സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകുന്ന ദുക്റാന തിരുനാൾ സന്ദേശം
ജൂലൈ മൂന്ന് വലിയ ഒരു ഓർമ ഉണർത്തുന്ന ദിവസമാണ്. ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമാശ്ലീഹായുടെ ഓർമ. ദുക്റാന തിരുനാൾ എന്നാണല്ലോ നാം അതിനെ വിശേഷിപ്പിക്കുന്നത്. ദുക്റാന എന്ന വാക്കിന്റെ അർഥം ഓർമ എന്നാണ്. 2013 മുതൽ ദുക്റാന തിരുനാൾ സഭാദിനമായും നമ്മൾ ആഘോഷിക്കുന്നുണ്ട്. ഈ വർഷത്തെ സഭാദിനവും കഴിഞ്ഞ വർഷത്തേതുപോലെ കോവിഡ്-19ന്റെ പശ്ചാത്തലത്തിലാണ് ആഘോഷിക്കേണ്ടിവരുന്നത്.
മഹാമാരിയുടെ പശ്ചാത്തലം
കോവിഡ്-19ന്റെ ഒന്നാം തരംഗത്തെ ഇന്ത്യ ഏറെക്കുറെ വിജയകരമായി നേരിട്ടു. എന്നാൽ രണ്ടാം തരംഗം കൂടുതൽപേരുടെ മരണത്തിനു കാരണമായി. ഔദ്യോഗിക കണക്കനുസരിച്ച് ഇതിനകം ഭാരതത്തിൽ 3,87,000 ത്തോളം ആളുകൾ കോവിഡ്-19 മൂലം മരണപ്പെട്ടിട്ടുണ്ട്. ഇതിൽ 12,000 ൽ അധികംപേർ കേരളത്തിൽ നിന്നുതന്നെയാണ്. മരണമടഞ്ഞവരെയും അവരുടെ കുടുംബങ്ങളെയും നമുക്കു ദൈവതൃക്കരങ്ങളിൽ സമർപ്പിക്കാം. മരണം സംഭവിച്ചില്ലെങ്കിലും കോവിഡ് ബാധമൂലം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളാൽ ക്ലേശിക്കുന്നവർ അനേകരുണ്ട്. കോവിഡിന്റെ മൂന്നാമതൊരു തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ മാധ്യമങ്ങളിലൂടെ നമുക്കു ലഭിക്കുന്നുണ്ട്. മൂന്നാം തരംഗത്തിൽ കുട്ടികളെ ഈ രോഗം കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ച് എല്ലാവരും പ്രതിരോധശക്തി ഉള്ളവരായിരിക്കുക എന്നതാണ് നമുക്കിപ്പോൾ ചെയ്യാനുള്ളത്. അതിനായി സർക്കാരുകൾ മുന്നോട്ടുവയ്ക്കുന്ന പദ്ധതികളോട് എല്ലാവരും ആത്മാർഥമായി സഹകരിക്കണം.
കോവിഡ് നിർമാർജനത്തിനായി ജീവൻപോലും പണയംവച്ചു പ്രവർത്തിക്കുന്ന അനേകരുണ്ട്. ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും സമർപ്പിതരെയും നമുക്കു നന്ദിപൂർവം സ്മരിക്കാം. രോഗീപരിചരണത്തിനിടയിൽ ജീവഹാനി സംഭവിച്ച ആരോഗ്യപ്രവർത്തകർക്കു നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. സന്നദ്ധസംഘങ്ങളായി പ്രവർത്തിക്കുന്ന വൈദികരും സമർപ്പിതരും യുവതീയുവാക്കളും നമ്മുടെ പ്രത്യേക പ്രശംസയർഹിക്കുന്നു. കോവിഡ് രോഗംമൂലം ഇതിനകം ഇന്ത്യയിൽ നാല് മെത്രാന്മാരും 500 ലധികം വൈദികരും സമർപ്പിതരും മരണം പ്രാപിച്ചിട്ടുണ്ട്. കാരുണ്യവാനായ കർത്താവ് അവരുടെ സമർപ്പണത്തിനു പ്രതിഫലം നൽകട്ടെ. മരണമടഞ്ഞ മെത്രാന്മാരിൽ ഒരാൾ സാഗർ രൂപതയുടെ മുൻ അധ്യക്ഷനായ അഭിവന്ദ്യ ജോസഫ് പാസ്റ്റർ നീലങ്കാവിൽ പിതാവാണ്. അഭിവന്ദ്യ പിതാവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള നമ്മുടെ രൂപതകൾ കോവിഡുകാലത്തു വലിയ പ്രതിസന്ധികളിലൂടെയാണു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ കോവിഡ് ഇപ്പോൾ നിയന്ത്രണ വിധേയമാണല്ലോ. ഭാരതത്തിലെ നമ്മുടെ മിഷൻ രൂപതകൾ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വളരെ സജീവമാണ് എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. അഭിവന്ദ്യപിതാക്കന്മാരും വൈദികരും സമർപ്പിതരും അല്മായ നേതാക്കളും വലിയ പ്രതിബദ്ധതയോടെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. നമ്മുടെ പ്രാർഥന ഏവർക്കും ശക്തിയും സംരക്ഷണവും നൽകട്ടെ.
മാർത്തോമാ ചൈതന്യവും മാതൃകയും
ഈ കോവിഡ് കാലത്തു മാർ തോമാശ്ലീഹായിൽനിന്നു നമുക്കു സ്വീകരിക്കാവുന്ന പ്രചോദനം എന്താണ് എന്നു ചിന്തിക്കുന്നതു നന്നായിരിക്കും. പന്തക്കുസ്തായിൽ പരിശുദ്ധാത്മാഭിഷേകം സ്വീകരിച്ച ശിഷ്യന്മാർ കൂടുതൽ ശക്തി നേടി സുവിശേഷ പ്രഘോഷകരും സാക്ഷികളുമായി മാറിയല്ലോ. അതേ പരിശുദ്ധാത്മ ചൈതന്യത്തിലാണു തോമാശ്ലീഹാ ഇന്ത്യയിൽ വന്നു സുവിശേഷം പ്രസംഗിച്ചതും ക്രൈസ്തവ സമൂഹങ്ങൾക്കു രൂപംകൊടുത്തതും. അന്നത്തെ പലസ്തീനായിൽനിന്ന് ഇന്ത്യവരെയുള്ള യാത്രയും ഇന്ത്യയിലെ പ്രവർത്തനങ്ങളും തോമാശ്ലീഹാ നിർവഹിച്ചത് എങ്ങനെയെന്നു നമുക്ക് ഊഹിക്കാനേ സാധിക്കൂ. അടുത്തകാല ഗവേഷണങ്ങളുടെ വെളിച്ചത്തിൽ തോമാശ്ലീഹാ ഭാരതത്തിലേക്കു രണ്ട് യാത്രകൾ നടത്തിയതായി അനുമാനിക്കാൻ കഴിയും. ഒന്നാമത്തേത്, കരമാർഗം ഉത്തരഭാരതത്തിലേക്കും രണ്ടാമത്തേത് കടൽമാർഗം കേരളത്തിലേക്കും. തോമാശ്ലീഹായുടെ ഈ ധീരത കോവിഡ് കാലത്തെ എല്ലാ പ്രതിസന്ധികളെയും നേരിടുവാൻ നമുക്കു പ്രചോദനം നൽകേണ്ടതാണ്.
തോമാശ്ലീഹാ അസാധാരണമായ ധീരത തന്റെ ജീവിതത്തിൽ പ്രകടമാക്കിയിട്ടുണ്ട്. ലാസറിനെ പുനർജീവിപ്പിക്കുന്നതിന് ഉള്ളിൽ തീരുമാനിച്ചുകൊണ്ട് യൂദയായിലേക്കു പോകുവാൻ ഈശോ ആഗ്രഹിച്ചു. എന്നാൽ അവിടത്തെ കല്ലെറിയാൻ യഹൂദർ തക്കംപാർത്തിരിക്കുന്നു എന്നു പറഞ്ഞു ശിഷ്യന്മാർ ഈശോയെ തടഞ്ഞു. അപ്പോൾ തോമാശ്ലീഹാ പറഞ്ഞു- ‘നമുക്കും അവനോടുകൂടി പോയി മരിക്കാം’ (യോഹ.11:16). പിന്നീട്, തോമാശ്ലീഹാ ഭാരതത്തിൽ വന്ന് ‘ഈശോയോടൊപ്പം’ മരിച്ചുവല്ലോ. കർത്താവിന്റെ സുവിശേഷത്തെയും ജീവിതത്തെയും കുറിച്ചുള്ള രഹസ്യങ്ങൾ അവിടത്തോടുതന്നെ ചോദിച്ചു മനസിലാക്കാനുള്ള ആത്മധൈര്യവും തോമാശ്ലീഹായ്ക്കുണ്ടായിരുന്നു. ഈശോ ഈ ലോകം വിട്ടുപോകാറായി എന്നറിയിക്കുകയും പോകുന്നിടത്തേക്കുള്ള വഴിശിഷ്യന്മാർക്ക് അറിയാമെന്നു സൂചിപ്പിക്കുകയും ചെയ്തപ്പോൾ തോമാശ്ലീഹായാണ് ഈശോയോടു ചോദിച്ചത്, ‘കർത്താവേ, നീ എങ്ങോട്ടാണ് പോകുന്നത് എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ; പിന്നെ എങ്ങനെ വഴി അറിയും?’ എന്ന്. ഈ ചോദ്യത്തിന് ഉത്തരമായാണ് “ഞാനാകുന്നു വഴിയും സത്യവും ജീവനു’മെന്ന (യോഹ.14:6) സുപ്രധാനമായ വെളിപ്പെടുത്തൽ ഈശോ നടത്തിയത്.
ഈശോയാണു മനുഷ്യർക്കു രക്ഷയുടെ മാർഗം എന്ന സത്യം നന്നായി ഗ്രഹിക്കുവാൻ ഈശോയുടെ വെളിപ്പെടുത്തൽ തോമാശ്ലീഹായ്ക്ക് ഉപകരിച്ചു. സുവിശേഷത്തിലെ തോമാശ്ലീഹായുടെ സാന്നിധ്യവും ഇടപെടലുകളും ഈശോയിൽ വിശ്വസിക്കുന്നവർക്കു പ്രചോദനവും ധൈര്യവും പകരുന്നവയാണ്.
ഓണ്‍ലൈൻ ശൈലി
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സഭയുടെ പ്രവർത്തനങ്ങളുടെ ഏകോപനം സിബിസിഐ, കെസിബിസി, മെത്രാൻ സിനഡ്, രൂപതകൾ, സമർപ്പിത സമൂഹങ്ങൾ, സംഘടനകൾ എന്നീ തലങ്ങളിൽ ഓണ്‍ലൈനായി നടക്കുന്നുണ്ട്. ഈവിധത്തിൽ സഭാജീവിതത്തിന്റെ സജീവത്വം നിലനിർത്താൻ നമുക്കു സാധിക്കുന്നതിൽ ദൈവത്തിനു നന്ദി പറയാം.
ഒരു മഹാമാരി മനുഷ്യരെ പരസ്പരബന്ധത്തിൽനിന്ന് അകറ്റിനിർത്തുന്പോൾ ഇന്റർനെറ്റിന്റെ സാധ്യതകൾ ഈ കാലസന്ധിയിൽ നമുക്ക് അനുഗ്രഹമായിത്തീർന്നിരിക്കുന്നു! കോവിഡ്-19ന്റെ സാഹചര്യം മൂലം 2020 ഓഗസ്റ്റിലും 2021 ജനുവരിയിലും സഭയുടെ സിനഡ് ഡിജിറ്റൽ ഫോറത്തിലാണു നടത്തിയത്. വരുന്ന ഓഗസ്റ്റിലെ സിനഡും അങ്ങനെതന്നെ നടക്കാനാണു സാധ്യത. ഡിജിറ്റൽ ഫോറത്തിൽ സിനഡ് നടത്താനുള്ളപ്രായോഗിക നിർദേശങ്ങൾ പരിശുദ്ധ സിംഹാസനം നൽകിയിട്ടുണ്ട്.
സഭാ വാർത്തകൾ
നമ്മുടെ സഭയുടെ തലത്തിൽ വന്നിട്ടുള്ള ചില മാറ്റങ്ങളെക്കുറിച്ചു നിങ്ങളോടു സംസാരിച്ചുകൊള്ളട്ടെ. ഓസ്ട്രേലിയയിലെ മെൽബണ്‍ രൂപതയുടെ അധികാരപരിധി ന്യൂസിലൻഡിലേക്കും ഓഷ്യാനയിലെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ച കാര്യം ഇതിനകം നിങ്ങൾ അറിഞ്ഞിട്ടുണ്ടല്ലോ.
പരിശുദ്ധ സിംഹാസനത്തോടു നമുക്കു നന്ദിയുള്ളവരായിരിക്കാം. മെൽബണ്‍ രൂപതയെയും അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവിനെയും അഭിനന്ദിക്കാം. ഭാരതത്തിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആയി ആർച്ച്ബിഷപ് ലെയോപോൾദോ ജിറേല്ലി കഴിഞ്ഞ മേയ് 28ന് ചാർജെടുത്തിട്ടുണ്ട്. പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയെ നമുക്കു സ്നേഹപൂർവം സ്വാഗതം ചെയ്യാം. കഴിഞ്ഞ മൂന്നുവർഷങ്ങളിൽ മാർപാപ്പയുടെ പ്രതിനിധിയായി സേവനം ചെയ്ത ആർച്ച്ബിഷപ് ജംബത്തിസ്ത്ത ദിക്വാത്രോയ്ക്കു നമുക്കു നന്ദി പ്രകാശിപ്പിക്കുകയും ചെയ്യാം.
സീറോമലബാർ സഭാംഗങ്ങളായ മെത്രാന്മാർ ഭാരതത്തിലും വിദേശരാജ്യങ്ങളിലും ലത്തീൻ രൂപതകളിൽ ശുശ്രൂഷചെയ്യുന്നു എന്നതു നമുക്കു സന്തോഷമുളവാക്കുന്നതാണ്. ഏറ്റവും പുതിയതായി കാഞ്ഞിരപ്പള്ളി രൂപതാംഗവും ഹെറാൾഡ്സ് ഓഫ് ഗുഡ്ന്യൂസ് സന്യാസ സമൂഹാംഗവുമായ ബഹുമാനപ്പെട്ട സിബി മാത്യു പീടികയിലച്ചനെ പപ്പുവാ ന്യൂഗ്വിനിയായിലെ ഐതപ്പെ രൂപതയുടെ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നു. അഭിവന്ദ്യ പിതാവിനു മാതൃസഭയുടെ അഭിനന്ദനങ്ങളും പ്രാർഥനാശംസകളും!
നമ്മുടെ സഭയിലെ വൈദികപരിശീലനം ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലും കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ സെമിനാരി കമ്മീഷനുകളും സന്യാസസമൂഹങ്ങളും സെമിനാരികളിലെ ഉത്തരവാദപ്പെട്ടവരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഓണ്‍ലൈൻ ക്ലാസുകൾ പുതിയ അധ്യയനവർഷത്തിൽ ആരംഭിച്ചുകഴിഞ്ഞു. വിവിധ മൈനർ സെമിനാരികളിലും മേജർ സെമിനാരികളിലും വൈദികവിദ്യാർഥികളുടെ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ കൃതജ്ഞതയോടെ അനുസ്മരിക്കുന്നു.
വിശുദ്ധ കുർബാനയുടെ പരിഷ്കരിച്ച തക്സാ പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ് എന്ന കാര്യം അറിയിക്കട്ടെ. നമ്മുടെ സഭയിലെ യാമപ്രാർഥനകളുടെ ഏകീകരണവും നവീകരണവും ലിറ്റർജി കമ്മീഷന്റെ ഇപ്പോഴത്തെ പ്രധാന കർമപരിപാടിയാണ്. കോവിഡ്കാലത്തെ കുട്ടികളുടെ വിശ്വാസപരിശീലന പദ്ധതികൾ നമ്മുടെ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ഫലപ്രദമായി തയാറാക്കിയിട്ടുണ്ട്. സണ്‍ഡേ സ്കൂൾ ക്ലാസുകളും അധ്യാപകർക്കു വേണ്ടിയുള്ള ക്ലാസുകളും ഓണ്‍ലൈനിലൂടെ വിജയകരമായി നടക്കുന്നു. വിശ്വാസപരിശീലന ക്ലാസുകൾ ഉദാരതയോടെ സംപ്രേഷണം ചെയ്യുന്ന ഗുഡ്നെസ്, ശാലോം, ഷെക്കെയ്ന ചാനലുകൾക്കു ഹൃദയംനിറഞ്ഞ നന്ദി!
ഏതാനും വർഷങ്ങളായി മൗണ്ട് സെന്റ് തോമസിലെ സഭയുടെ കാര്യാലയത്തിൽനിന്ന് ഇന്റർനെറ്റ് മിഷനും മീഡിയാ കമ്മീഷനും കാലഘട്ടത്തിന്റെ ആവശ്യകതകൾ കണക്കിലെടുത്തു പല നൂതന പരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു. നമ്മുടെ സഭയിലെ രൂപതകൾക്കും സമർപ്പിത സമൂഹങ്ങൾക്കും സംഘടനകൾക്കുംവേണ്ടിയുള്ള വെബ്സൈറ്റ് നിർമാണവും സോഫ്റ്റ്വേർ വികസിപ്പിക്കലും സീറോമലബാർ മാട്രിമോണിയുമാണ് ഇന്റർനെറ്റ് മിഷന്റെ പ്രധാന പരിപാടികൾ. മീഡിയാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ‘സീറോമലബാർ വിഷൻ’, ‘മൗണ്ട്വിഷൻ’ എന്നീ രണ്ട് ഓണ്‍ലൈൻ ബുള്ളറ്റിനുകൾ പ്രസിദ്ധീകരിക്കുന്നു.
ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെആഭിമുഖ്യത്തിൽ സഭാചരിത്ര ഗവേഷണം ആരംഭിച്ചിട്ടുണ്ട്. സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ എന്ന പേരിൽ ഒരു പദ്ധതി നടപ്പിലാക്കിവരുന്നു. സാന്പത്തിക പരാധീനതകൾ മൂലം ഈ പദ്ധതി ഉദ്ദേശിച്ച സമയത്തു പൂർത്തിയാക്കാൻ സാധിക്കുന്നില്ല. സഭയുടെ മിഷൻ പ്രവർത്തനവും പ്രവാസികൾക്കായുള്ള കർമപരിപാടികളും ദൈവവിളി പ്രോത്സാഹനവും ദളിത് ക്രൈസ്തവ സ്കോളർഷിപ്പുകളും നല്ല രീതിയിൽ നടപ്പിലാക്കാൻ ബന്ധപ്പെട്ട കമ്മീഷനുകൾ ശ്രദ്ധിക്കുന്നുണ്ട്.
ജനക്ഷേമ പ്രവർത്തനങ്ങൾ
നമ്മുടെ സഭയിലെ എല്ലാ രൂപതകളിലും മിഷൻ പ്രദേശങ്ങളിലും കോവിഡ്പ്രതിരോധത്തിനും സാമൂഹികക്ഷേമത്തിനുമായി നിരവധി പ്രവർത്തനങ്ങൾ നടക്കുന്നതിൽ സന്തോഷിക്കുന്നു. കേരളത്തിലെ സഭയിൽ സോഷ്യൽ സർവീസ് ഫോറവും കാത്തലിക് ഹെൽത്ത് അസോസിയേഷനും കെസിബിസി ഹെൽത്ത് കമ്മീഷനും ചേർന്നു പിഒസി കേന്ദ്രമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നു. നമ്മുടെ രൂപതാ സംവിധാനങ്ങളും ഇവയോടു സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടല്ലോ. പ്രവാസികളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനും അവരുടെ ക്ലേശങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനും സർക്കാരിനോടു സഹകരിച്ചു നമ്മുടെ രൂപതകളും സമർപ്പിതസമൂഹങ്ങളും ചെയ്യുന്ന പ്രവർത്തനങ്ങളും അഭിനന്ദനമർഹിക്കുന്നു.
സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ക്ഷേമനിധികളിൽനിന്നു സമൂഹത്തിലെ പാവപ്പെട്ടവരായ ആളുകൾക്കു ലഭ്യമാകാവുന്ന പദ്ധതികൾ കണ്ടെത്തി അവയെല്ലാം പ്രയോജനപ്പെടുത്തുന്നതിന് അവരെ പ്രബുദ്ധരാക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് ഓരോ രൂപതയുടെയും ഉത്തരവാദിത്വമായി കാണണം. കർഷകക്ഷേമനിധി അടുത്തകാലത്തു സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഒരു നല്ല പദ്ധതിയാണ്. ചെറുകിട കർഷകരെ ഈ ക്ഷേമനിധിയിൽ അംഗങ്ങളാക്കി അതിന്റെ പ്രയോജനം എടുക്കാനും സഭാ ശുശ്രൂഷകർ നേതൃത്വം നൽകേണ്ടതാണ്. കാലവർഷക്കെടുതികൾ ഉണ്ടാകുന്ന സന്ദർഭമാണല്ലോ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ. അവയെ നേരിടാനും നാം ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
അർഹമായ അവകാശങ്ങൾ
ന്യൂനപക്ഷാവകാശങ്ങളുടെ വിതരണത്തിൽ ആനുപാതികമായതും ന്യായമായതും ആർക്കും നിഷേധിക്കപ്പെടാതിരിക്കാൻ സർക്കാർ പ്രതിബദ്ധതയോടെയും സമഭാവനയോടെയും പ്രവർത്തിക്കണം. അതുപോലെ സംവരേണതര വിഭാഗത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇവിടെയെല്ലാം ലത്തീൻ കത്തോലിക്കർക്കും ദളിത് ക്രൈസ്തവർക്കും ഇതര സമുദായങ്ങൾക്കും അർഹതപ്പെട്ടത് ഒരു കുറവും കൂടാതെ ലഭിക്കണമെന്നതാണു നമ്മുടെ നിലപാട്.
ഭരണഘടനയും ജനാധിപത്യ ഭരണവ്യവസ്ഥയും നൽകുന്ന അർഹമായ അവകാശങ്ങൾ വ്യവസ്ഥാപിത സംവിധാനങ്ങളിലൂടെയാണ് നേടിയെടുക്കേണ്ടത്. അതിന്റെ പേരിൽ മതങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലും കേരളത്തിൽ നിലനിൽക്കുന്ന സൗഹാർദാന്തരീക്ഷം തകർക്കുന്ന യാതൊരു സമീപനവും ആരുടെയും ഭാഗത്തുനിന്നുണ്ടാകരുത്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങളിൽ മിതത്വവും ക്രൈസ്തവ സമീപനവും നഷ്ടപ്പെടാതിരിക്കാൻ ഏവർക്കും കരുതലുണ്ടാകണം. സാമൂഹിക വിഷയങ്ങളിൽ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ കാര്യക്ഷമമായ ഇടപെടലുകൾ യഥാസമയം നടത്തുന്നുണ്ട്. സമുദായ സംഘടന എന്ന നിലയിൽ കത്തോലിക്കാ കോണ്‍ഗ്രസും ഈ വിഷയങ്ങളിൽ ജാഗ്രത പുലർത്തുന്നു.
പ്രാർഥനകൾ തുടരണം
കോവിഡ് മഹാമാരിയിൽനിന്നു മോചിതരാകാൻവേണ്ടി നമ്മുടെ പ്രത്യേക പ്രാർഥനകളും ആരാധനയും തുടർന്നും നടത്തേണ്ടതാണ്. എല്ലാ കാര്യങ്ങളും മനുഷ്യന്റെ കഴിവുകൾകൊണ്ടു സാധിക്കുന്നതല്ല എന്ന തിരിച്ചറിവും ഈ കാലഘട്ടം നൽകുന്നുണ്ട്. “കർത്താവാണ് എന്റെ ഇടയൻ. എനിക്ക് ഒന്നിനും കുറവുണ്ടാകില്ല. മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടില്ല.” (സങ്കീ. 23:1-4) നമുക്കു ദൈവത്തിൽ ആശ്രയിക്കാം. നല്ല സമറിയാക്കാരനെപ്പോലെ ഏതെങ്കിലും രീതിയിൽ നമ്മുടെ ശുശ്രൂഷകൾ മറ്റുള്ളവർക്കു നൽകാൻ സമർപ്പണ മനോഭാവത്തോടെ നമുക്കു പരിശ്രമിക്കാം.
ജൂലൈ മൂന്നാം തീയതി വിശുദ്ധ കുർബാനയുടെ അനുഭവം ഏതെങ്കിലും രീതിയിൽ എല്ലാവർക്കും നൽകാൻ വൈദികർ ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നു. അതുപോലെതന്നെ കഴിയുന്നിടത്തോളം ഓണ്‍ലൈൻ പരിപാടികൾ സംഘടിപ്പിച്ചു സഭാ മക്കളുടെ കൂട്ടായ്മ പരിപോഷിപ്പിക്കാൻ പരിശ്രമിക്കേണ്ടതാണ്. എല്ലാവർക്കും ദുക്റാന തിരുനാളിന്റെയും സഭാ ദിനത്തിന്റെയും മംഗളങ്ങൾ ആശംസിക്കുന്നു.