പ്രസ്തുത വചനം പറയുന്നത് ഇസ്രായേൽ ജനതയുടെ നിലവിളി ആണ്. ഇസ്രായേൽ ജനത ഫറവോയുടെ ചാട്ടവാറടിയേറ്റ് പൊള്ളുന്ന സൂര്യന്റെ ചൂടിൽ അടിമപ്പണിയെടുത്ത് ദൈവത്തോട് നിലവിളിച്ചു . ദൈവം നിലവിളി കേൾക്കുകയും തക്ക സമയത്ത് ചെങ്കടൽ പിളർത്തി തേനും പാലും ഒഴുകുന്ന കാനാൻ ദേശത്തേയ്ക്ക് ദൈവം അവരെ നയിച്ചു. ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് ഒന്നും മറുപടി കിട്ടാതെ പലപ്പോഴും നിലവിളിക്കുന്നവരാകാം നമ്മൾ. കണ്ണുനീർ താഴ്വരയിൽ നമ്മൾ ഒറ്റയ്ക്കല്ല, നമ്മളുടെ കൂടെ ദൈവം ഉണ്ട്. പൊട്ടക്കിണറിന്റെ കൂരിരുട്ടിനുള്ളിൽ സഹോദങ്ങൾ ജോസഫിനെ തള്ളിയിട്ടു. ജോസഫ് കരുതി തന്റെ ജീവിതം തീർന്നു എന്ന്. പൊട്ടക്കിണറിൽ കിടന്ന് ജോസഫ് ദൈവത്തോട് നിലവിളിച്ചു. പൊട്ടക്കിണറിന്റെ താഴ്വരയിൽ നിന്ന് ജോസഫിനെ ഈജിപ്തിന്റെ ഭരണാധികാരിയാക്കി നമ്മുടെ ദൈവം
ദൈവനാമത്തെ ഏറ്റു പറഞ്ഞതു കൊണ്ട് സിംഹത്തിന്റെ കുഴിയിലേയ്ക്ക് എറിഞ്ഞ ദാനിയേലിനുവേണ്ടി സിംഹത്തിന്റെ വായ് പൂട്ടിയവനാണ് നമ്മുടെ കർത്താവ്. മരുഭൂമിയുടെ മണൽപ്പരപ്പിൽ മകനെ കിടത്തി മാറി നിന്ന് മാറത്തടിച്ചു കരഞ്ഞ ഒരു ഹാഗാറുണ്ട്. നിലവിളിച്ച ഹാഗാറിനു വേണ്ടി മരുഭൂമിയിൽ തെളിനീർ ഒരുക്കിയവനാണ് ദൈവം. തിരുവചനത്തിൽ എനിക്കൊരു മകനെ തരികയില്ലയോ എന്നു പറഞ്ഞു കരഞ്ഞ ഒരു ഹന്നയുണ്ട്. ഹന്നയ്ക്കു താരാട്ടു പാടിയുറക്കാൻ ഒരു കുഞ്ഞിനെ നൽകിയവനാണ് ദൈവം. പത്മോസിന്റെ ഒറ്റപ്പെടലിൽ വേദനിച്ച യോഹന്നാനെ സ്വർണ്ണ സ്പടിക തുല്യമായ സ്വർഗ്ഗം കാട്ടിക്കൊടുത്തവനാണ് നമ്മുടെ ദൈവം. മരിച്ച ലാസറിന്റെ പ്രതീക്ഷയറ്റ സഹോദരങ്ങളൾക്ക് ലാസറിന് പുതുജീവൻ നൽകി ലാസറിന്റെ സഹോദങ്ങളുടെ കണ്ണുനീര് ഒപ്പിയവനാണ് നമ്മുടെ ദൈവം
പ്രസ്തുത വചനഭാഗങ്ങളിൽ നിന്ന് നാം മനസിലാക്കുന്നത്, നമ്മുടെ ദൈവം നിലവിളി കേൾക്കുന്ന ദൈവം ആണ്. മുകളിൽ പറഞ്ഞ വ്യക്തികൾ പ്രതിസന്ധി ഘട്ടങ്ങളിൽ തളർന്നു പോയില്ല, പ്രാർത്ഥന അവസാനിപ്പിച്ചില്ല, മടുത്തുപോകാതെ പ്രാർത്ഥിച്ചു. ദൈവം അവരുടെ നിലവിളി കേൾക്കുകയും, ഉത്തരമരുളുകയും ചെയ്തു. നാം ഓരോരുത്തർക്കും പൂർണ്ണഹൃദയത്തോടെ കർത്താവിൽ വിശ്വസിക്കാം, അവിടുന്ന് നമ്മെ അനുഗ്രഹിക്കും. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.