തിരുവചനത്തിൽ എഫേസോസിനെക്കുറിച്ചു വായിക്കുമ്പോഴെല്ലാം അന്ത്യത്താഴത്തിൽ യേശുവിന്റെ വക്ഷസ്സില്‍ ചാരിയിരുന്നവനും “ഈശോമശിഹായുടെ പ്രിയപ്പെട്ട ശിഷ്യ” (beloved disciple )നുമായ യോഹന്നാനെ ആയിരിക്കും ആദ്യം നമ്മളോര്‍ക്കുക. ദൈവസ്നേഹത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ യോഹന്നാൻ “സ്നേഹത്തിൻ്റെ ശിഷ്യ”നെന്ന പേരിലും സഭയിൽ പ്രകീർത്തിക്കപ്പെടുന്നു. “സ്നേഹം” എന്ന വാക്ക് 57 തവണ സുവിശേഷത്തിലും 46 പ്രാവശ്യം ലേഖനങ്ങളിലും യോഹന്നാൻ ഉപയോഗിച്ചിട്ടുണ്ട്.
എഡേസ്സയിലെ അദ്ദായിയുടെ (Thaddeus of Edessa or Saint Addai, 1st century AD) പ്രബോധനത്തില്‍, ഏതെല്ലാം പ്രദേശങ്ങള്‍ ആരെല്ലാം സുവിശേഷീകരിക്കണമെന്ന് അപ്പൊസ്തൊലന്മാര്‍ പന്തക്കുസ്താ നാളിനു ശേഷം തീരുമാനിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുപ്രകാരം എഫേസോസ് യോഹന്നാനാണു ലഭിച്ചത്. “എഫേസോസും തെസ്സലോനിക്കയും ആസിയയിലെ എല്ലാ രാജ്യങ്ങളും കോറിന്തോസുകാരുടെ എല്ലാ രാജ്യങ്ങളും അകായിയാ മുഴുവനും അതിനു ചുറ്റുമുള്ളവയും സുവിശേഷകനായ യോഹന്നാനു ലഭിച്ചു. യോഹന്നാനില്‍നിന്ന് പൗരോഹിത്യത്തിന്‍റെ ശ്ലൈഹിക കൈവയ്പ്പു സ്വീകരിച്ചു. അന്ത്യത്താഴത്തില്‍ അവനാണ് കര്‍ത്താവിന്‍റെ മാര്‍വ്വില്‍ ചാരിക്കിടന്നത്. അവന്‍ അവിടെ സഭ സ്ഥാപിക്കുകയും അവിടെ ശുശ്രൂഷ ചെയ്യുകയും ചെയ്തു” (എഡേസ്സയിലും മെസൊപ്പൊട്ടേമിയയിലും പ്രസംഗിച്ച അദ്ദായിയുടെ പ്രബോധനം).
ഗലീലാ കടപ്പുറത്തെ സെബദിയുടെയും സലോമിയുടെയും മക്കളായ യാക്കോബും യോഹന്നാനും രക്ഷാകരസംഭവങ്ങളില്‍ വലിയ മുക്കുവനായ ക്രിസ്തുവിനോടൊപ്പം തോളോടു തോള്‍ചേര്‍ന്നു നിന്നവരായിരുന്നു. പന്തക്കുസ്തായ്ക്കു ശേഷം യാക്കോബ് ജെറുസലേമില്‍ തന്‍റെ പ്രവര്‍ത്തനം തുടരുകുയം അവിടെ രക്തസാക്ഷിയാവുകയും ചെയ്തു. എന്നാല്‍ യോഹന്നാന്‍ ഏഷ്യാമൈനറിലേക്ക് നീങ്ങി. മശിഹായുടെ അമ്മയും ഈ യാത്രയില്‍ അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നു. രക്ഷാകരസംഭവങ്ങളുടെ നടുനായകത്വം വഹിച്ച പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമാളത്വമായ ഈശോമശിഹായില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവ- മനുഷ്യ സ്വഭാവങ്ങളുടെ ആഴങ്ങള്‍ ധ്യാനിക്കുവാനും പരിശുദ്ധ അമ്മയില്‍നിന്നു കൂടുതല്‍ ഗ്രഹിക്കുവാനും മറ്റേതൊരു ശിഷ്യനേക്കാളും എഫേസോസിലെ ജീവിതത്തിലൂടെ യോഹന്നാനു കഴിഞ്ഞു. ക്രിസ്തുവിന്‍റെ കഷ്ടാനുഭവങ്ങള്‍ ദൈവസ്നേഹത്തിന്‍റെ പരസ്യപ്രകടനമായിരുന്നു എന്ന യാഥാര്‍ത്ഥ്യം യോഹന്നാനു വെളിപ്പെട്ടു (യോഹ 3:16). സ്നേഹം, ദൈവസ്നേഹം എന്നീ ദിവ്യസ്വഭാവങ്ങളുടെ ആഴം ഏറെ മനസ്സിലാക്കുകയും അതിനെ തന്‍റെ എഴുത്തുകളിലും പ്രസംഗങ്ങളിലും സന്നിവേശിപ്പിക്കുകയും ചെയ്ത ശിഷ്യനായിരുന്നു യോഹ്നാന്‍.
യോഹന്നാന്നും പരിശുദ്ധ കന്യകമാതാവും എഫേസോസിൽ ജീവിച്ചിരുന്നുവെന്ന് തുര്‍ക്കിയുടെ പുരാവസ്തു വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. “എഡി 37നും 48നും ഇടയില്‍ യേശുവിൻ്റെ അമ്മ മേരിയും ശിഷ്യനായ യോഹന്നാനും എഫേസോസില്‍ എത്തിയിരുന്നുവെന്നും ജീവിതാവസാനം വരെ ഇരുവരും എഫേസോസില്‍ ഉണ്ടായിരുന്നു”വെന്നുമാണ് യോഹന്നാന്‍റെ ബസിലിക്കയുടെ മുന്നില്‍ തുര്‍ക്കി പുരാവസ്തു വകുപ്പ് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫലകത്തിലുള്ളത്.
വിശുദ്ധ യോഹന്നാന്‍റെ
കബറിടത്തിലേക്ക്
ഡൊമീഷ്യൻ ചക്രവർത്തി യോഹന്നാനെ ഈജിയൻ സമുദ്രത്തിലെ ഗ്രീക്ക് ദ്വീപായ പദ്മോസിലേക്ക് നാടുകടത്തുകയുണ്ടായി. ഇവിടെ നിന്നു മോചിതനായി എഫേസോസില്‍ തിരിച്ചെത്തിയ ശേഷം അയാസുലുക്ക് കുന്നിലുള്ള (Ayasuluk Hill) ചെറിയൊരു ചാപ്പലില്‍ ആയിരുന്നു അദ്ദേഹം താമസിച്ചത്. ഇവിടെവച്ചാണ് യോഹന്നാന്‍ തന്‍റെ പേരിലുള്ള സുവിശേഷം എഴുതിയത്. അദ്ദേഹത്തിൻ്റെ മരണശേഷം ഈ ചാപ്പലില്‍ തന്നെയാണ് അദ്ദേഹത്തെ കബറടക്കിയതും. എഡി 565ല്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തിയാണ് ഈ കബറിടവും യോഹന്നാന്‍റെ പ്രസംഗപീഠവും നിലനിര്‍ത്തി ഇവിടെ ബസിലിക്ക (Basilica of St. John) നിര്‍മ്മിച്ചത്.
അയാസൊലൂക്ക് കുന്നില്‍ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന യോഹന്നാന്‍റെ ബസിലിക്കയില്‍ ഞങ്ങള്‍ രാവിലെതന്നെ വന്നു. പത്തില്‍ താഴെ സന്ദര്‍ശകരേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. “ദി ബസിലിക്ക ഓഫ് സെന്‍റ് ജോണ്‍ ഇന്‍ എഫേസൂസ്” എന്ന ദേവാലയം അത് നിര്‍മ്മിച്ച കാലത്ത് അതിമഹത്തായ നിര്‍മ്മിതിയായിരുന്നു. പൗരാണിക ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളില്‍ ഒന്നായ എഫേസോസിലെ അര്‍ത്തമീസ് ദേവിയുടെ ക്ഷേത്രത്തിന്‍റെ വാസ്തുശില്‍പ സൗന്ദര്യത്തോടു കിടപിടിക്കുന്ന വിധത്തില്‍ ആറു താഴികക്കുടങ്ങള്‍ ഉള്‍പ്പെടെയാണ് ഈ ദേവാലയം നിര്‍മ്മിച്ചത്. റോമാ സാമ്രാജ്യത്തിന്‍റെ പ്രൗഡി വിളിച്ചോതിയ ഈ ദേവാലയത്തിന്‍റെ ഉള്‍ഭാഗത്തിന് കുരിശ് ആകൃതിയായിരുന്നു.
അറബികളുടെയും തുര്‍ക്കികളുടെയും ആക്രമണവും ഭൂകമ്പവും മൂലം ഈ ദേവലയം തകര്‍ന്നു. അവശിഷ്ടങ്ങള്‍ എല്ലായിടത്തും ചിന്നിച്ചിതറിക്കിടക്കുന്നു. റോമില്‍ പത്രോസിന്‍റെയും പൗലോസിന്‍റെയും ശവകുടീരങ്ങള്‍ക്ക് ലഭിക്കുന്ന യാതൊരു മഹത്വവുമില്ലാതെ ആകാശം മേല്‍ക്കൂരയാക്കി ഏറെ അവഗണിക്കപ്പെട്ട നിലയിലാണ് അപ്പൊസ്തൊലനായ യോഹന്നാന്‍റെ കബറിടം ഇന്നു സ്ഥിതിചെയ്യുന്നത്. മദ്ബഹയ്ക്കും യോഹന്നാന്‍റെ പ്രസംഗപീഠത്തിനും മധ്യേയാണ് ഈശോമശിഹായുടെ പ്രിയപ്പെട്ട ശിഷ്യൻ യോഹന്നാന്‍റെ കബറിടം. ദൈവപുത്രൻ്റെ മനുഷ്യാവതാര കാലത്തു കൂടെ നടക്കുവാനും പുനഃരുത്ഥാനത്തിൻ്റെ നായകനെ പദ്മോസിൻ്റെ വിജനതയിൽ വച്ചു മുഖാമുഖം ദർശിക്കുവാനും ഭാഗ്യം ലഭിച്ച യോഹന്നാൻ്റെ ഭൗതിക ശരീരം അലിഞ്ഞു ചേർന്ന മണ്ണിലാണ് നിൽക്കുന്നത്!
കബറിനുള്ളിൽ ഭൗതികാവശിഷ്ടങ്ങള്‍ ഇന്നില്ലെന്നാണ് ചരിത്രരേഖകളില്‍ കാണുന്നത്. എങ്കിലും യോഹന്നാൻ്റെ ഭൗതിക ജീവിതം അവസാനിച്ചത് ഈ കല്ലറയിലാണ്. അവിടെ മുട്ടുകുത്തി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. അവിടെനിന്ന് യോഹന്നാന്‍റെ സുവിശേഷം ഒന്നാം അധ്യായം ഉറക്കെ വായിച്ചു. “ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു.
സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.
അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല”
ഈ മഹാപ്രപഞ്ചത്തിൽ ജീവനായും വെളിച്ചമായും നിറഞ്ഞു നിൽക്കുന്ന “ലോഗോസി”നെ (Logos) സംബന്ധിച്ചു പ്രത്യേക വെളിപാടായിരുന്നു പദ്മോസിൽ യോഹന്നാനുണ്ടായത്. അതിനാൽ മഹത്വത്തിൽ സ്ഥിതിതനായ ക്രിസ്തുവിനെ വെളിപാട് പുസ്തകം ഒന്നാം അധ്യായത്തിലും സുവിശേഷത്തിൻ്റെ ഒന്നാം അധ്യായത്തിലും സവിശേഷമായ വിധത്തിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. “ഞാനാണ് ആദിയും അന്തവും” എന്നു മഹാശബ്ദത്തോടെ പദ്മോസിൽ ദർശനം നൽകിയവനെക്കുറിച്ചു സുവിശേഷത്തിൽ യോഹന്നാൻ ഇപ്രകാരം എഴുതി “സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല”. യോഹന്നാൻ്റെ കബറിനരികിൽ നിന്നും അദ്ദേഹമെഴുതിയ സുവിശേഷം വായിക്കാൻ കഴിഞ്ഞത് അവിസ്മരണീയമായ അനുഭവമായിരുന്നു. തുടര്‍ന്ന് എല്ലായിടത്തുമെന്നപോലെ നിഖ്യാ വിശ്വാസപ്രമാണവും ഏറ്റുചൊല്ലി.
എഫേസോസിനു വേണ്ടി
പ്രാര്‍ത്ഥിക്കുന്നവര്‍
യോഹന്നാൻ്റെ ബസിലിക്കയുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കറുത്ത വസ്ത്രങ്ങളും തലയില്‍ കറുത്ത ശിരോവസ്ത്രവും ധരിച്ചൊരു സ്ത്രീ ഇരിക്കുന്നതുകണ്ടു. ഇവിടം സന്ദര്‍ശിക്കാനെത്തിയ ഒരു മുസ്ലിം വനിതയായിരിക്കാം അതെന്ന് കരുതി ഞങ്ങള്‍ മുന്നോട്ടു നീങ്ങി. എന്നാൽ യാദൃശ്ചികമായിട്ടാണ് അവരുടെ കൈകളില്‍ ഒരു കറുത്ത ചരടുമാലയും അതിന്‍റെ അറ്റത്ത് ഒരു കുരിശുരൂപവും ശ്രദ്ധയിൽപെട്ടത്. “നിങ്ങള്‍ ഒരു കന്യാസ്ത്രീയാണോ” എന്ന് അറിയാതെ ചോദിച്ചുപോയി. “അതെ”യെന്ന് അവര്‍ സന്തോഷത്തോടെ മറുപടി തന്നു. താനൊരു കത്തോലിക്കാ വൈദികനാണെന്നു ഫാ. ബിബിൻ പരിചയപ്പെടുത്തിയപ്പോൾ സന്തോഷത്തോടെ സംസാരിക്കാൻ അവർ തയ്യാറായി. കിഴക്കന്‍ യൂറോപ്പിലെ ഒരു രാജ്യത്തുനിന്ന് എഫേസോസിനും തുര്‍ക്കിക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വന്നിരിക്കുന്ന ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാംഗമാണ് താനെന്ന് ഈ കന്യാസ്ത്രീ പറഞ്ഞു. ഓര്‍ത്തഡോക്സ് പ്രാർത്ഥനാ മാലയും (Orthodox prayer rope) കൈയിലേന്തി ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരിടത്തിരുന്ന “കര്‍ത്താവായ യേശുവേ, ദൈവപുത്രാ, പാപിയായ എന്നോടു കരുണയാകണമേ” എന്ന ഹൃദയസ്പര്‍ശിയായ Jesus Prayer ഉരുവിട്ടുകൊണ്ട് തുര്‍ക്കിക്കായി പ്രാര്‍ത്ഥിക്കുകയാണ് ഈ സഹോദരി.
തുര്‍ക്കിക്കുവേണ്ടി ഇപ്രകാരം എത്രയോ വിശ്വാസികൾ പ്രാര്‍ത്ഥിക്കുന്നുണ്ടാകും! അനേകായിരങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായി എഫേസോസിനു തീര്‍ച്ചയായും ഒരു പുനഃരുത്ഥാനം ഉണ്ടാകും. ആദിമ അപ്പൊസ്തൊലന്മാരുടെയും ദൈവമാതാവിന്‍റെയും പാദസ്പര്‍ശനത്താല്‍ അനുഗ്രഹിക്കപ്പെട്ട ഈ മണ്ണ് ക്രൈസ്തവ വിശ്വാസത്തിലേക്കു ഒരിക്കൽ മടങ്ങി വരും. ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ ഈ സന്യാസിനിയെ കണ്ടുമുട്ടിയതിലൂടെ ഞങ്ങൾക്കു ഈ ഉറപ്പാണ് ഉണ്ടായത്.
ദൈവമാതാവിൻ്റെ ഭവനത്തിലെ
ദിവ്യബലി
എഫേസോസില്‍ ഞങ്ങള്‍ താമസിച്ച “ആവേ മരിയ ഹോട്ടല്‍” ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിന്‍റെ ഉടമസ്ഥയായ മാന്യവനിതയാണ് പരിശുദ്ധ ദൈവമാതാവ് താമസിച്ചിരുന്ന ഭവനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്. അവിടെ ചെറിയൊരു ചാപ്പലുണ്ട് എന്നറിഞ്ഞപ്പോള്‍ ദിവ്യബലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകുമോ എന്ന് ഫാ ബിബിന്‍ അന്വേഷിച്ചു. എഫേസോസിലുള്ള കപ്പൂച്ചിന്‍ ആശ്രമത്തിൽ (Capuchin friary) അന്വേഷിക്കുവാൻ ഈ വനിത ഞങ്ങളോടു പറഞ്ഞു. ബിബിൻ അച്ചന്‍ കപ്പൂച്ചിൻ വൈദികരുമായി ബന്ധപ്പെട്ടപ്പോള്‍ രാവിലെ ഒമ്പതുമണിക്ക് ദിവ്യബലിയര്‍പ്പിക്കാന്‍ അവസരമുണ്ടെന്ന് അവർ അറിയിച്ചു.
അതിരാവിലെ ഉണർന്ന് എഫേസോസില്‍ മൗണ്ട് കൊറെസ്സോസിന്‍റെ പ്രശാന്തസുന്ദരമായ താഴ്വരയിൽ ദിവ്യജനനിയുടെ വീട്ടിലേക്കു ഞങ്ങൾ പോയി. “House of Virgin Mary” എന്നിടത്തേക്കുള്ള ദിശാഫലകങ്ങൾ റോഡരികിൽ കാണാം.
മലഞ്ചെരിവിലുള്ള ഈ വീട്ടിലായിരുന്നു ദൈവമാതാവ് യോഹന്നാന്‍റെ കൂടെ ജീവിതാന്ത്യംവരെ താമസിച്ചതെന്നാണ് പാരമ്പര്യവിശ്വാസം. ബൈബിൾ വിവരണങ്ങളും AD 431-ലെ എഫേസോസ് കൗൺസിലിൻ്റെ രേഖകളും ഈ യാഥാർത്ഥ്യം ഉറപ്പിക്കുന്നു. കൂടാതെ എഫേസോസിലെ Kirkintzes മലമ്പ്രദേശങ്ങളിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭാ വിശ്വാസികളായ ആട്ടിടയന്മാർ നൂറ്റാണ്ടുകളായി എല്ലാ വർഷവും ഓഗസ്റ്റ് 15 നു ഇവിടെ ഒത്തുകൂടുന്നതായും അറിയാൻ കഴിഞ്ഞു. മാതാവിനോടുള്ള ആദരസൂചകമായി Panaghia Kapulu എന്ന ആഘോഷമാണ് ആ ദിവസം ഇവിടെ നടക്കുന്നത്. ഇക്കാര്യം തുര്‍ക്കിയിലെ പുരാവസ്തുവകുപ്പും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഈ ഭവനത്തോടു ചേര്‍ന്ന് ചെറിയൊരു ചാപ്പലുണ്ട്. “ചര്‍ച്ച് ഓഫ് ഡോര്‍മിഷന്‍” (Church of Dormition) എന്നു പേരുള്ള ഈ ചാപ്പലിലാണ് ഫാ ബിബിന്‍ മഠത്തില്‍ ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചത്. എഫേസോസ് എല്ലാനിലയിലും പൗരാണികമായ “യൊഹാനിയൻ സമൂഹങ്ങളുടെ” ചരിത്രത്തിലേക്ക്, ഇടങ്ങളിലേക്കാണു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. (തുടരും)
മാത്യൂ ചെമ്പുകണ്ടത്തിൽ