ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. നീതിയോടു കൂടിയ അൽപമാണ്, അനീതിയോടു കൂടിയ അധികത്തെക്കാൾ മെച്ചം. നീതി നിഷേധം ദൈവം അംഗീകരിക്കുന്നില്ല, നീതി നിഷേധം നടത്തിയാൽ ദൈവിക ശിക്ഷകൾക്ക് നാം അർഹരാവുകയും ചെയ്യും.
നമ്മൾക്ക് ഉള്ള സമ്പത്തും, അധികാരങ്ങളും നമ്മളുടേതല്ല, കർത്താവ് നമുക്ക് നൽകിയതാണ്. കർത്താവിന്റെ ഭരണത്തിൻ കീഴിൽ വിശ്വാസത്തോടെ ഉപയോഗിക്കാൻ നൽകിയതാണ്. ധനത്തോടുള്ള സ്നേഹം കൂടുമ്പോൾ ആണ്, നീതി നിഷേധം കടന്നു വരുന്നത്.
ദൈവം നമ്മുടെ യോഗ്യതകൾ പരിഗണിക്കാതെയാണ് അനുഗ്രഹിക്കുന്നത്. നമ്മളെ സമീപിക്കുന്ന ആളുകളുടെ യോഗ്യതക്കുറവ് പറഞ്ഞ് കൊണ്ട് ഒരിക്കലും നീതി നിഷേധിക്കരുത്. ഇന്ന് അധികാരങ്ങളും, പണങ്ങളും ഉപയോഗിച്ച് മനുഷ്യർ നീതി നിഷേധം നടത്തുന്നു. നാം കാരണം മറ്റൊരു വ്യക്തി നീതിക്കു വേണ്ടി ന്യായസനത്തെ സമീപിക്കുന്നത്, ദൈവകോപത്തിനും, ദൈവാനുഗ്രഹം തടയുന്നതിനും കാരണമാകും. നമ്മൾക്ക് മറ്റു വള്ളവർക്ക് ചെയ്യുവാൻ പറ്റുന്ന നൻമകൾ ഒരു മടിയും കൂടാതെ ചെയ്യുക. റോമാ 12 : 21 ൽ പറയുന്നു, തിന്മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്മയെ നന്മകൊണ്ടു കീഴടക്കുവിന്.
ദൈവം ചില വ്യക്തികൾക്ക് ഭൂമിയിൽ അധികാരങ്ങൾ തരുന്നത്, മറ്റുള്ള വ്യക്തികളെ ദ്രോഹിക്കുവാൻ വേണ്ടിയല്ല, അവരെ കരുതുവാൻ വേണ്ടിയാണ്. ഭൂമിയിൽ ലോക നീതിക്കുവേണ്ടി കാത്തിരിക്കാതെ ദൈവ നീതിക്കായി കാത്തിരിക്കുക. എന്താണ് ദൈവത്തിന്റെ നീതി?
ലോകത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുമ്പോൾ, നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നീതിമാനായ ദൈവം നമുക്ക് അർഹമായത് നൽകുന്നതാണ് ദൈവീകനീതി. ദൈവ നീതി സ്ഥിരതയുള്ളതും സന്തോഷം നിറഞ്ഞതുമാണ്. ജീവിതത്തിൽ ദൈവനീതി നിറയുന്നതിനായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ