വാര്‍ത്താ കുറിപ്പ്
29.12.2022
എറണാകുളം. സെന്റ്.മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കഴിഞ്ഞ ഡിസംബര്‍ 23 ന് നടന്ന അനിഷ്ട സംഭവങ്ങളെ കുറിച്ച് വിമത വൈദീകരും ഒരു സംഘവും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും നടത്തുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമാണെന്ന് എറണാകുളം സെന്റ്.മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ അഡ്മിനിസ്‌ട്രേര്‍ റവ.ഫാ. ഫാ. ആന്റണി പൂതവേലില്‍.
സിനഡിന്റെ തീരുമാനം അനുസരിച്ചുള്ള ഏകീകൃത കുര്‍ബ്ബാന അന്നേ ദിവസം അര്‍പ്പിക്കണമെന്ന് എതിര്‍പ്പുള്ള മറ്റു വൈദീകരെ അറിയിക്കുകയും നേരത്തെ അവരുമായി ചര്‍ച്ച ചെയ്തിരുന്നതുമാണ്. എന്നാല്‍ ജനാഭിമുഖ കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന് വാശിപിടിച്ച അവരോട് ഏറ്റവും വിനയത്തോടെ അഡ്മിനിസ്‌ട്രേറ്റര്‍ ആവശ്യപ്പെട്ടത്, അവരുടെ കുര്‍ബ്ബാന അര്‍പ്പണത്തിനു ശേഷം ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ റവ.ഫാ ആന്റണി പൂതവേലിന് അവസരം നല്‍കണമെന്നാണ്. ആദ്യം ജനാഭിമുഖ കുര്‍ബ്ബാന നടത്തണമെന്ന വിമത വൈദീകരുടെ ആവശ്യത്തിന് അഡ്മിനിസ്‌ട്രേറ്റര്‍ എതിരു നിന്നില്ല. അത് അനുസരിച്ച് റവ. ഫാ.സണ്ണി കളപ്പുരയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ റവ.ഫാ.ജോസഫ് കുരീക്കല്‍, റവ.ഫാ.ജോസ് ചോലിക്കര എന്നിവര്‍ ചേര്‍ന്ന് ജനാഭിമുഖ കുര്‍ബ്ബാന ആരംഭിച്ചു. ഈ സമയത്ത് അഡ്മിനിസ്ട്രറ്ററായ റവ.ഫാ. ആന്റണി പൂതവേലില്‍ സങ്കീര്‍ത്തി മുറിയില്‍ കുര്‍ബ്ബാന കഴിയുന്നത് വരെ കാത്തിരുന്നു.
ഈ കുര്‍ബ്ബാനയ്ക്ക് ശേഷം സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ കപ്യാര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തു. എന്നാല്‍ മേല്‍പ്പറഞ്ഞ വൈദീകരുടെ ജനാഭിമുഖ കുര്‍ബാന സമാപിച്ച ശേഷം തിരുവസ്ത്രങ്ങളണിഞ്ഞ് ബലിയര്‍പ്പിക്കാനായി മദ്ബഹയിലേക്ക് പ്രവേശിച്ച അഡ്മിനിസ്‌ട്രേറ്ററെ കണ്ടതിനു പിന്നാലെ അവര്‍ വീണ്ടും ജനാഭിമുഖ കുര്‍ബ്ബാന തുടങ്ങി.
ഇത് കണ്ട് അഡ്മിനിസ്‌ട്രേറ്റര്‍ കൈകള്‍ ഉയര്‍ത്തി, ഇനി ജനാഭിമുഖ കുര്‍ബ്ബാന ചൊല്ലരുതെന്നും അതിന് അനുമതിയില്ലെന്നും പറഞ്ഞു. മാത്രമല്ല, അത് നിയമവിരുദ്ധമായതിനാല്‍ ഉടനടി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് അവര്‍ വീണ്ടും കുര്‍ബ്ബാന തുടര്‍ന്നു. ഈ സമയം അള്‍ത്താരയോട് ചേര്‍ന്നുനിന്ന് കൈകൂപ്പി പ്രാര്‍ത്ഥിക്കുകയല്ലാതെ അഡ്മിനിസ്‌ട്രേറ്റര്‍ റവ.ഫാ. ആന്റണി പൂതവേലിക്ക് മറ്റു വഴിയുണ്ടായിരുന്നില്ല. അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ പോലും ആ വൈദീകര്‍ എന്നെ അനുവദിച്ചില്ലെന്ന് മാത്രമല്ല, ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്ററുടെ കൈവശം കുര്‍ബ്ബാന തക്‌സ ഉണ്ടായിരുന്നില്ലെന്നത് വീഡിയോ കണ്ട എല്ലാവര്‍ക്കും മനസ്സിലാകുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാനോ തുടക്കം കുറിക്കാനോ അഡ്മിനിസ്‌ട്രേറ്ററിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല 23 ന് വൈകീട്ട് 5 മണി മുതല്‍ 24ന് പുലര്‍ച്ചെ വരെ അദ്ദേഹത്തിന് സങ്കീര്‍ത്തിയില്‍ കഴിഞ്ഞു കൂടേണ്ടതായി വന്നു.
വാസ്തവം ഇതായിരിക്കേയാണ്, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ മാര്‍ ആന്‍ഡ്രൂസ് താഴത്തു പിതാവും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് മദ്ബഹയില്‍ നടന്ന അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമെന്ന്് സാമൂഹ്യ മാധ്യമങ്ങളിലൂടെയുളള അസംബന്ധ പ്രചരണങ്ങള്‍ നടക്കുന്നത്. ഇത് ശുദ്ധ അസംബന്ധവും ദുരുപദിഷ്ടവുമാണ്.
സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബ്ബാന തടയുകയെന്ന ലക്ഷ്യത്തോടെ തുടര്‍ച്ചയായി കുര്‍ബ്ബാന ചൊല്ലി പ്രതിഷേധിച്ച വിമത വൈദീകരാണ് വിശുദ്ധ കുര്‍ബ്ബാനയേയും മദ്ബഹയേയും അവഹേളിച്ചത്. മാത്രമല്ല, സമരാഭാസങ്ങള്‍ക്കായി മദ്ബഹയെ വേദിയാക്കിയതും വിശുദ്ധ കുര്‍ബ്ബാനയെ സമര പരിപാടിയാക്കിയതും ക്രിസ്ത്രീയതയേയും ക്രിസ്ത്രീയ മൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതാണ്. മാത്രമല്ല, വെറുപ്പിന്റെയും വിദേ്വഷത്തിന്റെയും വിഷം ചീറ്റിക്കൊണ്ടുളള പ്രഭാഷണമാണ് വി.കുര്‍ബ്ബാന മദ്ധ്യേ സണ്ണിയച്ചന്‍ നടത്തിയത്. അഡ്മിനിസ്‌ട്രേറ്റര്‍ റവ.ഫാ ആന്റണി പൂതവേലിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അദ്ദേഹം തിരിച്ച് പ്രതികരിക്കാതെ ശാന്തനായി ഇരിക്കുകയാണുണ്ടായത്.
ധാര്‍മ്മികതയുടെ ഏത് കോണില്‍ നിന്നും നോക്കിയാലും വിമത വൈദീകരുടെ ഈ നടപടിയെ ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. എന്തായാലും എറണാകുളം സെ.മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ 2022 ഡിസംബര്‍ 20 മുതല്‍ 24 വരെയുളള ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ അനുചിതവും ഏറെ ദു:ഖകരമാണെന്നു മാത്രമല്ല, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്.
കഴിഞ്ഞ ഡിസംബര്‍ 16-ാം തീയതിയാണ് ബസിലിക്ക പളളിയുടെ അഡ്മിനിസ്‌ട്രേറ്ററായി റവ.ഫാ. ആന്റണി പൂതവേലില്‍ നിയമിക്കപ്പെടുന്നത്. 19 ന് വൈകിട്ടാണ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തത്. ചുമതലയേല്‍ക്കുന്നതിന് മുന്‍പ് വികാരി മോണ്‍. ആന്റണി നരികുളവുമായി ഒരു മണിക്കൂറോളം സൗഹൃദപൂര്‍വ്വം സംസാരിച്ചിരുന്നു. ഇരുവര്‍ക്കും സാഹചര്യങ്ങള്‍ നന്നായി ബോധ്യപ്പെടുകയും അപ്പസ്‌തോലികഅ അഡ്്മിനിസ്‌ട്രേറ്ററുടെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും മുന്നോട്ടു പോവുകയെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സഹവികാരിമാരായ റവ.ഫാ. ചാള്‍സ് തെറ്റയില്‍, റവ.ഫാ ബിനോയ് പാണാട്ട് എന്നിവരുമായും ആശയവിനിമയം നടത്തിയിരുന്നു. ജനാഭിമുഖ കൂര്‍ബ്ബാനയല്ലാതെ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കില്ലെന്ന് ഇരുവരും അസന്ദിഗ്ധമായി പറഞ്ഞു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ലഭിച്ച നിയമനപത്തേന്തി പ്രകാരം 20.12.2022 മുതല്‍ ബസിലിക്ക പളളിയില്‍ ഏകീകൃത കൂര്‍ബ്ബാനയായിരിക്കും പ്രാബല്യത്തില്‍ വരികയെന്നും അവരെ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 6.30 മണിക്കുളള വി.കുര്‍ബ്ബാന അഡ്മിനിസ്ട്രറ്ററായ റവ.ഫാ. ആന്റണി പൂതവേലിയാണ് അര്‍പ്പിക്കുകയെന്നും അല്ലെങ്കില്‍ അദ്ദേഹംനിയോഗിക്കുന്ന വൈദികരായിരിക്കും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയെന്നും വളരെ വ്യക്തമായി അവരെ ധരിപ്പിച്ചിരുന്നതുമാണ്.
പിന്നീടാണ് വാട്‌സ്ആപ്പില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ലഭിച്ച ഒരു വോയ്‌സ് മെസ്സേജ് അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കിയത്. ചൊവ്വാഴ്ച രാവിലെ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുകയില്ലെന്നായിരുന്നു ഭീഷണി സന്ദേശം. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തുടര്‍ച്ചയായുള്ള കൂര്‍ബ്ബാന അര്‍പ്പണാഭാസം അവസാനിപ്പിക്കാന്‍ വിശ്വാസികള്‍ വൈദികരോട് പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നതാണ്. ഇതിനൊന്നും ചെവികൊടുക്കാതെ വൈദീകര്‍ മുന്നോട്ട് പോയപ്പോഴാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതെന്നാണ് അറിയാനായത്. അതുകൊണ്ടാണ് പോലീസിന് എല്ലാവരെയും ബലമായി ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നും മനസ്സിലാക്കുന്നു.
ഡിസംബര്‍ 24-ാം തീയതി ശനിയാഴ്ച വൈകിട്ട് 4.30 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍വച്ച് തഹസീല്‍ദാരുടെയും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസിന്റെയും ഏ.സി.പി.യുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ്, സമവായം ഉരുത്തിരിയുന്നതു വരെ ബസിലിക്ക പളളിയില്‍ തിരുക്കര്‍മ്മങ്ങളൊന്നും നടത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്.
ചെറിയനോമ്പുകാലത്ത് ബസിലിക്ക പളളിയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളും അതിലേക്ക് വഴിതെളിച്ച വൈദികരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനങ്ങളും തികച്ചും ദു:ഖകരവും അപലനീയവുമാണെന്ന് പറയാതെ വയ്യ അഭിവന്ദ്യ മാര്‍ ആന്‍ഡ്രൂസ് പിതാവ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.
ഇരുകൂട്ടരും പ്രാര്‍ത്ഥനാപൂര്‍വ്വം യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബസിലിക്കയില്‍ ശാശ്വതമായ ഒരു സമാധാനന്തരീക്ഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഫാ. ആന്റണി പൂതവേലില്‍
അഡ്മിനിസ്‌ട്രേറ്റര്‍,
സെ.മേരീസ്
കത്തീഡ്രല്‍ ബസിലിക്ക,
എറണാകുളം.
29.12.2022