“There are only two ways to live your life.One is as though nothing is a miracle.The other is as though everything is a miracle”.
ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളാണിത്. ഇറ്റാലിയൻ സംവിധായകനായ മാർക്കോ പോന്തെകോർവൊയുടെ (Marco Pontecorvo) ഫാത്തിമ (Fatima) എന്ന സിനിമയുടെ അവസാനം ഈ വരികൾ തെളിഞ്ഞു വരുന്നുണ്ട്. കത്തോലിക്കാ ആത്മീയതയുടെ പാതയിൽ സഞ്ചരിക്കുന്നവർ കാണേണ്ട ഒരു ചലച്ചിത്രം തന്നെയാണത്. നിഷ്കളങ്ക മനസ്സുകളുടെ കാഴ്ചകളെയും, അനുഭവങ്ങളെയും, ആത്മഹർഷങ്ങളെയും ചിത്രീകരിച്ചതിനു ശേഷം സംവിധായകൻ നമുക്ക് നൽകുന്ന സന്ദേശമാണിത്. ജീവിതത്തിന്റെ വിസ്മനിയതയെ ഒരു കുഞ്ഞിനെപ്പോലെ അനുഭവിക്കുക. എന്തിലും ഏതിലും ദൈവകരം ദർശിക്കാൻ സാധിക്കുന്ന ആത്മനയനങ്ങൾ ഉണ്ടാകുക. സുന്ദരമാണത്. ഒപ്പം ഊർജവുമാണ്. എന്നെ കൈവിടാതെ ഒരു സാന്നിധ്യം എപ്പോഴും എന്റെ കൂടെയുണ്ട് എന്ന ബോധ്യം നൽകുന്ന ആത്മധൈര്യം. അതെ, വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കുമെന്നു ഉറപ്പു നൽകിയവൻ ഹൃദയത്തിനുള്ളിൽ ഒരു തിരിനാളമായി തെളിഞ്ഞു നിൽക്കുമ്പോൾ എല്ലാം അത്ഭുതം തന്നെയാണ്. പറഞ്ഞു വരുന്നത് സിസ്റ്റർ ഷീബയെക്കുറിച്ചും കൂടിയാണ്. അപ്പോൾ ചോദിക്കാം ആരാണ് സിസ്റ്റർ ഷീബയെന്ന്. സുഹൃത്താണ്. പെരുമ്പാവൂർ – വല്ലം സ്വദേശിനി. ഫ്രാൻസ് കേന്ദ്രീകൃതമായ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്ക് എന്ന സന്യാസസഭയുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആണ്. കഴിഞ്ഞ ദിവസമാണ് 800 അടി ആഴമുള്ള ഒരു കൊക്കയിലേക്ക് സിസ്റ്റർ ഷീബയുടെ കാർ തെന്നി മറിഞ്ഞു വീണത്. കൂടെ മഡഗാസ്കർ സ്വദേശിനിയായ ഒരു സിസ്റ്ററും ഉണ്ടായിരുന്നു. മരണത്തെ മുഖാമുഖം ദർശിച്ച അനുഭവമായിരുന്നു അത്. ആ അപകടം ഫ്രാൻസിലെ Gueberschwhir പ്രവിശ്യയിൽ പത്രവാർത്ത തന്നെയായിരുന്നു. അറിയില്ല സിസ്റ്ററിനും ആ അപകടത്തിൽ നിന്നും എങ്ങനെ രക്ഷപ്പെട്ടെന്ന്. വാഹനത്തിന്റെ ചില്ലുകൾ പൊട്ടി കൈപ്പത്തിയിൽ തുളച്ചുകയറിയതല്ലാതെ ആന്തരികമായ ക്ഷതമോ എല്ലുകൾക്കും പൊട്ടലോ ഒന്നും തന്നെയില്ല. ആ മഡഗാസ്കർ സ്വദേശിനിയായ സിസ്റ്റർക്കും ഒന്നും സംഭവിച്ചില്ല. ഇതെങ്ങനെ സംഭവിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒരു പോറൽ പോലുമില്ലാതെ സിസ്റ്റർമാർ രക്ഷപ്പെട്ടിരിക്കുന്നു! രക്ഷിക്കാൻ വന്ന ഫയർഫോഴ്സ്കാർക്കും പറയാനുള്ളത് അത്ഭുതത്തിന്റെ കഥകൾ മാത്രമാണ്.
പലപ്രാവശ്യവും മിഴികൾ സജ്ജലമാക്കുന്ന ചിന്തകൾ മനസ്സിലേക്ക് കടന്നു വരാറുണ്ട്. എത്രയോ വലിയ കാരുണ്യമാണ് ദൈവം എന്നിൽ ചൊരിഞ്ഞിരിക്കുന്നത്. ഇടറി വീഴുമ്പോഴും കുറ്റപ്പെടുത്താതെ കുളിർമയായി കൂടെ നിൽക്കുന്ന സാന്നിധ്യമാണവൻ. നൊമ്പര കടലിന്റെ ആഴങ്ങളിലും മരണം പതിയിരിക്കുന്ന ഇടങ്ങളിലും നമ്മൾ തെന്നി വീഴുമ്പോൾ താങ്ങിനിർത്തുന്ന ഒരു അദൃശ്യ കരം! അത് അനുഭവിച്ചവർക്ക് എന്നും വിസ്മയമാണ് ജീവിതം. അങ്ങനെയുള്ളവർക്ക് പിന്നീടുള്ള ജീവിതം ബോണസ്സാണ്. ആ ബോണസിനെ ഞാൻ സമ്മാനം എന്ന് വിളിക്കും. കാരണം, തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ദാനമാണത്. അതെ, എന്ത് തിരിച്ചു കൊടുക്കാൻ സാധിക്കും? അനന്ത സ്നേഹത്തിനു മുന്നിൽ പ്രതിഫലങ്ങൾ എല്ലാം നീർകണങ്ങൾ മാത്രം.
എന്നും ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന ഒരു വചനമുണ്ട്. അതും കൂടി കുറിച്ചു കൊണ്ട് ഈ കുറിപ്പ് നിർത്തട്ടെ: “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ”(റോമ 8:28).
/// ഫാ .മാർട്ടിൻ N ആന്റണി ///