അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ (ആഗസ്റ്റ് 23) സഭ ഇന്ന് ആലോഷിക്കുന്നു. . ഈ ബഹുമതിക്കു അർഹയാണങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ മാതൃകയാണ് പെറുവിൽ നിന്നുള്ള ഈ വിശുദ്ധ കന്യക. വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ നമുക്കു പരിശോധിക്കാം
1) ഭക്തകൃത്യങ്ങളിലുള്ള താൽപര്യവും സ്നേഹവും
പെറുവിൻ്റെ തലസ്ഥാന നഗരിയായ ലീമായിൽ സ്പാനിഷ് മാതാപിതാക്കളുടെ മകളായി 1586 ൽ ജനിച്ചു. ഇസബെൽ എന്നായിരുന്നു ജ്ഞാനസ്നാന നാമം. ഒരിക്കൽ അത്ഭുതകരമാം വിധം അവളുടെ മുഖം റോസപ്പൂവായി പരിണമിക്കുന്നതു കണ്ട ഒരു വേലക്കാരിയാണ് അവളെ റോസ എന്നു ആദ്യം വിളിച്ചത്. സ്ഥൈര്യലേപന സമയത്തു അവൾ റോസാ എന്ന പേരു സ്വീകരിച്ചു. ഭക്തയായ ഒരു കുട്ടിയായിരുന്നു റോസ, ചിട്ടയായ പ്രാർത്ഥനാ ജീവിതവും വിശുദ്ധ കുർബാനയോടുള്ള ഭക്തിയും അവളുടെ ജീവിതത്തിൻ്റെ ആത്മീയ വളർച്ചയ്ക്കു അടിത്തറ പാകി. സീയന്നായിലെ വിശുദ്ധ കത്രീനയെ തൻ്റെ പ്രത്യേക മധ്യസ്ഥയായി അവൾ സ്വീകരിച്ചിരിരുന്നു. ഡോമിനിക്കൻ ആദ്ധ്യാത്മികതയോടും ജപമാലയോടും അനന്യസാധാരണമായ ഭക്തി അവൾ സൂക്ഷിച്ചിരുന്നു.
അനുദിന പ്രാർത്ഥന, കൂടെകൂടെയുള്ള ദിവ്യകാരുണ്യ സ്വീകരണം, ആത്മീയ വായന, പരിശുദ്ധ അമ്മയോടുള്ള സ്നേഹം ഇവ ആത്മീയ ജീവിതത്തിൽ വളരാൻ ഏതു കാലത്തും ഫലപ്രദമായ മാർഗ്ഗങ്ങളാണ്.
വ്യവസായത്തിൽ റോസായുടെ കുടുബത്തിനു നഷ്ടം സംഭവിച്ചതോടെ കുടുംബം കടുത്ത ദാരിദ്രത്തിലായി. കുടുംബത്തിൻ്റെ അതിജീവനത്തിനായി ഒരു പൂന്തോട്ടത്തിൽ അവൾ ജോലിക്കാരിയായി. ചിലപ്പോൾ എംബ്രോഡറി ജോലികളും അവൾ ഏറ്റെടുത്തു. ദുരിതങ്ങളിലും കഠിനധ്വാനങ്ങളുടെ ഇടയിലും പ്രാർത്ഥനയ്ക്കു വിശുദ്ധ കുർബാനയ്ക്കും റോസാ സമയം കണ്ടെത്തിയിരുന്നു. കഠിനധ്വാനങ്ങളുടെ ഇടയിലും അവളുടെ സൗന്ദര്യം വർദ്ധിച്ചതേയുള്ളു. വിവാഹാലോചനകളുമായി നിരവധി പേർ സമീപിച്ചു എങ്കിലും ദൈവത്തിനു നിത്യകന്യകാത്വം വാഗ്ദാനം ചെയ്തിരുന്ന റോസാ അതെല്ലാം നിരസിച്ചു. വ്യർത്ഥതയ്ക്കു അടിമപ്പെടാതിരിക്കാൻ ഇടയ്ക്കിടെ മുൾക്കിരീടം അടിഞ്ഞിരുന്ന അവൾ വിവാഹാത്തിൽ നിന്നു പിന്മാറാനായി പലപ്പോഴും തലമുടി സ്വയം മുറിച്ചുനീക്കിയിരുന്നു.
2. വിശുദ്ധ സൗഹൃദങ്ങൾ
2018ൽ ഫ്രാൻസീസ് പാപ്പ ലീമാ സന്ദർശിച്ചപ്പോൾ പെറുവിനെ “വിശുദ്ധരുടെ നാട്”(Peru is a land of saints) എന്നാണ് വിശേഷിപ്പിച്ചത്. റോസയ്ക്കു സ്ഥൈര്യലേപനം നൽകിയത് ടൂറിബിയസ് ദേ മോഗ്രോബെജോ (St. Turibius de Mogrobejo ) എന്ന വിശുദ്ധനാണ്. അദ്ദേഹം ലീമായിലെ ആർച്ചുബിഷപ്പായിരുന്നു. റോസയുടെ ജീവിതകാലത്തു ലീമായിൽ മൂന്നു വിശുദ്ധർ ജീവിച്ചിരുന്നു.
വിശുദ്ധ ടൂറിബിയസ്
വിശുദ്ധ ടൂറിബിയസ് എന്ന വിശുദ്ധൻ അമേരിക്കൻ ഭാഷകൾ പഠിക്കുന്നതിൽ പ്രശസ്തനായിരുന്നു, അതിനാൽ തന്റെ അജഗണത്തിലെ തദ്ദേശീയരുമായി നന്നായി ആശയവിനിമയം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.. ആശുപത്രികൾ, സ്കൂളുകൾ, പള്ളികൾ എന്നിവയ്ക്കു പുറമേ, അമേരിക്കയിലെ ആദ്യത്തെ സെമിനാരി സ്ഥാപിച്ചത് ടൂറിബിയസാണ്. വരേണ്യവർഗമോ പുരോഹിതന്മാരോ തദ്ദേശവാസികളോടു നല്ല രീതിയിൽ പെരുമാറിയിരുന്ന ടൂറിബിയസിനെ യഥാർത്ഥത്തിൽ മനസ്സിലാക്കിയിരുന്നില്ല.
മാർട്ടിൻ ഡീ പോറസ്
പെറുവിലെ ലിമാ നഗരത്തിൽ 1579 ൽ മാർട്ടിൻ ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ തലമുടി മുറിക്കുക ദന്ത ഡോക്ടറെ സഹായിക്കുക തുടങ്ങിയ ജോലി ചെയ്തു തുടങ്ങി. പിന്നിടു ജപമാല റാണിയുടെ ആശ്രമത്തിൽ ഒരു തുണ സഹോദരനായി ചേർന്നു. മാർട്ടിന്റെ കറുത്ത നിറം കാരണം ഒരു സന്യാസ സഹോദരാകാൻ ആദ്യം അനുവാദം ലഭിച്ചിരുന്നില്ല. മാർട്ടിനെ അംഗീകരിക്കാത്ത സഹോദരന്മാരെ ശുശ്രൂഷിക്കുവാനും സന്യാസ ഭവനം വൃത്തിയാക്കലും ആയിരുന്നു ജോലികൾ. മറ്റുള്ളവർ അപമാനിക്കുമ്പോൾ പുഞ്ചിരി ആയിരുന്നു മാർട്ടിന്റെ മറുപടി. ഒരു സന്യാസ സഹോദരനാകാൻ ക്രമേണ മാർട്ടിനു അനുവാദം കിട്ടി. പിന്നിടുള്ള ജീവിതം ദരിദ്രർക്കും രോഗികൾക്കുമായി മാറ്റിവച്ചു. മുടി മുറിക്കുന്നവരുടെയും പരിസരം ശുചിയാക്കുന്നവരുടെയും നേഴ്സുമാരുടെയും മധ്യസ്ഥനാണ് വി. മാർട്ടിൻ.
വി.ജോൺ മാസിയാസ്
വിശുദ്ധ ജോൺ മാസിയാസ് സ്പെയിനിൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചെങ്കിലും ചെറുപ്പത്തിൽ തന്നെ അനാഥനായി. ലിമായിലെ ഡൊമിനിക്കൻ മൂന്നാം സഭയിൽ തുണ സഹോദരനായി ചേർന്ന ജോൺ ആദ്യം ഒരു ഡോർകീപ്പറായി ജോലി ചെയ്തു. അപ്പോസ്തലനായ യോഹന്നാനുമായി ജോണിനു അമാനുഷിക ബന്ധമുണ്ടായിരുന്നു, പലപ്പോഴും യോഹന്നാൻ ജോണിനെ സന്ദർശിച്ചിരുന്നതായും സഹായം നൽകിയിരുന്നതായും നമുക്കു പാരമ്പര്യത്തിൽ പറയുന്നു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കുന്നതിതിൽ പ്രത്യേക താല്പര്യം വിശുദ്ധ ജോൺ മാസിയാസിനുണ്ടായിരുന്നു.
വിശുദ്ധ ഫ്രാൻസീസ് സോളാനോ
റോസയ്ക്കു പതിനഞ്ചു വയസ്സുള്ളപ്പോഴാണ് 1601 ൽ ലീമായിൽ എത്തിയത്. തനിക്കു ലഭിച്ചിരുന്ന അമിതമായ പ്രശസ്തി വലിച്ചെറിഞ്ഞ് ലീമായിലെത്തിയ ഒരു സ്പാനിഷ് ഫ്രാൻസിസ്കൻ മിഷനറി വൈദീകനായിരുന്നു ഫ്രാൻസീസ് . തദ്ദേശവാസികളെ സംരക്ഷിക്കാനും അവരെ ജ്ഞാനസ്നാന ചുമതലകളിലേക്കും വാഗ്ദാനങ്ങളിലേക്കും തിരിച്ചുവിളിക്കാനും വിശുദ്ധനു സവിശേഷമായ നൈപുണ്യമുണ്ടായിരുന്നു.
ലീമായിലെ റോസിനെ മനസ്സിലാക്കുന്നതിൽ ഈ ബന്ധങ്ങൾ നിർണ്ണായകമാണ്, കാരണം ഒരു വിശുദ്ധനും തനിയെ വിശുദ്ധനാകുന്നില്ല. വിശുദ്ധ സൗഹൃങ്ങളാണ് അതിനു അവരെ സഹായിച്ചിരുന്നത്. ഏറ്റവും കഠിനമായ സന്യാസിക്ക് പോലും ശിഷ്യന്മാരും സന്ദർശകരും ഉണ്ടായിരുന്നു, നമ്മുടെ ഏകാന്തതയുടെ സമയങ്ങളിൽ , യഥാർത്ഥവും വിശുദ്ധവുമായ സുഹൃദ്ബന്ധങ്ങൾ എങ്ങനെ വളർത്താമെന്ന് പഠിക്കുന്നത് ആത്മീയ ജീവിതത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായ ഘടകമാണ്.റോസ വിശുദ്ധ ഫ്രാൻസിസ് സോളാനോയുമായോ വി. ജോൺ മാസിയാസുമായോ കൂടിക്കാഴ്ച്ച നടത്തിയതിനു വ്യക്തമായ തെളിവുകൾ ഇല്ലങ്കിലും ലീമാ നഗരത്തെ വിശുദ്ധീകരിക്കുന്നതിൽ അവർ കാണിച്ച തീക്ഷ്ണത റോസയേയും സ്വാധീനിച്ചു എന്നു നിസ്സംശയം പറയാം .
3) ദൈവഹിതത്തിനോടുള്ള വിധേയത്വവും കുരിശു വഹിക്കലും
വിവാഹം കഴിക്കാനുള്ള മാതാപിതാക്കളുടെ ആഗ്രഹം റോസ് തുടക്കത്തിലെ നിരസിച്ചിരുന്നു. കന്യാസ്ത്രീയാകാനായിരുന്നു അവളുടെ ആഗ്രഹം, തന്മൂലം അവൾ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടുത്ത പീഡനങ്ങൾ നേരിട്ടു. ഒടുവിൽ അവളുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ മാതാപിതാക്കൾ കീഴടങ്ങി.റോസിൻ്റെ പ്രത്യേക മധ്യസ്ഥയായ സീയന്നായിലെ വിശുദ്ധ കത്രീനയെപ്പോലെ ഡൊമിനിക്കൽ മൂന്നാം സഭയിലുടെ റോസാ യേശുവിനു സ്വയം സമർപ്പിച്ചു. കത്രീനയെപ്പോലെ റോസും യേശുവിനോട് രഹസ്യമായി സംസാരിച്ചിരുന്നു. ഒരിക്കൽ യേശു അവളോടു , “എന്റെ ഹൃദയത്തിന്റെ റോസേ, എന്റെ പങ്കാളിയാകുക.” എന്നു പറഞ്ഞു.
യേശുവുമായുള്ള സംഭാഷണം പതിവായി തുടർന്നതിനാൽ റോസാ ചില സഹ സന്യാസിനിമാരുടെ അസൂയക്കു കാരണമായി, സഭാധികാരികളുടെ സൂക്ഷ്മ പരിശോധനയ്ക്കു വിധേയായ റോസയെ ആത്മീയതയുടെ ഏറ്റവും ഉയർന്ന പദവി നേടിയ വ്യക്തിയായി അവർ കണ്ടെത്തി.നീണ്ട പതിനഞ്ചു വർഷം ആത്മാവിൻ്റെ ഇരുണ്ട രാത്രിയിലൂടെ കടന്നുപോയ റോസയ്ക്കു യേശു അനുഭവിച്ച വേദനകൾ നന്നായി മനസിലാക്കാൻ സാധിച്ചു. ഈ സമയത്ത് യേശു അവളെ ആശ്വസിപ്പിച്ചിരുന്നു. ഒരിക്കൽ അവൾ എഴുതി: “കഷ്ടതകൾക്കു ശേഷമാണ് കൃപ വരുന്നതെന്ന് എല്ലാ മനുഷ്യരും അറിയട്ടെ… … വേദകളും കഷ്ടപ്പാടുകളും കൂടാതെ കൃപയുടെ ഉന്നതിയിലെത്താൻ കഴിയില്ല… സമരങ്ങൾ കൂടുന്നതിനനുസരിച്ച് കൃപയുടെ ദാനങ്ങൾ വർദ്ധിക്കുന്നു. വഴിതെറ്റാതിരിക്കാനോ വഞ്ചിക്കപ്പെടാതിരിക്കാനോ മനുഷ്യർ ശ്രദ്ധിക്കട്ടെ. പറുദീസയിലേക്കുള്ള ഏക യഥാർത്ഥ ഗോവണി കുരിശാണ്, കുരിശില്ലാതെ സ്വർഗത്തിലേക്ക് കയറാൻ മറ്റൊരു വഴിയുമില്ല”
വിശുദ്ധ കന്യകയായ ലീമായിലെ വിശുദ്ധ റോസ നൽകുന്ന ജീവിത പാഠങ്ങൾ വിശുദ്ധ ജീവിതം നയിക്കാൻ നമുക്കു പ്രചോദനമാകട്ടെ.
ഫാ. ജയ്സൺ കുന്നേൽ mcbs