സർവ്വശക്തനായ കർത്താവിൽ വിശ്വസിക്കുക. ഏത് പ്രതിസന്ധിയിലും ഏത് ആവശ്യത്തിലും നമ്മെ സഹായിക്കാൻ യേശുവിന് കഴിയും. പച്ചവെള്ളത്തെ വീഞ്ഞാക്കിമാറ്റാനും, അഞ്ച് അപ്പംകൊണ്ട് ആയിരക്കണക്കിന് ആളുകളെ തീറ്റി തൃപ്തരാക്കാനും അനേകം രോഗികളെ സുഖപ്പെടുത്തുവാനും അനേകരിൽ നിന്ന് പിശാചുക്കളെ പുറത്താക്കുവാനും മരിച്ചവരെ ഉയിർപ്പിക്കുവാനും ‘അടങ്ങുക, ശാന്തമാവുക’ എന്നുപറഞ്ഞ് കൊടുങ്കാറ്റിനെയും, തിരമാലകളെയും മരണഭയത്താൽ നിറഞ്ഞ ശിഷ്യന്മാരുടെ മനസിനെ ശാന്തമാക്കുവാനും പാപമോചനവും മനസമാധാനവും എല്ലാം നൽകാനും കഴിഞ്ഞ യേശു നമുക്ക് സമീപസ്ഥനാണ്; അല്ല നമ്മിൽ ത്തന്നെ വസിക്കുന്നുണ്ട്.
നമ്മുടെ ഏത് ആവശ്യത്തിലും നമുക്ക് അവിടുത്തെ വിളിച്ച് അപേക്ഷിക്കാം. അവിടുന്ന് മറുപടി തരും. ജെറമിയാ 33:3 ൽ പറയുന്നു”എന്നെ വിളിക്കുക ഞാൻ മറുപടി തരും” എന്നത് നിത്യം നിലനിൽക്കുന്ന ദൈവത്തിന്റെ വാഗ്ദാനമാണ്. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല” (യോഹ.14/18) എന്നാണ് യേശു നമ്മോട് വാഗ്ദാനം ചെയ്തിട്ടുള്ളത്. നമ്മെ സ്‌നേഹിക്കുകയും, കരുതുകയും ചെയ്യുന്ന ദൈവമാണ് നമ്മുടേത്. കർത്താവിനെ നോക്കാതെ, കർത്താവിൽ നിന്ന് ഓടിയൊളിക്കുന്നവനെ മരണമാണ് കാത്തിരിക്കുന്നത്.
കർത്താവിനെ ധിക്കരിച്ച് ഒളിച്ചോടിയ യോനാ പ്രവാചകൻ മൂന്ന് രാത്രിയും മൂന്ന് പകലും മത്സ്യത്തിന്റെ ഉദരത്തിൽ കഴിയേണ്ടിവന്നു (യോനാ.1/17). ആ രാപകലുകളിൽ അദ്ദേഹത്തിന് എന്താണ് പ്രതീക്ഷിക്കാനുള്ളത്? ഒന്നുമില്ല. ഇനി മരണം മാത്രം. അത് എപ്പോൾ? മരിച്ചാലും, ദൈവത്തിൽ നിന്ന് ഒളിച്ചോടിയ ഞാൻ ചെന്നെത്തുക ഈ ദൈവത്തിന്റെ മുമ്പിലല്ലേ? എങ്ങനെ ഈ ദൈവത്തെ ഞാൻ അഭിമുഖീകരിക്കും? ഭയപ്പെടുത്തുന്ന അനേക ചിന്തകൾ യോനാ പ്രവാചകനെ അസ്വസ്ഥനാക്കി.ദൈവത്തിൽ നിന്ന് ഓടിയൊളിച്ചപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായത് ശൂന്യതയുടെയും, ഭീതിയുടെയും മണിക്കൂറുകൾ ആയിരുന്നു. നാം ഓരോരുത്തർക്കും ജീവിതത്തിന്റെ ഏതവസ്ഥയിലും, കർത്താവിൽ നിന്ന് ഓടിയൊളിക്കാതെ, പൂർണ്ണ ഹൃദയത്തോടെ കർത്താവിലേയ്ക്ക് കണ്ണുകൾ ഉയർത്താം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ