
കർത്താവിന്റെ രണ്ടാംവരവിനെപറ്റി ഓർമിപ്പിച്ചുകൊണ്ട് ഈശോ നമുക്കെല്ലാവർക്കും അന്ത്യവിധിയെകുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ടുതാനും. എന്നാൽ, ആ സമയം എപ്പോൾ വരും എന്നതിലല്ല, മറിച്ചു അത് വരുമ്പോൾ നമ്മുടെ ആത്മാവിന്റെ അവസ്ഥ എന്താണ് എന്നതിലാണ് കാര്യം എന്ന വസ്തുത പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്നു. സത്യമാകുന്ന പ്രകാശത്തിലാണോ നാമിന്നു ജീവിക്കുന്നത്, അതോ പാപാന്ധകാരത്തിലോ? പ്രത്യാശയിൽനിന്നും നിരാശയിലേക്ക് വഴിതെറ്റിപ്പോകുന്ന ത്രിസന്ധ്യയിലാണോ നമ്മൾ, അതോ ഇരുൾ നിറഞ്ഞ വഴികളിൽനിന്നും ദൈവസ്നേഹത്തിലേക്ക് ഉണർന്നെണീക്കുന്ന പ്രഭാതാവസ്ഥയിലോ?

പാപത്തെക്കുറിച്ചു എത്രയൊക്കെ ബോധ്യങ്ങൾ ലഭിച്ചാലും അവയെ ഉപേക്ഷിക്കാൻ നമ്മൾ പലപ്പോഴും മടികാട്ടാറുണ്ട്. പാപത്തിലൂടെ ലഭിക്കുന്ന ലൗകീകസുഖങ്ങൾ ഉപേക്ഷിക്കുവാനുള്ള വിമുഖതയാണ് ഒട്ടേറെപ്പേരെ പാപത്തിൽ ഉറച്ചു നിറുത്തുന്നത്. തങ്ങൾ ചെയ്യുന്നതൊന്നും അത്ര വലിയ പാപമല്ല എന്നുതുടങ്ങി കുറേക്കാലം കൂടി പാപം തരുന്ന സുഖങ്ങൾ അനുഭവിച്ചിട്ടു അതിൽനിന്നു പിന്തിരിയാം ഇന്നുവരെയുള്ള ഒട്ടേറെ ന്യായവാദങ്ങൾ ഇക്കൂട്ടർ ഉയർത്താറുമുണ്ട്. ലഘുപാപങ്ങൾ ആണെങ്കിൽ കൂടിയും, അവ പാപമാണെന്നറിഞ്ഞുകൊണ്ട് ചെയ്യുമ്പോൾ, ലഘുവായ വിധിക്കവ അർഹമായില്ലെന്നും വരാം. ജീവിതത്തിൽ ഒട്ടേറെ ലഘുപാപങ്ങൾ കൂട്ടിവച്ചാൽ അവ ഒരു മാരകപാപത്തിന്റെ ഫലം ചെയ്യും.

ഗലാത്തിയാ 5 : 16 ൽ പറയുന്നു, നിങ്ങളോടു ഞാന്‍ പറയുന്നു, ആത്‌മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്‌തിപ്പെടുത്തരുത്. നമ്മളുടെ ഒരോ പ്രവർത്തിയും ദൈവഹിതത്തിനും, തിരുവചനത്തിനും അനുസരിച്ചായിരിക്കണം. നമ്മൾ ഏതു പ്രവർത്തിയും ചെയ്യുമ്പോൾ ദൈവം നമ്മളുടെ ഏതു പ്രവർത്തിയും കാണുന്നുണ്ട് എന്ന് നാം ചിന്തിക്കണം. നാം ഓരോരുത്തർക്കും കർത്താവിന്റെ വരവിനായി ഒരുങ്ങാം.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.







