരാധനാ ക്രമത്തിൽ അധിഷ്ഠിതവും അതിൽനിന്നു രൂപം കൊള്ളുന്ന അദ്ധ്യാത്മിക ചൈയ്‌തന്യത്തിൽ പ്രകാശിതവും ആരാധനാ ജീവിതത്തിനു ബൌധിക മാനംനൽകുന്ന ദൈവശാസ്ത്രത്തിൽ ആവിഷ്കൃതവും, കാനോനകളാൽ സംരക്ഷിതവുമാണ്. ഇപ്രകാരമുള്ള സുസംഘടിതമായ ഒരു സഭാ സംവിധാനത്തിനു പറയുന്ന പേരാണ് ‘റീത്ത്’ എന്നത്. ‘മലബാർ റീത്ത്’ എന്നതിന്റെ അർത്ഥം അതാണ്.

ആഗോള കത്തോലിക്കാ കൂട്ടായ്മയിൽ 24 റീത്തുകളുണ്ട്. കേരളത്തിൽ മൂന്നു റീത്തുകളാണ് ഉള്ളത്. കേരളത്തിലും ഇന്ത്യയിലാകെയും ഉള്ള കത്തോലിക്കാ സഭയിലെ രൂപതകളും അതിരൂപതകളും മലബാർ, ലത്തീൻ, മലങ്കര എന്നീ മൂന്നു റീത്തുകളിൽ ഒന്നിൽപെട്ടതാണ്. ഇവയിൽ ഒന്നിലോ ഒന്നിൽ കൂടുതൽ റീത്തുകളിലോ പ്രവർത്തിക്കുന്ന സന്യാസ സമൂഹങ്ങളും ഉണ്ട്.
ഓരോ റീത്തും കത്തോലിക്കാ സഭയുടെ ഒരു സവിശേഷത ‘വ്യക്തിത്വം’ പ്രകടിപ്പിക്കുന്നു. അതിനാലാണ് അവയെ ‘വ്യക്തി സഭകൾ’ എന്നു വിളിക്കുന്നത്. സഭകളുടെ വ്യക്തിത്വം അടിസ്ഥാനമിട്ടിരിക്കുന്നത് ഓരോ സഭാ സമൂഹത്തിന്റെയും പൗരണികവും സവിശേഷവുമായ ആരാധനാ രീതിയിലാണ്. അതിൽനിന്നാണ് സവിശേഷ സഭാത്മക വ്യക്തിത്വം രൂപം കൊള്ളുന്നത്. ഈ വ്യക്തിത്വം അതിന്റെ അദ്ധ്യാത്മിക ജീവിതത്തിലും ദൈവശാസ്ത്രത്തിലും, കാനോനിക അച്ചടക്കത്തിലും പ്രതിഫലിക്കും.

എല്ലാ സഭാ സമൂഹങ്ങൾക്കും പൊതുവായും, പ്രത്യേകമായും ഒറ്റ ദൗത്യമേയുള്ളു: സുവിശേഷം ജീവിക്കുകയും, പ്രാഘോഷിക്കുകയും ചെയ്യുക. ഇതിനുള്ള ഊർജം സംഭരിക്കുന്നതാകട്ടെ ആരാധനയിൽനിന്നും!

അപ്പോൾ, ആരാധനയിൽ ഐക്യം ഇല്ലാതായാൽ, സഭാജീവിതമാകുന്ന കൂടാരം മേല്പറഞ്ഞ ഓരോ ഘടകത്തിലും ദുർബലമാവുകയും, തകർന്നു വീഴുകയും ചെയ്യും! സഭയെ തകർക്കാൻ അതിന്റെ ആരാധനാ രീതിയിലുള്ള ഐക്യം തകർത്താൽ മതിയാകും.

ഒരാളുടെ വ്യക്തിത്വം തകർത്ത് അയാളെക്കൊണ്ട് ഉൽകൃഷ്ടമായ കാര്യങ്ങൾ ചെയ്യിക്കാൻ കഴിയാത്തതുപോലെ, സഭയുടെ വ്യക്തിത്വം തകർത്താൽ, അതിന്റെ ദൗത്യം പരാജയപ്പെടുത്താൻ കഴിയും.
ആഗോള സഭാ കൂട്ടായ്മയിൽ മിഷനറി ചൈയ്തന്യംകൊണ്ട് മുന്നിട്ടുനിൽക്കുന്ന സഭയാണ് സീറോ മലബാർ സഭ. ഈ സഭയുടെ ആരാധനാപരമായ വ്യക്തിത്വം ശിഥിലമായാൽ, അതിന്റെ മിഷൻ ചൈയ്തന്യവും, ദൗത്യവും ക്ഷയിക്കാൻ ഇടയാകും. അതു സഭയ്ക്കു മാത്രമല്ല സമൂഹത്തിനും വലിയ നഷ്ടമുണ്ടാക്കും.



സഭയിൽ അനൈക്യം വിതക്കുന്നതാരായാലും, അവർ സഭയുടെ വ്യക്തിത്വവും ദൗത്യവും നശിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ളവരാണ്. അവർ മെത്രാൻമാരായാലും വൈദികരായാലും, അവർ ചെയ്യുന്നത് തിന്മയാണ്. ഭിന്നത വിതയ്ക്കുന്നത് പൈശാചിക പ്രവർത്തനമാണ്. അതിനു തടയിടേണ്ടത് സഭയുടെ നിലനിൽപ്പിനും, ദൗത്യ നിർവഹണത്തിനും അനിവാര്യമാണ്.

പിൻ കുറിപ്പ്: തോട്ടം നശിപ്പിക്കുന്ന മരങ്ങൾ കർഷകൻ മുറിച്ചു മാറ്റുന്നതും കളകൾ പറിച്ചു മാറ്റുന്നതും നല്ല ഫലങ്ങൾ ഉണ്ടാകാനാണ്. അതൊഴിവാക്കിയാൽ, അധ്വാനം വൃദ്ധാവിലാവുകയേ ഉള്ളു.

ഫാ. വർഗീസ് വള്ളിക്കാട്ട്

