ഒരു വ്യക്തിയുടെ അനുദിനജീവിതത്തിലെ പ്രവർത്തികൾ എല്ലാം യുക്തിയിൽ അധിഷ്ഠിതമാണ്. പലപ്പോഴും നമ്മളുടെ സ്നേഹം, ദയ, വാത്സല്യം, കോപം, വെറുപ്പ് തുടങ്ങി ഒട്ടനവധിയായ വികാരങ്ങളാണ് നമ്മളെ മറ്റുള്ളവരെ വിധിക്കുവാൻ സ്വാധീനിക്കുന്നത്. പലപ്പോഴും നമ്മിൽ രൂപീകൃതമാകുന്ന ധാരണകളെയും അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കി ഉരുത്തിരിയുന്ന തീരുമാനങ്ങളാലാണ് നാം മറ്റുള്ളവരെ വിധിക്കുന്നത്.
വിധിയെന്നത് ചില വസ്തുതകളെയും അറിവുകളെയും ആധാരമാക്കി, ചില തീരുമാനങ്ങളെടുക്കാൻ നമ്മെ സഹായിക്കുന്ന ഒരു പ്രക്രിയ ആണ്. ആയതിനാൽ, ശരിയായ തീരുമാനങ്ങൾ എടുക്കണമെങ്കിൽ നമ്മുടെ വിധി ശരിയായിരിക്കണം. എന്നാൽ, ശരിയായി വിധിക്കുവാൻ ധാരാളം തടസ്സങ്ങൾ നമ്മിലും നമ്മുടെ ചുറ്റിലും ഉണ്ട്. ഒന്നാമതായി നമ്മെ വഴിതെറ്റിക്കുന്നത് വിധിക്കാൻ നമ്മെ സഹായിക്കുന്ന വസ്തുതകളും അറിവുകളും തന്നെയാണ്. നമ്മുടെ തന്നെ മുൻധാരണകളും ലോകം പകർന്നു നല്കുന്ന തെറ്റിധാരണകളും പലപ്പോഴും വസ്തുതകളായി രൂപം മാറി നമ്മുടെ വിധിയെ സ്വാധീനിക്കാറുണ്ട്.
നമ്മുടെ സ്വാർത്ഥതകളെ തൃപ്തിപ്പെടുത്തിക്കൊണ്ട്, നമുക്ക് വേണ്ടവയെ ന്യായീകരിക്കുവാനും നമുക്കാവശ്യമില്ലാത്തവയെ തള്ളിക്കളയുവാനും നമ്മൾ വിധിയെ ഉപയോഗിക്കുന്നു. പലപ്പോഴും ദൈവത്തിൻറെ സഭയിൽ അംഗങ്ങളായവരെയും സമൂഹത്തിലുള്ള വ്യക്തികളെയും എന്തിനേറെ പറയുന്നു കുടുംബാഗങ്ങളെ തമ്മിലും നമ്മുടെ ധാരണ അനുസരിച്ച് നാം വിധിക്കുന്നു. എന്നാൽ മറ്റുള്ളവരെ വിധിക്കുന്നത് തെറ്റാണു എന്നും ഗൗരവമായ പാപം ആണെന്നും തിരുവചനം പഠിപ്പിക്കുന്നു. നാം വിധിക്കുന്നത് ദൈവത്തിന്റെ മറ്റു മക്കളെ തന്നെയാണ്. മറ്റുള്ളവരെ വിധിക്കുക എന്ന മാരക പാപത്തിൽ നിന്ന് നാം ഓരോരുത്തർക്കും അകന്നു നിൽക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.