18-ാം നൂറ്റാണ്ടിൽ എഴുതിയ പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ “വർത്തമാന പുസ്തക”ത്തിൽ ഒരു വിഷയത്തെ വിവരിക്കുന്നത് ഇപ്രകാരമാണ്:
“…. ഇങ്ങനെ നാലാറു ദിവസം എല്ലാവരും കൂടി സംസാരിച്ചു കണ്ടപ്പോൾ നമ്മുടെ ജാതിക്കു തലവൻ ഇല്ലാതായ്കകൊണ്ടുള്ള കുറച്ചിൽ എല്ലാവർക്കും നന്നായി പ്രസിദ്ധമാകുകയും ചെയ്തു! അതെന്തെന്നാൽ തങ്ങളുടെ ജാതിയിൽ തങ്ങൾക്ക് തലവനും യജമാനനും ഉണ്ടായിരുന്ന പഴയകാലങ്ങളിൽ യാതൊരു കാര്യമായാലും ഏകമനസ്സോടും ഒരുമയോടും കൂടെ പുറപ്പെടുവാൻ മര്യാദി ആയിരുന്ന മാപ്പിളമാരുടെ സമൂഹം പണ്ടുപണ്ടേയുള്ള തങ്ങളുടെ മര്യാദയും ക്രമവും ഉപേക്ഷിച്ച് പല പല ചിന്നമായി… “
ഭാരതത്തിലെ തോമാ ക്രിസ്ത്യാനികൾക്ക് സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ നൂറ്റാണ്ടുകളായി നേതൃത്വം വഹിച്ചിരുന്നത് അൽമായ നേതാവായിരുന്നു. ഇതാണ് ചരിത്രം. ഈ നേതാവിനെ ജാതിക്കു കർത്തവ്യൻ അഥവാ അർക്കദിയാക്കോൻ (Arch Deacon) എന്ന് വിളിച്ചിരുന്നു.
അർക്കദിയാക്കോന്മാരുടെ ശ്രേണിയിലെ ഒടുവിലത്തെ അർക്കാദിയാക്കോൻ ആയിരുന്ന മാത്യൂവിൻ്റെ മരണത്തിനു ശേഷം (AD 1706) ഭാരത ക്രൈസ്തവ സഭയിൽ, സമുദായത്തിന് രാഷ്ട്രീയ നേതൃത്വം നൽകാൻ പകരം സംവിധാനം ആരും കണ്ടെത്തിയില്ല. സഭയുടെ മുന്നോട്ടുള്ള ഗമനത്തിന് രാഷ്ടീയ നേതൃത്വംനൽകി നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്ന അൽമായ നേതൃസംവിധാനത്തിൻ്റെ അഭാവം ക്രൈസ്തവ സൂഹത്തിൽ ഇന്ന് ഏറെ അരാജകത്വം സൃഷ്ടിക്കുന്ന സംഗതിയാണ്.
അര്‍ക്കദിയാക്കോന്‍ എന്ന സമുദായനേതാക്കന്മാര്‍ ചരിത്രത്തില്‍ നിഷ്കാസിതരായ ശേഷം പകരക്കാരായി വന്ന പൗരോഹിത്യ നേതൃത്വമാകട്ടെ, തങ്ങൾ വിശ്വാസപരവും അതോടൊപ്പം ഏതാനും ചില (ഉദാ: വിദ്യാഭ്യാസം, ആരോഗ്യരംഗം) സാമൂഹിക വിഷയങ്ങളിലും മാത്രം ശ്രദ്ധിച്ചാല്‍ മതി എന്ന നിലപാടെടുക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ക്രൈസ്തവന് 21-ാം നുറ്റാണ്ടിൽ രാഷ്ട്രീയ നേതൃത്വം നൽകാൻ ആരും ഇല്ലാതായി. ഈ ദുരവസ്ഥയ്ക്ക് എന്തെങ്കിലും പരിഹാരമാർഗ്ഗം നമുക്ക് മുന്നിൽ ഉണ്ടോ എന്നതാണ് ഇന്നത്തെ പ്രധാന ചോദ്യം!
ആര്‍ച്ച് ഡീക്കണേറ്റ് സംവിധാനം (Arch Deaconate Office അര്‍ക്കദിയാക്കോന്‍റെ ഓഫീസ് ) പുനഃസ്ഥാപിക്കുക എന്നതുമാത്രമാണ് ക്രൈസ്തവര്‍ നേരിടുന്ന നിലവിലുള്ള എല്ലാ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുവാനുള്ള ഒരേയൊരു മാര്‍ഗ്ഗം.
അര്‍ക്കദിയാക്കോന്മാര്‍ സമുദായ നേതൃത്വം ഏറ്റെടുത്ത് നടത്തിയിരുന്ന കാലഘട്ടങ്ങളില്‍ പൊതുസമ്മതനായ ഒരുവന്‍റെ ശബ്ദം ക്രൈസ്തവ സമൂഹത്തിന്‍റെ മുഴുവൻ ശബ്ദമായി ഉയര്‍ന്നുകേട്ടിരുന്നു. എന്നാൽ ഇന്ന് സംഗതി ആകെ മാറിയിരിക്കുന്നു. വിവിധ സംസ്കാരങ്ങളുടെയും ദൈവശാസ്ത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ക്രൈസ്തവികതയെ നിര്‍വ്വചിക്കുന്ന നിരവധി ക്രൈസ്തവ സഭകള്‍ ഇന്ന് ഭാരതത്തിലുണ്ട്. അതിനാൽ ഒരു സഭാ സമൂഹത്തെയും അവഗണച്ച് രാഷ്ട്രീയമായി സംഘടിക്കാനോ മുന്നേറുവാനോ നമുക്ക് കഴിയില്ല. അതോടൊപ്പം ക്രൈസ്തവ സഭകൾക്കെല്ലാം പൊതുസമ്മതനും നേതൃപാടവമുള്ളവനുമായ ഒരു വ്യക്തിയെ കണ്ടെത്തുക എന്നതും ഏറെ പ്രയാസമുള്ള സംഗതി ആയിരിക്കും. ഇതിനു പരിഹാരമായി ആർക്കദിയാക്കോൻ ഓഫീസിൽ കത്തോലിക്കാ, ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ്, പെന്‍റക്കൊസ്റ്റല്‍സ് എന്നിങ്ങനെ എല്ലാ സഭകളുടെയും അല്‍മായ പ്രതിനിധികളുടെ സംയുക്തമായ സംഘത്തെയാണ് ഉൾപ്പെടുത്തേണ്ടത്. സഭകളുടെ പ്രതിപുരുഷന്മാരുടെ സംഘം ഒരുമിച്ചിരുന്ന് രാഷ്ട്രീയ സാമൂഹിക രംഗത്ത് ക്രൈസ്തവർക്ക് നേതൃത്വം നൽകണം.
ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാ സഭാവിഭാഗങ്ങളുടെയും നേതൃത്വങ്ങള്‍ സംയുക്തമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു.
ഭാരത ക്രൈസ്തവ സഭകളുടെ ആത്മീയവും ഭൗതികവുമായ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് ബൈബിള്‍ അധിഷ്ഠിതമായ സഭാഭരണ മാതൃകയുടെ (അപ്പ പ്രവൃത്തി 6:1-6) പുനഃസ്ഥാനപത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. വാസ്തവത്തിൽ ഇപ്രകാരമൊരു ഭരണ സംവിധാനമാണ് നൂറ്റാണ്ടുകളായി സെൻ്റ് തോമസ് ക്രിസ്ത്യാനി സമൂഹത്തിൽ നിലനിന്നിരുന്നത്. ഇന്നത്തെ ഇന്ത്യന്‍ ക്രൈസ്തവന്‍ നേരിടുന്ന എല്ലാ സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികളെയും മറികടക്കാന്‍ ഇപ്രകാരമുള്ള സഭാ ഭരണ സംവിധാനത്തിനു സാധിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയതും ശക്തവുമായ കത്തോലിക്കാ സഭയുടെ ബിഷപ്സ് കൗണ്‍സില്‍ (CBCI), കെസിബിസി തുടങ്ങിയ സംഘടനകള്‍, ഓർത്തഡോക്സ്, യാക്കോബായ സഭാ നേതൃത്വങ്ങൾ, മറ്റ് സഭകളുടെ പൗരോഹിത്യ, അല്‍മായ സംഘടനകള്‍ എന്നിവ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നു.
ഇത് ഭാരത ക്രൈസ്തവ സമൂഹത്തിൻ്റെ നിലനിൽപിൻ്റെ പ്രശ്നമാണ്!
മാത്യൂ ചെമ്പുകണ്ടത്തിൽ