“അനക്ക് മരിക്കണ്ടേ പെണ്ണേ?”

മനുഷ്യനെ മയക്കുന്നതിനു മതം ഉയോഗിക്കുന്ന മയക്കുമരുന്നാണ് “നരകഭയം”. മനുഷ്യരിൽ നരകഭയം സൃഷ്ടിച്ച് ഭയപ്പെടുത്തി അവരെ തങ്ങളുടെ മതവിശ്വാസത്തിൻ്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട് “അനക്ക് മരിക്കണ്ടേ” അഫ്ഘാന്‍ ജയിലില്‍ അകപ്പെട്ടുപോയ സോണിയാ, മെറിന്‍, നിമിഷ എന്നിവര്‍ എത്രയോ തവണ ”അനക്ക് മരിക്കണ്ടേ പെണ്ണേ ?” എന്ന ഈ ചോദ്യത്തേ നേരിട്ടുകാണും! സ്വര്‍ഗ്ഗം നഷ്ടപ്പെടുമോ എന്നുള്ള ഭയം, നരകത്തില്‍ നിത്യകാലം തീപ്പന്തമായി എരിഞ്ഞുകത്തേണ്ടി വരുമല്ലോ എന്ന ഭയം… മതങ്ങളുടെ ചതിക്കുഴികളില്‍ വീണ് ജീവിതം കളഞ്ഞവര്‍ എത്രയോ പേര്‍! മരണഭയം ഗ്രസിച്ചാല്‍ പിന്നെ അതില്‍നിന്ന് രക്ഷപ്പെടാന്‍ മനുഷ്യന്‍ എന്തിനും തയാറാകും. മതംമാറ്റവും മതതീവ്രവാദവും ഇതരമതസ്ഥരെ കൊലവിളിക്കുന്നതുമെല്ലാം മരണഭയത്തിന്‍റെ ഉപോത്പന്നങ്ങളാണ്.

പിശാച് മനുഷ്യന്‍റെ മുന്നില്‍ അലറുന്ന സിംഹമായി വരുമെന്ന് പത്രോസ് അപ്പൊസ്തൊലന്‍ പറയുന്നുണ്ട് (1 പത്രോസ് 5:8) മതം മാറ്റത്തിന് വാളും പീഢനങ്ങളും കൊലപാതകവും പ്രയോഗിക്കുന്നവര്‍ “അലറുന്ന സിംഹത്തെ”പ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഈ മാര്‍ഗ്ഗം വിജയിക്കില്ല എന്നു കാണുന്നിടത്ത് “സര്‍പ്പം ഹവ്വായെ ഉപായത്തില്‍ ചതിച്ചതുപോലെ” മനുഷ്യനെ കൗശലത്തില്‍ കീഴ്പ്പെടുത്തുന്ന സാത്താന്‍റെ തന്ത്രങ്ങളെക്കുറിച്ച് പൗലോസ് മുന്നറിയിപ്പ് നല്‍കുന്നു (2 കൊരി 11:3). നരകഭയം സൃഷ്ടിച്ച് മനുഷ്യനെ വരുതിയിലാക്കുന്ന മതത്തിന്‍റെ വഞ്ചനയാണ് ഇക്കാലത്ത് ഏറെ വിജയിച്ചിരിക്കുന്നത്.

മരണഭയം ഒരു വേട്ടനായയെപ്പോലെ പിന്തുടരുമ്പോള്‍ മതശാസനങ്ങളിലെ പ്രാകൃതചിന്തകള്‍ പോലും ഉള്‍ക്കൊള്ളുവാനും അനുസരിക്കുവാനും മനുഷ്യന്‍ തയാറാകും. കൊന്നും കൊലവിളിച്ചും ജീവിച്ച് ഒടുവില്‍ പൊട്ടിത്തെറിച്ചു കഴിയുമ്പോള്‍ ചെന്നെത്തുന്ന മോഹനസ്വര്‍ഗ്ഗവും അവിടുത്തെ സുഖസൗകര്യങ്ങളുമെല്ലാം നരകഭയം എന്ന മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ മാനസികവിഭ്രാന്തിയുടെ ഫലമായുണ്ടാകുന്ന മായക്കാഴ്ചകള്‍ മാത്രമാണ്. ഭൂമിയില്‍ കടുത്ത പരീക്ഷണങ്ങളെ നേരിട്ട് പരവശനായി മരിക്കുകയും മരണാനന്തര ന്യായവിധിയെന്ന അന്തിമനൂല്‍പ്പാലവും കടന്ന് അഭയാര്‍ത്ഥിയെപ്പോലെ എത്തിച്ചേരുന്ന ഇടമാണ് മതങ്ങളുടെ ഭാവനയിലുള്ള സ്വര്‍ഗ്ഗസങ്കല്‍പ്പം!

നരകഭയം എന്ന ചതുപ്പില്‍ അകപ്പെട്ട മനുഷ്യവംശത്തിനു നല്‍കപ്പെട്ട നിത്യരക്ഷയുടെ ദൂതാണ് യേശുക്രിസ്തുവിന്‍റെ സുവിശേഷം. മരണഭയത്തിനുമേല്‍ ജയക്കൊടി നാട്ടിയ ജീവിതവും ദര്‍ശനവുമായിരുന്നു യേശുക്രിസ്തു ലോകത്തിന് നല്‍കിയ സദ്വാര്‍ത്ത. “മരണത്തിനുമേല്‍ അധികാരമുള്ള പിശാചിനെ തന്‍െറ മരണത്താല്‍ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുവാന്‍” (ഹെബ്രാ. 2:8) വേണ്ടിയായിരുന്നു ദൈവം മനുഷ്യനായി ജനിച്ചത്. അതിനാല്‍ ക്രിസ്തുവചനങ്ങള്‍ എല്ലാം ജീവന്‍റെ പ്രഘോഷണങ്ങളായിരുന്നു. തന്നില്‍ വിശ്വസിക്കുന്ന മനുഷ്യനു “ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ് ” (യോഹ 10:10) താന്‍ വന്നിരിക്കുന്നത് എന്ന വചനം ജനകോടികളുടെ നരകഭയത്തെ അകറ്റി. ജീവന്‍റെ സമൃദ്ധയില്‍ മരണം ഒരു ഭീഷണിയേ അല്ല.

വിശുദ്ധ ബൈബിളില്‍ 455 തവണ ജീവനെ സംബന്ധിച്ച വചനങ്ങള്‍ കാണാം. ഇതില്‍ 127 പ്രാവശ്യവും “ജീവന്‍” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് പുതിയ നിയമത്തിലാണ്. യേശുക്രിസ്തുവിന്‍റെ പ്രസംഗങ്ങളിലും പഠിപ്പിക്കലുകളിലുമാണ് ജീവനക്കുറിച്ച് ഏറെ പ്രതിപാദിച്ചിരിക്കുന്നത്. താന്‍ ജീവനാണെന്നും ജീവന്‍റെ അപ്പമാണെന്നും തന്‍റെ മൊഴികളില്‍ ജീവന്‍ നിറഞ്ഞിരിക്കുന്നുവെന്നും ക്രിസ്തു പഠിപ്പിച്ചു. സുവിശേഷങ്ങള്‍ എഴുതിയതിന്‍റെ ആത്യന്തിക ലക്ഷ്യം യോഹന്നാന്‍ പറയുന്നത് കാണുക “ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്‍െറ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്” (20:31)

നരകവും നിത്യദണ്ഡനസ്ഥലവുമെല്ലാം ബൈബിളിലും ക്രിസ്തുവിന്‍റെ പഠിപ്പിക്കലുകളിലും കാണാം. എന്നാല്‍ ഇതരമതങ്ങളുടെ നരകചിന്തകളും ബൈബിളിന്‍റെ പഠിപ്പിക്കലുകളും പരിശോധിച്ചാല്‍ അവയില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട് എന്നു മനസ്സിലാകും. “പിശാചിനും അവന്‍െറ ദൂതന്‍മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്നതാണ് നിത്യാഗ്നി” എന്നാണ് നരകത്തെ സംബന്ധിച്ച് യേശുക്രിസ്തു പഠിപ്പിച്ചത് (മത്തായി 25). മനുഷ്യനുവേണ്ടി ദൈവം നരകം സൃഷ്ടിച്ചിട്ടില്ല. കത്തോലിക്കാ സഭയുടെ നിത്യദണ്ഡനത്തെക്കുറിച്ചുള്ള പഠിപ്പിക്കലുകള്‍ ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. “നരകത്തില്‍ പോകുവാന്‍ ദൈവം ആരേയും മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല. കാരണം അതിന് ദൈവത്തില്‍നിന്നു ഒരുവന്‍ മനഃപൂര്‍വ്വമായി പിന്തിരിയുകയും അവസാനംവരെ അതില്‍ ഉറച്ചുനില്‍ക്കുകയും ആവശ്യമാണ്. ആരും നശിക്കാതിരിക്കാനും എല്ലാവരും പശ്ചാത്താപത്തിലേക്ക് വരുവാനും ആഗ്രഹിക്കുന്ന ദൈവത്തിന്‍റെ കാരുണ്യത്തിനായി സഭ കുര്‍ബാനയിലും തന്‍റെ വിശ്വസികളുടെ അനുദിന പ്രാര്‍ത്ഥനകളിലും അപേക്ഷിക്കുന്നു” (സിസിസി 1037). നരകത്തിലെ പ്രധാനശിക്ഷ ദൈവത്തില്‍നിന്നുള്ള എന്നെന്നേക്കുമായുള്ള വേര്‍പ്പാടാണെന്ന് സഭ പ്രത്യേകം പഠിപ്പിക്കുന്നു (സിസിസി 1035).

സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ദൈവവചനത്തിൻ്റെ പഠിപ്പിക്കലുകൾ മതങ്ങളുടെ സങ്കൽപങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി സജ്ജമാക്കിയിരിക്കുന്ന സ്വർഗ്ഗം കണ്ണുകള്‍ ഇതുവരെ കണ്ടിട്ടില്ലാത്തതും ചെവികള്‍ ഇതുവരെ കേട്ടിട്ടില്ലാത്തതും മനുഷ്യഹൃദയം ഇതുവരെ ഗ്രഹിച്ചിട്ടില്ലാത്തതുമായ അവസ്ഥയാണ്. നിത്യജീവന്‍, നിത്യസമാധാനം, നിത്യപ്രകാശം എന്നിങ്ങനെ നിത്യതയുടെ ഗുണവിശേഷണങ്ങളാല്‍ പരിലസിക്കുന്ന ആത്മീയാവസ്ഥയാണ് ക്രൈസ്തവ വിശ്വാസബോധ്യങ്ങളിലെ സ്വര്‍ഗ്ഗം. മനുഷ്യമനസ്സിന് കൂടുതല്‍ വ്യക്തത ഉണ്ടാകുവാന്‍ അവാച്യമായ ഈ സ്വര്‍ഗ്ഗീയാവസ്ഥയെ വിവാഹാഘോഷമായും പിതാവിന്‍റെ ഭവനമായും സ്വര്‍ഗ്ഗീയജെറുസലേമായും പറുദീസയായും ബൈബിള്‍ വിശദീകരിക്കുന്നു. സ്വര്‍ഗ്ഗ, നരക അവസ്ഥകളെക്കുറിച്ച് യുക്തിഭദ്രമായ പ്രബോധനമാണ് ക്രൈസ്തവസഭയ്ക്കുള്ളത്. എന്നാല്‍ ലോകമതങ്ങള്‍ പഠിപ്പിക്കുന്ന സ്വര്‍ഗ്ഗം വെറും മാനുഷിക ഭാവനകള്‍ മാത്രമാണ്.

ഇതരമതസ്ഥനെ പ്രണയിച്ച് അവനോടുകൂടെ ഇറങ്ങിത്തിരിക്കുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ വാസ്തവമായി ക്രിസ്തുവിന്‍റെ ജീവനില്‍നിന്നാണ് അകന്നുപോകുന്നത്. ലൗജീഹാദ് ഒരു സാമൂഹിക പ്രശ്നമായി അനേകരും മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ, വാസ്തവമായി ഇതൊരു ആത്മീയവിഷയമാണ്. നിത്യജീവന്‍റെ സമൃദ്ധിയുടെ മഹത്വം തിരിച്ചറിയാതെ മരണഭയത്തിലേക്ക് തന്നെ വിട്ടുകൊടുക്കുന്ന ആത്മീയ ദുരന്തമാണ് പ്രണയത്തിനുവേണ്ടി ക്രിസ്തുവിനെ ഉപേക്ഷിക്കുമ്പോള്‍ സംഭവിക്കുന്നത്. പ്രണയം നടിച്ച് തന്നെ തട്ടിയെടുക്കാന്‍ വരുന്ന പൂവാലന്മാരേക്കാള്‍ അധികമായി ജീവന്‍റെ ഉറവിടമായ യേശുക്രിസ്തുവിനെ സ്നേഹിക്കാന്‍ യുവതലമുറയെ പഠിപ്പിക്കുക എന്നതാണ് ലൗജീഹാദ് പോലുള്ള കെണിയില്‍നിന്ന് നമ്മുടെ കുട്ടികള്‍ രക്ഷപ്പെടാനുള്ള ശാശ്വതമായ മാര്‍ഗ്ഗം.

ക്രിസ്തുവിനു വേണ്ടി സകലതും നഷ്ടമാക്കുവാന്‍ മടിയില്ലാതെ ഒരു വലിയ സംഘം മനുഷ്യര്‍ നമുക്ക് മുന്നോടികളായി ഈ ഭൂമുഖത്ത് ജീവിച്ചു കടന്നുപോയി എന്ന യാഥാര്‍ത്ഥ്യം നമ്മുടെ യുവതി യുവാക്കളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. സാക്ഷികളുടെ വലിയൊരു സമൂഹം ചുറ്റിലും നില്‍ക്കുന്നതും നിത്യജീവൻ്റെ വശത്ത് നിലകൊള്ളുന്നതുമായ ക്രിസ്തുവിശ്വാസത്തിന്‍റെ ഭാഗമായതില്‍ അഭിമാനിക്കാന്‍ കഴിയുന്ന യുവത്വമാണ് ഇന്നിന്‍റെ ആവശ്യം. “എനിക്കു ലാഭമായിരുന്നവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി. ഇവ മാത്രമല്ല, എന്‍െറ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ് “. ഇപ്രകാരം എഴുതുകയും അപ്രകാരം തന്നെ ജീവിച്ച് മാതൃക കാണിക്കുകയും ചെയ്ത സെന്‍റ് പോളിനെ നമ്മുടെ യുവജനങ്ങള്‍ അടുത്തറിയണം. “ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിന്” എന്ന് പൗലോസ് എഴുതിയപ്പോള്‍, തന്‍റെ നേട്ടങ്ങളുടെ പട്ടികയില്‍ ക്രിസ്തുവിലെ നേട്ടങ്ങള്‍ മാത്രമായിരുന്നു അദ്ദേഹം കണ്ടത്. നരജന്മത്തിന് അസ്തിത്വം നല്‍കുന്നത് ക്രിസ്തുവാണെന്ന് തിരിച്ചറിഞ്ഞതിന്‍റെ വെളിച്ചത്തില്‍ സെന്‍റ് പോളിന് ക്രിസ്തുതന്നെ ആയിരുന്നു ജീവിതം. ഉറങ്ങുന്നതും ഉണരുന്നതും ക്രിസ്തുവില്‍, ക്രിസ്തുവില്‍ ജീവിക്കുകയും ക്രിസ്തുവില്‍ മറയുകയും ചെയ്യുന്ന ജീവിതം -ഇതായിരുന്നു വിശുദ്ധന്മാരുടെ ക്രിസ്തുബോധ്യം.

ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് തന്നെ വേര്‍പിരിക്കുന്നതിന് ആര്‍ക്കു കഴിയും എന്നൊരു വെല്ലുവിളിയായിരുന്നു പൗലോസിന്‍റെ ക്രിസ്തുജീവിതം. ഉയരത്തിനോ താഴ്ചകള്‍ക്കോ ജീവനോ മരണത്തിനോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ മറ്റ് യാതൊരു സൃഷ്ടിക്കോ… അദ്ദേഹം വെല്ലുവിളി ഉയര്‍ത്തുന്നു!

2012ല്‍ ഇറാനില്‍ നടന്ന ഒരു സംഭവം വായിച്ചത് ഓര്‍മ്മ വരുന്നു. ഒരു ക്രിസ്തുവിശ്വാസിയായ പെണ്‍കുട്ടി, അവള്‍ ക്രിസ്തുവിനെ പ്രണയിച്ചു ജീവിച്ചവളായിരുന്നു. അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി ഒരു യുവാവ്, താനും ഒരു ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് പ്രണയിച്ചു. വിവാഹത്തിനുശേഷമാണ് അവന്‍ തന്‍റെ യഥാര്‍ത്ഥ വിശ്വാസം വെളിപ്പെടുത്തിയത്. താന്‍ ക്രിസ്തുഭക്തയാണെന്നും ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ കഴിയില്ല എന്നും ശഠിച്ച അവളെ അവന്‍ ഉപദ്രവിച്ചു, വേദനിപ്പിച്ചു. അവള്‍ ആകെ തളര്‍ന്നുപോയി. ഇതിനോടകം ഗര്‍ഭിണിയായ അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അവള്‍ മനസ്സു മറുന്നില്ല എന്ന് കണ്ട് കുട്ടിയെ അവന്‍ തട്ടിയെടുത്തു കടന്നു. ഇടയ്ക്ക് ഫോണ്‍ വിളിച്ച്, ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചാല്‍ കുഞ്ഞിനേ തരാം എന്നു പറഞ്ഞ് അവളെ കൂടുതല്‍ മാനസികമായി പീഢിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവളുടെ മാതാപിതാക്കള്‍ കേസുകൊടുത്തു. ഇറാനിലെ നിയമപ്രകാരം ഒമ്പതു വയസുവരെ കുഞ്ഞുങ്ങള്‍ മാതാവിന്‍റെ കൂടെ കഴിയണം. കേസ് കോടതിയില്‍ വന്ന ദിവസം ജഡ്ജി അവളെ മാറ്റി നിര്‍ത്തി പറഞ്ഞു “ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചാല്‍ കുഞ്ഞിനെ നിന്‍റെ കൂടെ വിടാന്‍ ഞാന്‍ കല്‍പ്പിക്കാം”. അവള്‍ ആകെ തകര്‍ന്നുപോയി. ഇനി അവള്‍ പറഞ്ഞത് കേള്‍ക്കുക “കോടതി മുറിയിലെ രണ്ട് കസേരകളില്‍ ഒന്നില്‍ തന്‍റെ മകള്‍ ഇരിക്കുന്നു, തൊട്ടടുത്ത കസേരയില്‍ അദൃശ്യനായി യേശുക്രിസ്തു ഇരിക്കുന്നു. ഇതില്‍ ആരേ തെരഞ്ഞെടുക്കും എന്നൊരു ചോദ്യം മനസ്സില്‍ ഉയര്‍ന്നു. യേശുവിനെ തെരഞ്ഞെടുക്കണമോ അതോ മുന്നു വയസായ തന്‍റെ മകളെ തെരഞ്ഞെടുക്കുമോ?” ഒടുവില്‍ അവള്‍ തീരുമാനിച്ചുറച്ചു, അവിടെ അദൃശ്യനായി ഇരിക്കുന്ന യേശുവിനെ തെരഞ്ഞെടുക്കുമെന്ന്. ക്രിസ്തുവിനെ തന്‍റെ മകളേക്കാളും വിലപ്പെട്ടതായി അവള്‍ തെരഞ്ഞെടുത്തു. കോടതിയില്‍നിന്നും അവള്‍ ക്രിസ്തുവുമായി വീട്ടിലേക്കു പോയി!

ക്രിസ്തുവിശ്വാസത്തിന്‍റെ മഹത്വം തിരിച്ചറിഞ്ഞ് വിട്ടുവീഴ്ചകള്‍ക്ക് തയാറാകാത്ത യുവത്വത്തെ രൂപപ്പെടുത്തുന്നതായിരിക്കണം നമ്മുടെ സണ്‍ഡേസ്കൂള്‍ പാഠാവലികള്‍. മരണം വ്യാപരിക്കുന്ന ലോകത്തില്‍ ജീവന്‍റെ മഹത്വം ദര്‍ശിക്കാനും ക്രിസ്തുവിലെ വെളിച്ചത്തില്‍ നടക്കാനും അവര്‍ പ്രാപ്തരാകണം.

കെട്ടുകഥകള്‍ പെരുപ്പിച്ച് കാണിക്കുന്ന മതദര്‍ശനങ്ങളുടെ പൊള്ളത്തരങ്ങള്‍ വരുത്തിവയ്ക്കുന്ന അപകടങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ സണ്‍ഡേസ്കൂള്‍ പാഠാവലികള്‍ ക്രിസ്തുകേന്ദ്രീകൃതമാകണം. സഭയുടെ പൗരാണികതയില്‍ അഭിമാനിക്കുമ്പോള്‍ തന്നെ ക്രിസ്തുവില്‍ സംലഭ്യമാകുന്ന നിത്യജീവിന്‍റെ മഹത്വത്തില്‍ പ്രശംസിക്കുന്ന ഒരു തലമുറയാണ് ഇവിടെ വളര്‍ന്നുവരേണ്ടത്. മാനവരാശിക്ക് ജീവന്‍റെ അപ്പമാകുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിയവന്‍ പകുത്തു നല്‍കിയ അമര്‍ത്യതയുടെ ഔഷധമായ തിരുശരീര-രക്തങ്ങളുടെ സ്വീകരണത്തിലൂടെ മരണത്തില്‍നിന്ന് ജീവനിലേക്ക് പ്രവേശിച്ചവരാണ് തങ്ങളെന്ന യാഥര്‍ത്ഥ്യബോധമുള്ള യുവജനങ്ങള്‍ സഭയില്‍ രൂപപ്പെടണം.

ലോകപ്രതാപങ്ങളും അത് വച്ചുനീട്ടുന്ന മോഹങ്ങളുമെല്ലാം കടന്നുപോകുന്നവയാണെന്നും ദൈവഹിതം പ്രവര്‍ത്തിക്കുന്നവന്‍ എന്നേക്കും നിലനില്‍ക്കുന്നു (1 യോഹ 2:17) എന്ന വചനത്തിന്‍റെ പ്രചാരകരായി നമ്മുടെ യുവജനങ്ങള്‍ മാറണം.

ക്രിസ്തുവില്‍ ജീവന്‍ കണ്ടെത്തിയവര്‍ക്ക് “അനക്ക് മരിക്കണ്ടേ പെണ്ണേ?” എന്ന ചോദ്യം വെറും തമാശയായിരിക്കും.

മാത്യൂ ചെമ്പുകണ്ടത്തില്‍

നിങ്ങൾ വിട്ടുപോയത്