
കാക്കനാട്: ആഗോള കത്തോലിക്കാസഭയുടെ മെത്രാൻ സിനഡിൽ പങ്കെടുക്കാനായി സീറോമലബാർ സഭാപിതാക്കന്മാർ വത്തിക്കാനിലേക്ക് പുറപ്പെട്ടു. പതിനാറാമത് മെത്രാൻ സിനഡിന്റെ ജനറൽ അസംബ്ലിയുടെ രണ്ടാമത് സമ്മേളനമാണ് 2024 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 27 വരെ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ വത്തിക്കാനിൽ നടക്കുക.

‘സിനഡാലിറ്റി‘ എന്ന വിഷയത്തെ അധികരിച്ചുള്ള ചർച്ചകളുടെ ഒന്നാമത് സമ്മേളനം കഴിഞ്ഞവർഷം ഒക്ടോബറിൽ നടന്നിരുന്നു. സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് എന്ന നിലയിൽ മാർ റാഫേൽ തട്ടിൽ പിതാവ്, നോമിനേറ്റഡ് അംഗമായി മേജർ ആർച്ചുബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ്, സീറോമലബാർ മെത്രാൻസിനഡു തിരഞ്ഞെടുത്ത പ്രതിനിധികളായി ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവ്, ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവ് എന്നിവരാണ് സീറോമലബാർസഭയിൽനിന്ന് വത്തിക്കാൻ സിനഡിൽ പങ്കെടുക്കുന്നത്.


ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ