ലോകമറിയുന്ന ബൈബിൾ പണ്ഡിതനെ കൃപാസനത്തിനായി സ്വർഗം നിയോഗിക്കുമ്പോൾ
പരിശുദ്ധ അമ്മയുടെ ഇടപെടലുകളിൽ ദർശനക്കാരേക്കാൾ ആ വിഷയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മെത്രാന്മാരെ കാണാൻ സാധിക്കും. ഗോഡലുപ്പേ മാതാവിന്റെ ദര്ശനത്തോട് അനുബന്ധിച്ചു തദ്ദേശീയ മെത്രാനോട് ഒരു സാധാരണക്കാരനിലൂടെ നിർദേശങ്ങൾ നൽകുന്ന അമ്മയെ കാണാം. ദർശനം ലഭിക്കുന്നവരേക്കാൾ പ്രധാനം ദർശനം പഠിക്കുന്ന ഈ മെത്രാന്മാരുടെ ആത്മീയ ദർശനം തന്നെയാണ്.
ആലപ്പുഴ മെത്രാനായ അഭിവന്ദ്യ ജെയിംസ് ആനപ്പറമ്പിൽ പിതാവും രൂപതയിലെ എല്ലാ വൈദീകരും ആവേശത്തോടെ ജനലക്ഷങ്ങളോടൊപ്പം തീർത്ഥാടകരായി ഓടി നടക്കുന്ന ജപമാല റാലി ആവേശത്തോടെയാണ് ഭൂഖണ്ഡങ്ങൾക്കിപ്പുറം ഓൺലൈനിലൂടെ ഞാൻ കണ്ടുകൊണ്ടിരുന്നത്. മെത്രാന്മാർ നേതൃത്വം നൽകിയ രണ്ടു ദിവ്യബലി ദൂരെയിരുന്നു പങ്കെടുത്തു.
ജെയിംസ് പിതാവിനെക്കുറിച്ചു വി പി അച്ചൻ നടത്തിയ ചെറിയ പ്രസംഗം ദൈവീക പദ്ധതിയെ വിവരിക്കുന്നതായിരുന്നു. ഒരു ഡിസംബർ ഏഴാം തിയതി മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ വാർഷിക ദിനത്തിൽ അച്ചൻ വേളാങ്കണ്ണിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിതാവിനെ മെത്രാനായി നിയോഗിക്കുന്ന വാർത്ത അച്ചൻ കേൾക്കുന്നതത്രെ. അതെ ദിനം തന്നെ ആ വിവരം അറിയിക്കാൻ സ്വർഗം തിരഞ്ഞെടുത്തതിൽ ദൈവീക പദ്ധതി അച്ചൻ തിരിച്ചറിഞ്ഞു.
ഏഷ്യയിൽ നിന്നും ശ്രദ്ധേയരായ ദൈവ ശാസ്ത്ര പണ്ഡിതരിൽ ഒരാളായ ജെയിംസ് പിതാവിന്റെ ദൈവീക നിയോഗങ്ങളിൽ ഒന്ന് പരിശുദ്ധ അമ്മയിലൂടെ നടത്തുന്ന സ്വർഗ്ഗത്തിന്റെ ഇടപെടൽ തിരിച്ചറിയുക എന്നതായിരുന്നു. പിതാവാണത്രേ ദൈവശാസ്ത്രപരമായി ‘അമ്മ നൽകിയ സന്ദേശത്തിന്റെ പ്രസക്തി സഭയിൽ വിശദീകരിക്കാൻ തയ്യാറായത്. പിതാവിന് ശരിയെന്നു തിരിച്ചറിയാൻ പറ്റിയ ഒരു കാര്യം പ്രസക്തമെന്നു ചിന്തിക്കാൻ മറ്റുള്ളവർക്ക് ഇടവരുത്തി.
ജെയിംസ് പിതാവ് കൃപാസനത്തിൽ നടത്താറുള്ള പ്രസംഗങ്ങൾ ഞാനും വളരെ ശ്രദ്ധയോടെയാണ് ശ്രദ്ധിക്കാറുണ്ടായിരുന്നത്. ഒരിക്കൽ പിതാവ് പ്രസംഗിച്ചത് ദൈവം പ്രവർത്തിക്കുന്ന ഇടങ്ങളെക്കുറിച്ചായിരുന്നു. ഒരു ദൈവ ദൂതൻ പ്രവർത്തിക്കുന്ന ബെത്‌സയ്ദ എന്ന ഇടവുമായി പരിശുദ്ധ അമ്മയുടെ പ്രവർത്തന ഇടമായ കൃപാസനത്തെ അന്ന് പിതാവ് താരതമ്യം ചെയ്തു. എന്നാൽ ഇന്നത്തെ പ്രസംഗം വീണ്ടും വീണ്ടും കേൾക്കാനായി ഞാൻ പ്രത്യേകം കരുതി വക്കാൻ തോന്നും വിധം ഓരോ വാചകങ്ങളിലും ആഴമായ ദൈവീക ദർശനം ഉള്ള ഒന്നായിരുന്നു.
ഇന്നത്തെ പ്രസംഗത്തിൽ നിരവധി ആത്മീയ ദർശനങ്ങൾ പിതാവ് ചർച്ച ചെയ്തു. തീർത്ഥാടനം എന്ന ദൈവീക ആശയത്തിൽ തുടങ്ങി വിവിധ വഴികളിലൂടെ സഞ്ചരിച്ച സന്ദേശത്തിൽ ഒന്ന് ഞാൻ ഈ അടുത്തിടെ ധ്യാനിക്കാൻ സ്വീകരിച്ച വിഷയവുമായി ബന്ധപ്പെട്ടായിരുന്നു. ഇടവേളകൾ കിട്ടുമ്പോഴൊക്കെ ദൈവ വചനവും മറ്റു ഗ്രന്ഥങ്ങളും ഒക്കെ ആ വിഷയം വിവരിക്കുന്നതെങ്ങനെ എന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരിക്കും. എന്നാൽ പിതാവ് ഇന്ന് വളരെ ലളിതമായി ആ വിഷയം പ്രതിപാദിച്ചു. വളരെ ആഴത്തിൽ. ശുഭാപ്തി വിശ്വാസവും പ്രത്യാശയും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നായിരുന്നു അത്. ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ ചിന്തകൾ പങ്കുവെക്കാൻ ദൈവം അനുവദിച്ചാൽ പിതാവിന്റെ വാക്കുകൾ എങ്ങനെ എന്നെ സ്പർശിച്ചു എന്ന് ഞാൻ അന്ന് വ്യക്തമാക്കാം
അർത്തുങ്കൽ വരെ എത്തിയിട്ടും പതിനാറു കിലോമീറ്റർ അകലെ തുടങ്ങിയിടത്തു നിന്നും വീണ്ടും വീണ്ടും ചേർന്നുകൊണ്ടിരുന്ന ജനസാഗരത്തോടൊപ്പം കൃപാസനം ലൈവ് വിഡിയോ കണ്ടു പ്രാർത്ഥിക്കുക. യേശുവിന്റെ ‘അമ്മ ഭാഗ്യവതിയെന്നു സഹസ്രാബ്ദങ്ങൾക്കിപ്പുറവും പ്രകീർത്തിക്കപ്പെടുന്ന, ബൈബിളിലെ ജ്ഞാനികളെപ്പോലെ യേശുവിനെ അമ്മയോട് ചേർന്ന് ആരാധിക്കാൻ തീരുമാനിച്ചു പിന്തുടരുന്ന അനേകായിരങ്ങളോടൊപ്പം പങ്കെടുക്കുക
മരിയൻ സന്ദേശങ്ങൾ എല്ലാം ആവേശത്തോടെ വായിക്കുന്ന എനിക്ക് എല്ലാം ആനന്ദ ദായകമെങ്കിലും സാധാരണക്കാരന്റെ ജീവിതത്തിന്റെ ഗന്ധമുള്ള നമ്മുടെ ജീവിത നിമിഷങ്ങളെ ഊടും പാവുമായി നെയ്തെടുക്കാൻ സഹായിക്കുന്ന ഒരു ആത്മീയത വിവരിക്കുന്ന ഏറ്റവും മനോഹര സന്ദേശമാണ് കൃപാസനത്തിലേതു എന്ന് ഞാൻ പറയും. മാർപ്പാപ്പ ഈ സന്ദേശം അടുത്തറിയുന്ന നാൾ അദ്ദേഹം പറയാൻ പോകുന്ന വാക്കുകൾക്കായി ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ പങ്കെടുക്കുന്ന മഹാറാലിക്കായും.സാർവത്രിക സഭയുടെ അംഗീകാര ദിവസത്തിനായാണ് പ്രാര്ഥനയോടെയുള്ള കാത്തിരിപ്പു.
കൃപാസനം എന്റെ ‘അമ്മ പ്രവർത്തിക്കുന്നിടം.എന്റെ സ്വർഗീയ പിതാവും അവിടുത്തെ ആദ്യജാതനും ആനന്ദത്തോടെ വാഴുന്നിടം. ‘അമ്മ പ്രവർത്തിക്കുന്ന ഇടങ്ങൾ എല്ലാം എനിക്കെന്റെ തറവാട്
സ്നേഹത്തോടെ
ജോസഫ് ദാസൻ