ഉടലിൻ്റെ ദൈവശാസ്ത്രം

ശാരീരികമായി വല്ലാതെ ക്ഷീണിച്ച
ഒരു യുവതി പറഞ്ഞതത്രയും സ്വന്തം ശരീരത്തിൻ്റെ ക്ഷീണം മൂലം
അനുഭവിക്കുന്ന വ്യഥകളെക്കുറിച്ചായിരുന്നു.

“അച്ചനറിയുമോ, ഞാൻ ധാരാളം ഭക്ഷണം കഴിക്കുന്നുണ്ട്. പക്ഷേ,
ശരീരത്തിൽ പിടിക്കുന്നില്ല.
അതുകൊണ്ട് ഒരു നല്ല വിവാഹം
എനിക്ക് കിട്ടുമോ എന്നുപോലും ഞാൻ ആശങ്കപ്പെടുകയാണ്.
എവിടെപ്പോയാലും എന്നെത്തന്നെയാണ് ആളുകൾ നോക്കുന്നത്. അവർ പരസ്പരം അടക്കം പറയുന്നതും എന്നെക്കുറിച്ചാണെന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നു.

അതുകൊണ്ട് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വിവാഹത്തിനോ
മറ്റു ചടങ്ങുകൾക്കോ പോകാൻ കഴിയുന്നില്ല.
എന്തിന്, പളളിയിൽ പോകാൻ പോലും മടിയാണ്. വീടുവിട്ട് പുറത്തിറങ്ങേണ്ടി വരുമ്പോൾ ഞാനനുഭവിക്കുന്ന ടെൻഷൻ
പറഞ്ഞറിയിക്കാനാകില്ല.”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഞാനവളോടു പറഞ്ഞു:
”നീ പറഞ്ഞതെല്ലാം എനിക്ക് മനസിലാകുന്നുണ്ട്.
ഒരു കാര്യം അറിയുക,
നമ്മുടെ നിറമോ, ഉയരമോ,
വണ്ണമോ, കുടുംബമോ,
മാതാപിതാക്കളോ, സഹോദരങ്ങളോ
നാം തിരഞ്ഞെടുക്കുന്നതല്ല.
അതൊക്കെ ദൈവം അനാദിമുതലേ
ഒരുക്കി വച്ചതാണ്.

നമ്മെ സൃഷ്ടിച്ച ദൈവത്തിന്
നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്.
ഒരു കുടുംബത്തിലെ ഓരോ അംഗളേയും പ്രത്യേകമാംവിധം സാദൃശ്യങ്ങളിൽ മാറ്റം വരുത്തിയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്.
ഇരട്ടകളിൽ അവരുടെ
വിരലടയാളം പോലും
ദൈവം അസാധാരണമാം വിധം
മാറ്റം വരുത്തിയിരിക്കുന്നു.

അഴകിനും നിറത്തിനുമാണ്
പ്രധാന്യമെങ്കിൽ
മഹാത്മാഗാന്ധി, മദർ തെരേസ,
നെൽസൺ മണ്ടേല, എബ്രഹാം ലിങ്കൺ തുടങ്ങിയവരെയെല്ലാം ലോകം ആദരിക്കുമായിരുന്നോ?
ശാരീരിക വൈകല്യങ്ങൾ മൂലം
സമൂഹത്തെ അഭിമുഖീകരിക്കാൻ
മടിച്ചവർ പോലും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർന്നുവന്ന എത്രയെത്ര കഥകൾ നമുക്ക് ചുറ്റുമുണ്ട്?

അന്ധയായ ഹെലൻ കെല്ലറും
ബധിരനായിരുന്ന ബീഥോവനും
തടവറയിലായിരുന്ന ജോൺ മിൽട്ടനും
കൈകാലുകളില്ലാത്ത നിക് വുജിസിക്കും
നമ്മളെ പഠിപ്പിക്കുന്ന പാഠങ്ങൾ എത്ര വലുതാണ്?
അതുകൊണ്ട്, സ്വയം അംഗീകരിക്കാൻ പരിശ്രമിക്കുക. ദൈവഹിതത്തിന്
എൽപിച്ചു കൊടുക്കുക.
അവിടുന്ന് എല്ലാം ക്രമീകരിക്കും.”

എനിക്കു നന്ദി പറഞ്ഞ് ഏറെ
സന്തോഷത്തോടെയാണ്
ആ യുവതി മടങ്ങിപ്പോയത്.

നമ്മളിൽ ചിലരെങ്കിലും
ആ യുവതിയെപ്പോലെ
ആകാര വടിവിനെക്കുറിച്ചും
നിറത്തെക്കുറിച്ചും വീടിനെക്കുറിച്ചുമെല്ലാം ഉൽക്കണ്ഠപ്പെടുന്നവരല്ലെ?

ഇവിടെയാണ്
“നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക”
(മര്‍ക്കോസ്‌ 12 : 31) എന്ന ക്രിസ്തു വചനത്തിന് മൂർച്ചയേറുന്നത്.

സ്വന്തം കുറവുകളോടു കൂടെ
തന്നെത്തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യാതെ
അപരനെ ആത്മാർത്ഥമായ്
സ്നേഹിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം നമുക്ക് തിരിച്ചറിയാം.

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്