കാക്കനാട്: സഭയുടെ ആരാധനക്രമത്തിന്റെയും വിശ്വാസസമ്പത്തിന്റെയും നെടുംതൂണുകളായ അനാഫൊറകളെക്കുറിച്ച് ‘സീറോമലബാര്‍ സഭയിലെ അനാഫൊറകള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍’ എന്ന തലക്കെട്ടില്‍ ഒരു വൈദികന് സത്യദീപം എന്ന ക്രൈസ്തവപ്രസിദ്ധീകരണത്തില്‍ (17.1.2021) എഴുതിയ ലേഖനം സഭയുടെ പഠനങ്ങളോട് ചേര്‍ന്ന് പോകുന്നതോ വിശ്വാസപരിപോഷണത്തിന് സഹായകരമോ അല്ലായെന്ന് സീറോമലബാര്‍ ആരാധനക്രമകമ്മീഷന്‍ അറിയിക്കുന്നു.
മാര്‍ തിയദോറിന്റെയും മാര്‍ നെസ്തോറിയസിന്റെയും അനാഫൊറകള്‍ ആറാം നൂറ്റാണ്ടുമുതല്‍ നമ്മുടെ സഭയില്‍ ഉപയോഗത്തിലുള്ളതാണ്. ഉദയംപേരൂര്‍ സൂനഹദോസിനെത്തുടര്‍ന്ന് (1599) നിര്‍ത്തലാക്കപ്പെട്ട ഈ അനാഫൊറകള്‍ പുനരുദ്ധരിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയും പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘവും കാലാകാലങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതനുസരിച്ച് സഭ ഈ അനാഫൊറകളെക്കുറിച്ച് ആഴമായ പഠനങ്ങള്‍ വിവിധ തലങ്ങളില്‍ നടത്തുകയും ഇവ വിശ്വാസസംബന്ധമായും ദൈവശാസ്ത്രപരമായും ഭദ്രവും സമ്പന്നവുമാണെന്ന് കണ്ടെത്തുകയും ചെയ്തു.
അതിനുശേഷമാണ് സിനഡുപിതാക്കന്മാരുടെയും പരിശുദ്ധസിംഹാസനത്തിന്റെയും അംഗീകാരത്തോടുകൂടി 2013 ല്‍ മാര്‍ തിയദോറിന്റെയും 2018 ല്‍ മാര്‍ നെസ്തോറിയസിന്റെയും അനാഫൊറകള്‍ പൊതുഉപയോഗത്തിനായി ആരാധനക്രമകമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന കാലങ്ങളിലും ദിവസങ്ങളിലും ഈ അനാഫൊറകള്‍ ഉപയോഗിച്ച് വിശുദ്ധകുര്‍ബാനയര്‍പ്പിക്കുന്നത് സീറോമലബാര്‍ സഭയുടെ ദൈവശാസ്ത്രവളര്ച്ചയെയും കൂട്ടായ്മയെയും വിശ്വാസജീവിതത്തെയും ത്വരിതപ്പെടുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.
സീറോമലബാര്‍ ആരാധനക്രമകമ്മീഷന്‍
മൗണ്ട് സെന്റ് തോമസ്,
കാക്കനാട്. 24.01.2021