EWS സംവരണത്തിനെതിരെയുള്ള പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും.

കേരളത്തിലെ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന്റെ ആദ്യ അലോട്മെൻ്റ് വന്ന ഉടൻതന്നെ സാമ്പത്തിക ദുർബല വിഭാഗങ്ങൾക്കുള്ള EWS സംവരണത്തിനെതിരെ ശ്രീ. വി. ടി ബൽറാം നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ EWS സംവരണത്തിലൂടെ ‘മുന്നാക്ക’ ക്രിസ്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ MBBS സീറ്റുകൾ അനർഹമായി നേടി എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ചില നിക്ഷിപ്ത താല്പര്യക്കാർ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

കേരളത്തിലെ MBBS, BDS പ്രവേശനങ്ങളുടെ ആദ്യ അലോട്ട്മെന്റ് കണക്കുകൾ പരിശോധിക്കുമ്പോൾ EWS വിഭാഗം അനർഹമായ നേട്ടം നേടിയെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. സർക്കാർ മെഡിക്കൽ കോളേജുകളിൽ MBBS കോഴ്സിന് സ്റ്റേറ്റ് മെറിറ്റ് പ്രവേശനം 697-ാം റാങ്ക് വരെയായിരുന്നു. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ അത് 8745 -ാം റാങ്ക് വരെയും നീണ്ടു. സർക്കാർ ഡെന്റൽ കോളേജിൽ സ്റ്റേറ്റ് മെറിറ്റ് പ്രവേശനം 3473 -ാം റാങ്ക്, സ്വാശ്രയ ഡെന്റലിൽ അത് 25032-ാം റാങ്ക് വരെയും എത്തിയിട്ടുണ്ട്. MBBS പ്രവേശന റാങ്ക് പട്ടിക സസൂക്ഷ്മം വീക്ഷിക്കുകയും ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രവേശനത്തിന് അർഹത നേടിയ ലാസ്റ്റ് റാങ്ക് ഡീറ്റെയിൽസ് പരിഗണിക്കുകയും ചെയ്യുമ്പോൾ ഓരോ കാറ്റഗറിയിലും പ്രവേശനത്തിന് അർഹത നേടിയവരുടെ അവസാന റാങ്ക് നില ഇപ്രകാരമാണ്:

സ്റ്റേറ്റ് മെറിറ്റ്: 697 -ാം റാങ്ക്.

റിസർവഷൻ കാറ്റഗറി:

മുസ്ലിം – 916, ഈഴവ – 1627, മറ്റു പിന്നാക്ക ഹിന്ദു – 1902, വിശ്വകർമ്മ – 2556, പിന്നാക്ക ക്രിസ്ത്യൻ – 2674, EWS – 2842, ലത്തീൻ കത്തോലിക്കർ/ആംഗ്ലോ-ഇന്ത്യൻ – 3296, ധീവരർ – 6514, കുശവർ – 9811, കുടുംബി – 20214, പട്ടികജാതി – 14160, പട്ടികവർഗം – 25188.

റാങ്ക് ലിസ്റ്റും അലോട്ട്മെൻ്റ് പട്ടികയും പരിശോധിക്കുമ്പോൾ ലഭിക്കുന്ന വസ്തുതകൾ ഇപ്രകാരമാണ്:

1.⁠ ⁠ഏറ്റവും ഉയർന്ന റാങ്കുകളിൽ വ്യക്തമായ മേൽക്കൈ മുസ്ലിം കാറ്റഗറിയിലാണ്. രണ്ടാം സ്ഥാനം ഈഴവ കാറ്റഗറിക്കാണ്.

2.⁠ ⁠തികച്ചും അഭിനന്ദനാർഹമായ നേട്ടമാണ് മുസ്ലിം കാറ്റഗറിയിലെ വിദ്യാർത്ഥികൾ നേടിയിരിക്കുന്നത്. സ്റ്റേറ്റ് മെറിറ്റിന്റെ ലാസ്റ്റ് റാങ്ക് ആയ 697 നുള്ളിൽ 279 മുസ്ലിം വിദ്യാർത്ഥികൾ ഇടം നേടി. ഇതേ സ്റ്റേറ്റ് മെറിറ്റിനുള്ളിൽ EWS കാറ്റഗറിയിൽ കേവലം 32 വിദ്യാർത്ഥികൾക്ക് മാത്രമേ ഇടം നേടാൻ സാധിച്ചിട്ടുള്ളൂ.

3.⁠ ⁠EWS വിഭാഗം, 10% സംവരണത്തിലൂടെ 2842 -ാം റാങ്ക് വരെയാണ് സർക്കാർ മെഡിക്കൽ കോളേജ് പ്രവേശനത്തിന് അർഹത നേടിയിരിക്കുന്നത്. ഈ സംവരണത്തിലൂടെ അർഹത നേടിയവരുടെ ആകെ എണ്ണം കേവലം 163 മാത്രമാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. അതേസമയം മുസ്ലിം കാറ്റഗറിയുടെ (All sections following Islam) ലാസ്റ്റ് അലോട്ടഡ് റാങ്കായ 916 ന് ഉള്ളിൽ 387 വിദ്യാർത്ഥികൾ പ്രവേശനത്തിന് അർഹത നേടി.

ഇത് തെളിയിക്കുന്നത്, EWS സംവരണ പരിധിയിലുള്ള സാമ്പത്തിക ദുർബല വിഭാഗക്കാർ, പ്രബല ഒബിസി വിഭാഗത്തേക്കാൾ ഏറെ പിന്നാക്കമാണെന്നാണ്.

മുസ്ലിം മതവിഭാഗത്തിന് ഉയർന്ന അനുപാതം സീറ്റുകൾ ലഭിക്കേണ്ടതാണെന്നും EWS സംവരണം നടപ്പിലാക്കിയതുകൊണ്ട് അവർക്ക് നഷ്ടമുണ്ടായി എന്ന തരത്തിലുമാണ് വി. ടി ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞുവയ്ക്കുന്നത്. അതോടൊപ്പം ക്രൈസ്തവരിൽ മുന്നാക്ക – പിന്നാക്ക വിഭജനവും എടുത്തുപറഞ്ഞിട്ടുണ്ട്. കേരളത്തിലെ പ്രധാന ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ സംവരണനില പരിശോധിച്ചാൽ വലിയ അന്തരമാണുള്ളത്. ക്രൈസ്തവരിലെ ഭൂരിപക്ഷം ജാതിസംവരണത്തിന് പുറത്തായിരിക്കുമ്പോൾ മുസ്ലിം മതവിഭാഗത്തിലെ എല്ലാവർക്കും ഒബിസി സംവരണം ലഭിക്കുന്നു. സാമ്പത്തിക ദുർബലവിഭാഗങ്ങൾക്കുള്ള 10% EWS സംവരണം നിലവിൽ വന്നപ്പോൾ മാത്രമാണ് കേരളക്രൈസ്തവരിലെ വലിയൊരു വിഭാഗത്തിന് എന്തെങ്കിലുമൊരു സംവരണ ആനുകൂല്യം ലഭിച്ചുതുടങ്ങിയത്.

അതിനെപ്പോലും അത്യന്തം വൈരാഗ്യത്തോടെ കാണുന്ന പ്രചാരണങ്ങൾ ഭരണഘടനാവിരുദ്ധവും അപകടകരവുമായ പ്രവണതയാണെന്ന് പൊതുസമൂഹം തിരിച്ചറിയണം.

കേരളത്തിൽ ജാതി സംവരണത്തിന്റെ ലക്ഷ്യം തന്നെ മാറിപ്പോയിരിക്കുന്നു. സാമൂഹിക – സാമ്പത്തിക പിന്നാക്കാവസ്ഥ ഇല്ലാതാക്കലാണോ, അതോ മത – ജാതി അടിസ്ഥാനത്തിൽ രാഷ്ട്രീയ നേട്ടം കൊയ്യലാണോ സംവരണത്തിന്റെ ലക്ഷ്യമെന്ന് രാഷ്ട്രീയപ്പാർട്ടികൾ വിലയിരുത്തണം.

സംവരണത്തിന്റെ പേര് പറഞ്ഞ് വോട്ടു ബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾക്കെതിരെ പൊതുസമൂഹം ഐകകണ്ഠ്യേന പ്രതികരിക്കണം. സംവരണം മതത്തിനോ ജാതിക്കോ വോട്ടുബാങ്കിനോ വേണ്ടിയല്ല, യഥാർത്ഥ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന അർഹതയുള്ളവർക്ക് മാത്രമായി അതു പരിമിതപ്പെടുത്തണം. ജനസംഖ്യാനുപാതിക സംവരണം എന്ന പേരിൽ ജാതി – മത ആധിപത്യങ്ങൾ ഒളിച്ചുകടത്താനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ അജണ്ടകൾക്കെതിരെ കൃത്യമായ നിയമജാഗ്രതയും ആവശ്യമാണ്.

തയ്യാറാക്കിയത് –

ഫാ സബിൻ തൂമുള്ളിൽ

നിങ്ങൾ വിട്ടുപോയത്