പുരോഹിത ശുശ്രൂഷയിൽ തിരിഞ്ഞുനോക്കുമ്പോൾ ഹൃദയത്തെ മഥിക്കുന്ന ചില നിമിഷങ്ങളുണ്ട്.

മരണാസന്നരായ വിശ്വാസികളുടെ അടുക്കൽ പ്രാർത്ഥിക്കാൻ പോകുന്നതാണ് അതിലൊന്ന്.

പ്രാർത്ഥിക്കാൻ ചെല്ലുമ്പോൾ തന്നെ അവർക്കറിയാം ഇത് ഒരുപക്ഷേ അവസാനത്തേതായിരിക്കുമെന്ന്. പക്ഷെ അങ്ങനെ കരുതാൻ ചിലരെങ്കിലും ഇഷ്ടപ്പെടില്ല. അവസാനത്തെ കച്ചിത്തുരുമ്പിലെന്ന പോലെ നമ്മിലെ പുരോഹിതനെ പ്രത്യാശയുടെ കരങ്ങൾ നീട്ടി അവർ വരിഞ്ഞുമുറുക്കും. എല്ലാം അവസാനിച്ചെന്നു ബുദ്ധി പറയുമ്പോഴും ഒന്നും അവസാനിച്ചിട്ടില്ലെന്ന് ഹൃദയം ആവർത്തിക്കും. നിസ്സഹായതയുടെ നെല്ലിപ്പലകയിൽ കിടക്കുമ്പോഴും പ്രത്യാശയുടെ പടിവാതിൽ അവർ സ്വപ്നം കാണും.

പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ പാതിതുറന്ന മിഴികളിലൂടെ അവർ ഒരു നോട്ടമയയ്ക്കും. ദൈവത്തെ കണ്ടാലെന്ന പോലെ അവരുടെ മുഖം പ്രകാശിക്കും. ശിരസ്സിൽ കരം തൊടുമ്പോൾ അവരുടെ ശരീരം വിറയ്ക്കും. തൈലം പൂശുമ്പോൾ മിഴികൾ കവിഞ്ഞൊഴുകും. ഉൽക്കടമായ ആഗ്രഹത്തോടെ ജീവിതത്തെ ഒന്നുകൂടി അവർ പുൽകാനായും. കരത്തോടു കരം ചേർത്തു വയ്ക്കുമ്പോൾ നമ്മുടെ ജീവൻ കൂടി അവർ വലിച്ചെടുത്തേക്കുമോ എന്ന് നമ്മൾക്കു ഭയം തോന്നും.

കുർബാനയപ്പം നീട്ടുമ്പോൾ സംശയിക്കാനാവാത്ത സത്യസന്ധതയോടെ അവർ അനുതപിക്കും. കണ്ണു കണ്ടിട്ടില്ലാത്തതും കേൾവിയിൽ പെട്ടിട്ടില്ലാത്തതുമായ നിത്യതയിലേക്കു നയിക്കുന്ന ക്രിസ്തുവിന്റെ സ്ഥാനപതിയിൽ അവരപ്പോൾ മറ്റെന്തിനേക്കാളും വിശ്വാസമർപ്പിക്കും. സ്വർഗം പിടിച്ചെടുക്കാൻ വെമ്പൽകൊള്ളും.

അപ്പോൾ പുരോഹിതന്റെ ഹൃദയം ഇരുളു മൂടിയ ഒരു ടണലാവും. ഒരറ്റത്ത് പ്രാർത്ഥിക്കുന്നയാൾ. മറ്റേ അറ്റത്ത് പ്രാർത്ഥന കേൾക്കേണ്ടയാൾ. ചില നേരങ്ങളിൽ ചോദ്യോത്തരങ്ങൾ സങ്കീർണമാകും. ഇരുളും വെളിച്ചവും മാറി മാറി ഉള്ളു പൊള്ളിക്കും. അപ്പോൾ അയാളുടെ ഹൃദയം മണലു കണക്കെ ഉരുകിയൊലിക്കും!

Fr.Sheen Palakkuzhy 

നിങ്ങൾ വിട്ടുപോയത്