ദൈവമക്കളായ നാം ക്രിസ്തുവിന്റെ പരിമളമാണ്. ക്രിസ്തുവിന്റെ പരിമളമായ നാം ഒരോരുത്തരാടും ഉള്ള ദൈവഹിതം നാം തിരിച്ചറിയണം. ദൈവത്തിനു ഹൃദയത്തിൽ പ്രഥമസ്ഥാനം നൽകാൻ കഴിയാത്ത ഒരാൾക്കും ഈശോയെ അനുഗമിക്കാൻ സാധിക്കുകയില്ല. തങ്ങൾക്കുള്ളവരെയും ഉള്ളവയുമെല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്തുടരുവാനുള്ള വിളി ദൈവമക്കളായ നാം എല്ലാവർക്കുമുണ്ട്. ബന്ധുമിത്രാദികൾക്കൊപ്പം ജീവിക്കുമ്പോഴും സമ്പന്നതയുടെ നടുവിൽ കഴിയുമ്പോഴും എല്ലാം ഹൃദയത്തിൽ ദൈവത്തിനു പ്രഥമസ്ഥാനം നൽകാൻ നമുക്കെല്ലാവർക്കും കഴിയണം.
മറ്റുള്ളവരെ സഹായിക്കുവാനും അവരുടെ വേദനയിൽ ആശ്വാസം പകരുവാനും അവരെ സ്നേഹിക്കുവാനും നമ്മൾക്ക് ആകണം. തനിക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കുക ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. സ്വാർത്ഥതയും നാളയെക്കുറിച്ചുള്ള ആകുലതയും എല്ലാ മനുഷ്യരിലും വേരുപാകിയിരിക്കുന്ന പാപത്തിന്റെ ഒരു അവസ്ഥയാണ്. എന്നാൽ, ആ അവസ്ഥയുമായി മല്ലടിച്ച് മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് തനിക്കുള്ളതെല്ലാം ദാനമായി നമുക്ക് നൽകിയ ദൈവസ്നേഹത്തിന്റെ ആഴം നമുക്ക് വെളിപ്പെട്ടുകിട്ടുന്നതും, നാം കർത്താവിന്റെ പരിമളമായി മാറുന്നതും തങ്ങൾക്കുള്ളവ നഷ്ടപ്പെട്ടേക്കാമെന്നുള്ള ഭയത്താൽ മറ്റുള്ളവരുടെ വേദന കണ്ടില്ലെന്നു നടിക്കുന്ന ഒരു വ്യക്തി തന്റെ ഹൃദയത്തിൽനിന്നും ദൈവത്തെ എടുത്തുമാറ്റുന്നു.
വസ്തുക്കൾ ദൈവത്തിന്റെ ദാനമാണ്; അവ സ്നേഹിക്കാനുള്ളതല്ല, ഉപയോഗിക്കാനുള്ളതാണ്. എന്നാൽ, മനുഷ്യരാകട്ടെ ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നവരാണ്; അവർ ഉപഭോഗവസ്തുക്കളല്ല, സ്നേഹിക്കപ്പെടേണ്ടവരാണ്. സമൂഹത്തിലെ ദുർബലരിലും പീഡയനുഭവിക്കുന്നവരിലും യേശുവിനെ കണ്ടെത്തി, അവർക്ക് സേവനം ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ പരിമളമാകാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.