അന്യായ വിധി
ലോകത്തിനു മേൽ ന്യായവിധി നടത്തേണ്ട ദൈവപുത്രനെ ലോകം അന്യായമായി വിധിച്ച ആ രാത്രി അവന് മൂന്നു കോടതി മുറികൾ മാറി മാറി കയറിയിറങ്ങേണ്ടി വരുന്നുണ്ട്. ശിക്ഷാർഹമായി യാതൊന്നും കാണുന്നില്ല എന്ന് വിധിയാളന് തോന്നിയിട്ടും അയാൾ അവനെതിരെ മനസ്സ് കഠിനമാക്കുകയാണ്. സൂര്യാസ്തമയത്തിനും ഉദയത്തിനുമിടയിൽ ആരെയും വിസ്തരിച്ചു കൂടാ എന്ന് യഹൂദ നിയമം അനുശാസിച്ചിട്ടും ഇരുട്ടിന്റെ മറ പറ്റി കോടതികളിലേക്ക് അവൻ വലിച്ചിഴക്കപ്പെട്ടു. ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ, തങ്ങളുടെ കസേരകൾ സുരക്ഷിതമാക്കാൻ, ചിലരെ പ്രീതിപ്പെടുത്തി ഉയർന്ന ഇരിപ്പിടങ്ങൾ സ്വന്തമാക്കാൻ…ഇങ്ങനെ ന്യായാധിപന്മാരൊക്കെ സ്വാർത്ഥ മോഹങ്ങളാൽ വശീകരിക്കപ്പെടുമ്പോൾ നീതിമാന്റെ തോളിൽ കുരിശു ചുമത്തപ്പെടുന്നുണ്ട്; അന്നും ഇന്നും.
രാജ്യദ്രോഹക്കുറ്റമാണ് അവനെതിരെ പീലാത്തോസിന്റെ മുൻപിൽ എതിരാളികൾ ആരോപിക്കുന്നത്. ദേശത്തെ നിയമങ്ങളെ മാനിക്കുന്നില്ല, നികുതി കൊടുക്കുന്നതിനെതിരെ സ്വരമുയർത്തുന്നു, ഭരണം അട്ടിമറിക്കുമെന്ന് അവകാശപ്പെടുന്നു, ദേവാലയം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി മതവികാരം വ്രണപ്പെടുത്തുന്നു തുടങ്ങി കൗടില്യമാർന്ന അനേകം ദുരാരോപണങ്ങൾ നിരത്തപ്പെടുന്നു. ഇന്നും തങ്ങളുടെ സ്‌ഥാപിത താല്പര്യങ്ങൾ സാധൂകരിക്കാൻ ഭരണാധികാരികൾ നീതിപീഠത്തെ മറയാക്കുന്നത് ഇത്തരം വാദങ്ങൾ ഉന്നയിച്ചാണെന്നതാണ് ഖേദകരം. രാജ്യദ്രോഹക്കുറ്റമാണ് അന്നും ഇന്നും ഏതു നീതിമാനെയും വിചാരണ കൂടാതെ തുറുങ്കിൽ അടയ്ക്കാൻ കണ്ടെത്തുന്ന കുറുക്കുവഴി. “രാജ്യത്തിനു വേണ്ടി”എന്ന ന്യായം സ്‌ഥാനത്തും അസ്‌ഥാനത്തും ആരെങ്കിലും ആവർത്തിക്കുന്നത് കേട്ടാൽ തെല്ലു നടുങ്ങാതെ വയ്യ എന്നാണ് എക്കാലത്തെയും മാനവ ചരിത്രം ഓർമ്മപ്പെടുത്തുന്നത്.
നിനക്ക് മറുപടിയൊന്നും പറയാനില്ലേ എന്ന് ന്യായാധിപൻ ചോദിക്കുന്നുണ്ട്. അത്രയെങ്കിലും ചോദിക്കാൻ തയ്യാറായതിന് അയാളെ അഭിനന്ദിക്കാതെ വയ്യ. പറയാനുള്ളത് കേൾക്കാൻ പോലും തയ്യാറാകാതെ കുറ്റം വിധിക്കപ്പെട്ട എത്രയോ പേരുടെ നിശബ്ദ രോദനങ്ങൾക്ക് ജയിലറകൾ സാക്ഷിയാവുന്നുണ്ട്. അവനു പറയാനുള്ള ഉത്തരം കേൾക്കാൻ പ്രപഞ്ചം മുഴുവൻ കാതോർത്തിട്ടുണ്ടാവണം. കാരണം ആ മറുപടിയിലാണ് ഇനി മാനവ ചരിത്രത്തിന്റെ മുന്നോട്ടുള്ള ഭാഗധേയം നിർണ്ണയിക്കപ്പെടാൻ പോകുന്നത്. “ഞാൻ പറഞ്ഞതൊക്കെ പിൻവലിക്കുന്നു. വിട്ടയക്കാൻ ദയവുണ്ടാകണം” എന്നാണ് ഇത്തരം ഒരു വേളയിൽ ജീവനിൽ കൊതിയുള്ള ആരും പറയാൻ സാധ്യത. എന്നാൽ, “അവൻ ഒരാരോപണത്തിനു പോലും മറുപടി പറഞ്ഞില്ല” ( മത്താ. 27: 14) എന്ന് വായിക്കുമ്പോൾ ആരും വിസ്മയിച്ചു പോകും. കാരണം, ഇതളുകൾ പിന്നോട്ടു മറിക്കുമ്പോൾ വാക്കിൽ കുടുക്കാൻ ഉദ്യമിച്ചവർക്ക് അവൻ നൽകിയ കുറിക്കു കൊള്ളുന്ന മറുപടികൾ കേട്ട് പ്രത്യുത്തരമില്ലാതെ എതിരാളികൾ പിൻവാങ്ങുന്ന രംഗങ്ങൾ പലതുണ്ടല്ലോ.
സുന്ദരമായ മറുപടികൾ കൊടുക്കാൻ കഴിവുണ്ടായിരുന്ന ദൈവപുത്രൻ ഏറ്റവും നിർണ്ണായകമായ ചോദ്യത്തിന് മറുപടി നൽകാതെ മൗനം പാലിക്കുന്നതെന്ത്? എല്ലാ ചോദ്യങ്ങളും മറുപടി അർഹിക്കുന്നതല്ല എന്ന് അവനറിയാം. പ്രത്യേകിച്ച്, നീ ആരാണെന്നും എന്താണെന്നും ഉത്തമ ബോധ്യമുള്ള ഒരാൾ മനുഷ്യരുടെ ആരോപണങ്ങൾക്ക് മൗനത്തിലൂടെയാണ് ഏറ്റവും ശ്രേഷ്‌ഠമായ മറുപടി നൽകുക. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകപ്പെടേണ്ടത് ഉന്നതങ്ങളിൽ നിന്നാണ്. അത്തരം സന്ദർഭങ്ങളിൽ ഉത്തരം നൽകാൻ ഇറങ്ങിത്തിരിച്ചാൽ സ്വർഗ്ഗം മൗനം പാലിച്ചെന്നു വരും. മൗനം പാലിക്കുന്നവർക്കു വേണ്ടി വാചാലമാകാനുള്ള ഉത്തരവാദിത്തം സ്വർഗ്ഗം ഏറ്റെടുക്കും. മൂന്നാം നാൾ അവന്റെ കല്ലറ തകർത്തുകൊണ്ട് സ്വർഗ്ഗം മറുപടി നല്കുന്നുണ്ടല്ലോ.
ഇന്നും പല തടവറകളിൽ നിന്നും ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്താനോ തങ്ങളുടെ നില നിൽപ്പ് ഉറപ്പു വരുത്താനോ സ്‌ഥാനമാനങ്ങൾ കാംക്ഷിച്ചോ ഒക്കെ വിധിയാളന്മാർ അന്യായമായി കുറ്റം ചാർത്തി തുറുങ്കിലടച്ച നിഷ്‌കളങ്കരുടെ നെടുവീർപ്പുയരുന്നുണ്ട്. ജഡ്ജി കൈ കഴുകി പിന്മാറുന്നത് മനസ്സിലാക്കാം. എന്നാൽ, ഒരു സമൂഹം മുഴുവൻ കൈ കഴുകി മാറി നിൽക്കുന്നത് നിശ്ചയമായും അപകടസൂചനയാണ്. “ആ നീതിമാനെ ഒന്നും ചെയ്യരുത്” എന്ന് യേശുവിനു വേണ്ടി വാദിക്കാൻ ഒരു സ്ത്രീ തയാറായല്ലോ. എന്നാൽ, “അവനെ ക്രൂശിക്കുക”എന്ന ആൾക്കൂട്ടത്തിന്റെ ആരവത്തിനു മുൻപിൽ അവളുടെ നേർത്ത സ്വരം അലിഞ്ഞു പോകുന്നു. സത്യത്തിന്റെ പക്ഷം ചേരുന്നതിലുപരി ആൾക്കൂട്ടത്തിന്റെ മതിപ്പു നേടാനായിരുന്നു അവളുടെ ഭർത്താവിനിഷ്ടം. നീതിമാനുവേണ്ടി അവിടെയും ഇവിടെയും ഉയരുന്ന ഒറ്റപ്പെട്ട സ്വരങ്ങൾ ആരും ഗൗനിക്കാത്തത് ഇന്നും തുടർക്കഥയാകുന്നുണ്ട്.
തെറ്റ് ചെയ്യാതെ കുറ്റക്കാരനായി വിധിക്കപ്പെടുന്നതാണ് ഒരാൾക്ക് ജീവിതത്തിൽ കടന്നു പോകേണ്ടി വരുന്ന ഏറ്റവും വലിയ സഹനം. നിസ്സാരമായ കാര്യത്തിനെങ്കിലും കുറ്റക്കാരനെന്ന മട്ടിൽ ആരുടെയെങ്കിലും തുറിച്ചു നോട്ടം എന്നെങ്കിലും നേരിടേണ്ടി വന്നിട്ടുള്ളവർക്കറിയാം ആ വേദനയുടെ ആഴം. ചെയ്യാത്ത തെറ്റിന് വിധിക്കപ്പെടുന്ന ആൾക്കുണ്ടാവുന്ന ഏറ്റവും വലിയ പ്രലോഭനം തന്റെ നിരപരാധിത്വം തെളിയിക്കാനായിരിക്കും. തന്റെ സൽപ്പേരിലുപരി മറ്റെന്താണ് ഒരാൾ ഏറ്റവും മാനിക്കുന്നതായുള്ളത്? എന്നിട്ടും, മറു വാദങ്ങൾ ഒന്നും ഉന്നയിക്കാതെ, ആരെയും തന്റെ നിഷ്കളങ്കത ബോധ്യപ്പെടുത്താൻ ഉദ്യമിക്കാതെ ചിലരൊക്കെ മൗനം പാലിക്കുന്നത് വെറുതെയാണെന്ന് തോന്നുന്നില്ല. പീലാത്തോസിന്റെ അന്യായ വിധിക്കുമുൻപിൽ മൗനം മറുപടിയാക്കി കുരിശേന്താൻ ചുമലു താഴ്ത്തിക്കൊടുത്ത മനുഷ്യപുത്രനെ ജീവിതത്തിൽ എന്നെങ്കിലുമൊരിക്കൽ അവർ അടുത്തറിഞ്ഞതുകൊണ്ടാവണം. ദൈവമേ, സ്വർഗ്ഗത്തിന്റെ മറുപടിക്ക് കാതോർത്ത് ഇരുളിൽ കഴിയുന്ന ആർക്കും പ്രതീക്ഷയുടെ തിരിനാളം ഒരിക്കലും അണയാതിരിക്കട്ടെ .
ഫാ.ജോസഫ് കുമ്പുക്കൽ
( സാബു തോമസ്)
SH College Thevara)
achansabu@gmail.com