‘പന്ത്രണ്ട്’ വെറുമൊരു ചലച്ചിത്രമല്ല; സുവിശേഷം മണക്കുന്ന ഒരു ഉപമയാണ്. കണ്ണുതുറന്നു കണ്ട്, കാതു കൂർപ്പിച്ചു കേട്ട്, ബുദ്ധിയാലറിഞ്ഞ്, ഹൃദയത്തിൽ വിസ്മയിച്ചു പുളകമണിയേണ്ട ഒരു theatrical parable.

ബൈബിൾ വായിക്കുന്നവർക്കറിയാം – രണ്ടായിരത്തിലധികം വർഷങ്ങൾക്കു മുമ്പ് യേശു എന്നു പേരുള്ള നസ്രായനായ ഒരു ചെറുപ്പക്കാരൻ പലസ്തീനായുടെ തെരുവീഥികളുടെ ആവേശവും അലോസരവുമായത് ഇത്തരം ഉപമകളുടെ ഉച്ചഭാഷണത്തിലൂടെയാണ്. പറഞ്ഞു തുടങ്ങുമ്പോൾ അതു കടുകുമണിയുടെ കഥയായിരുന്നു. പറഞ്ഞെത്തുമ്പോൾ അത് ദൈവരാജ്യത്തിന്റെ സുവിശേഷമായി മാറും. ‘പന്ത്രണ്ടും’ അങ്ങനെയാണ്. സ്ക്രീനിൽ വെളിച്ചം വീഴുമ്പോൾ അത് അന്ത്രോയുടേയും പത്രോയുടേയും കൂട്ടുകാരുടേയും കയ്പുള്ള കഥയാണ്. എന്നാൽ തിരശ്ശീല വിട്ടിറങ്ങുമ്പോൾ അത് ജീവിതത്തിൽ ഗർഭം ധരിക്കേണ്ട സുവിശേഷമായി മാറുന്നു. അതിനൊരു മധുരമുണ്ട്. അതു രുചിക്കുമ്പോൾ കാഴ്ചക്കാരന്റെ മുഖത്തു വിടരുന്ന പുഞ്ചിരിയാണ് ഈ സിനിമയ്ക്കുള്ള കയ്യടി.

ഉള്ളിലൊളിഞ്ഞിരിക്കുന്ന അതിതീവ്രമായ ഒരു വെളിച്ചത്തെ അടരുകളിലൂടെ മെല്ലെ മെല്ലെ മാത്രം കടത്തിവിട്ട് മനുഷ്യ ഹൃദയത്തിന്റെ സംവേദനക്ഷമതയ്ക്കു പാകമാക്കുന്ന ഒരു മാജിക്കുണ്ട് കലാകാരൻമാരുടെ കയ്യിൽ. കരവിരുതും കയ്യടക്കവുമുള്ള പ്രതിഭകൾക്കു മാത്രം വഴങ്ങുന്ന ഒരു സിദ്ധിയാണത്. രണ്ടര മണിക്കൂർ പറഞ്ഞു വയ്ക്കുന്ന കഥയിൽ ഒരു പള്ളിയില്ല, പട്ടക്കാരനില്ല. ബൈബിളോ കുർബാനയോ കൊന്തയോ ഇല്ല. പറഞ്ഞു വയ്ക്കുന്ന ആശയത്തെ മറനീക്കി നേരിട്ടു വെളിപ്പെടുത്തുന്ന മതപരമായ ബിംബങ്ങളൊന്നുമില്ല. പക്ഷെ എന്നിട്ടും കഥയവസാനിക്കുമ്പോൾ ക്രിസ്തു ബാക്കിയാവുന്നുണ്ട്. അതാണു കല! എഴുതി നിർത്തുമ്പോൾ, പറഞ്ഞവസാനിപ്പിക്കുമ്പോൾ അതിന്റെ സത്തയിൽതന്നെ ആസ്വാദകരെ നിലനിർത്തുന്ന കഥാവിരുത്! അത് ‘പന്ത്രണ്ടി’ലുണ്ട്!

ജീവിച്ചു തീരുമ്പോൾ ക്രിസ്തുവിനെ മാത്രം അവശേഷിപ്പിക്കുന്നതിനേക്കാൾ വലിയ സുവിശേഷമെന്തുണ്ട്!

ഏറ്റവും കടുപ്പമുള്ള പാറയെയും പിളർക്കുന്ന ജലപാതത്തെ കണ്ടിട്ടില്ല. ജലം അതിന്റെ കടുപ്പം കൊണ്ടല്ല, നൈരന്തര്യം കൊണ്ടാണ് അതു സാധ്യമാക്കുന്നത്. പത്രോയും അന്ത്രോയും കൂട്ടരും പച്ചയായ മനുഷ്യരാണ്, പരുക്കൻ സ്വഭാവക്കാരാണ്. കടിഞ്ഞാണില്ലാത്ത കാട്ടുകുതിരകളാണ്. കുത്തൊഴുക്കിൽ ഒരു മാറ്റത്തിന്റെ സാധ്യത അനതിവിദൂരവുമാണ്. പക്ഷെ വിദൂരമെന്നാൽ അസാധ്യമെന്നല്ലല്ലോ അർത്ഥം! തിരിഞ്ഞു നടക്കാൻ കൂട്ടത്തിലൊരാൾ തീരുമാനിക്കുന്നിടത്ത് കഥ തീവ്രമാകുന്നു.

തിരികെ നടക്കാൻ തീരുമാനിക്കുന്നവൻ ഒരിക്കലും ഭയപ്പെടരുത്! ആഞ്ഞടിക്കുന്ന കാറ്റിനെയും അലറിയടുക്കുന്ന തിരകളെയും അയാൾക്കു ഭേദിക്കണം. സീൽക്കാരമുതിർക്കുന്ന കത്തിമുനകൾക്കിടയിലൂടെ അയാൾക്കു നടക്കണം. ആ ഘർഷണത്തിൽ അയാൾ തന്നെ അവസാനിച്ചു പോയേക്കാം. പക്ഷെ മുന്നോട്ടു തന്നെ പോകണമെന്നുള്ള അയാളുടെ ഉറപ്പുള്ള തീരുമാനത്തിന്റെ നൈരന്തര്യത്തിൽ ചുറ്റുമുള്ളവരുടെ കഠിനഹൃദയങ്ങൾക്കും ഒടുവിൽ പിളരാതെ വയ്യ. അപ്പോൾ അവരുടെ മേശ, ഒറ്റുകാരനു പോലും അന്നം വിളമ്പാൻ തക്കവണ്ണം കരുണയുള്ള സെഹിയോനിലെ അത്താഴ മേശയുടെ ഛായയും സാദൃശ്യവുമണിയും. അവർക്കിടയിലിരുന്ന് ക്രിസ്തു പുഞ്ചിരിക്കും.

‘പന്ത്രണ്ട്’ ഒരു ഉപമയാണ്. കടലും കരയും മനുഷ്യരും കഥാപാത്രങ്ങളായി വരുന്ന ഒരു പുതിയകാല കഥയുടെ സംഗീതസാന്ദ്രമായ സുവിശേഷ വായന! കണ്ടുതന്നെ അറിയണം അതിന്റെ ഭംഗി!

പ്രിയപ്പെട്ട ലിയോ തദേവൂസ്, നിങ്ങൾക്കും കൂട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ!

ഷീൻ പാലക്കുഴി

 

നിങ്ങൾ വിട്ടുപോയത്