നാം ഓരോരുത്തരും ക്രിസ്തുവിന്റെ ആഗമനത്തിനായി വിളിക്കപ്പെട്ടവരാണെന്ന ബോധ്യത്തോടെ സന്തോഷപൂർവം കർത്താവിനായി കാത്തിരിക്കണം. ജീവിതത്തിൽ ദൈവത്തെ പൂർണ്ണ വിശ്വസ്തയോടെയും, പൂർണ്ണ ഹ്യദയത്തോടെയും മുറുകെ പിടിക്കുന്നവരാക്കുക. ജീവിതം എന്നത് ലൗകിക ഉത്കണ്ഠകളിൽ മാത്രം മുഴുകാനുള്ളതല്ല. അലസതയിലേക്കു ജീവിതം നിപതിക്കാതിരിക്കാനും ദുഷ്പ്രവണതകൾക്ക് കീഴടങ്ങാതിരിക്കാനും നമ്മളുടെ ആത്മാവിനെ ശക്തമാക്കണം. ദിനംപ്രതി ദൈവ വചനം ധ്യാനിക്കുകയും, പ്രാർത്ഥനയുടെ ശക്തിയാൽ ജീവിതത്തെ നയിക്കുകയും ചെയ്യുക
ജീവിതത്തിൽ നാം സഹനങ്ങൾ വരുമ്പോൾ ക്രിസ്തു വിശ്വാസത്തിൽ നിന്ന് അകന്നു പോകാറുണ്ട്. എന്നാൽ ജീവിതയാത്രയിൽ സഹന ദുരിതങ്ങളുടെ കാൽവരികയറുമ്പോൾ നീ ക്രിസ്തുവിലേയ്ക്ക് നോക്കുക. അവൻ നിന്നെക്കാൾ നീതിമാനായിരുന്നിട്ടും പീഡനങ്ങൾക്കും സഹനങ്ങൾക്കും കുറവൊന്നുമില്ല. ജീവിത ഗത്സമെനിയിൽ നീ ഒറ്റപ്പെടുമ്പോഴും തെരുവീഥികളിലും സൗഹൃദ കൂട്ടുകളിലും, നീ അപഹാസ്യനാവുമ്പോഴും ക്രിസ്തുവിലേയ്ക്ക് നോക്കുക. അവനാൽ സൗഖ്യപ്പെട്ടവരുടെയും പരിപോഷിക്കപ്പെട്ടവരുടെയും തിരസ്ക്കരണവും ഓശാന പാടിയവരുടെ അധരങ്ങളിൽ നിന്ന് തുപ്പലും അക്ഷേപവും നിശബ്ദനായി ഏറ്റുവാങ്ങിയവനാണ് യേശു. നാം ഓരോരുത്തർക്കും ജീവിത സാഹചര്യങ്ങളിൽ യേശുവിനെ മാത്യയാക്കാം
ജീവിതത്തിൽ നൻമകൾ വരുമ്പോൾ അബ്രാഹത്തെ പോലെയും, ദാവീദിനെ പോലെയും നന്ദി അർപ്പിക്കുക. സഹനങ്ങൾ വരുമ്പോൾ ദൈവതിരുമുമ്പിൽ ജോബിനെപ്പോലെ വിശ്വസ്തയോടെ ദൈവ മുഖത്തേയ്ക്ക് നോക്കുക ജീവിത പരീക്ഷണങ്ങളുടെ മധ്യേയും നിവർന്നുനിന്ന് ശിരസുയർത്തി അവിടുത്തെ വരവേൽക്കാൻ ഒരുങ്ങണം. ജീവിതവ്യഗ്രതയും കഷ്ടപ്പാടുകളും നമ്മെ വലയം ചെയ്യുമ്പോഴും വീണ്ടെടുപ്പിനായുള്ള വിളിയിൽനിന്ന് ശ്രദ്ധ അകലരുത്. ഉറക്കത്തിനു കീഴടങ്ങാതെ എല്ലാ സമയത്തും പ്രാർത്ഥനയോടെ കർത്താവിനെ കാത്തിരിക്കുക. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.