ദൈവം സംസാരിക്കുന്ന ഉപവാസം ഇങ്ങനെയാണ്
ഇതറിയുന്നവർക്കു സമാശ്വാസം ലഭിക്കും
അധികം ആരും ശ്രദ്ധിക്കാത്ത ബൈബിൾ രഹസ്യമാണ് ഉപവസിക്കുന്നവരോട് സംസാരിക്കുന്ന ദൈവത്തിന്റെ സ്വഭാവം. ഉപവാസം ദൈവത്തിന്റെ പക്കൽ നടത്തുന്ന കൗൺസിലിംഗ് ആണെന്ന് എത്രപേർ അറിയുന്നു. ഹൃദയഭാരത്തോടെ ദൈവ സന്നിധിയിൽ വസിക്കുന്നതാണ് ഉപവാസം. ഉപവാസങ്ങൾക്കൊടുവിൽ ദൈവത്തിന്റെ സ്വരം ശ്രവിക്കുന്ന പ്രവാചകന്മാരുടെ ദൃഷ്ടാന്തങ്ങൾ നിരവധിയുണ്ട് ബൈബിളിൽ. അല്ലെങ്കിൽ സാത്തന്റെ കുതന്ത്രം തിരിച്ചറിയാനുള്ള വെളിപാട് ലഭിക്കുന്നതും കാണാം.
ബൈബിളിൽ വിലാപം എന്നതിന് ഉപവാസവും നോമ്പുമായി ബന്ധമുണ്ട്. ഏശയ്യയിലൂടെ ദൈവം പറയുന്നത് ഇങ്ങനെയാണ്
നിന്റെ വിലാപ സ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും. അവിടുന്ന് അതുകേട്ടു നിനക്ക് ഉത്തരം അരുളും…. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി ഇതിലെ പോകുക (ഏശയ്യാ 30 / 19 )
എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കും (യോഹ 10 / 3 )
കൃപാസനം ജോസഫച്ചൻ വികാരിയച്ചനായിരുന്ന ഒരു ഇടവകയിൽ അദ്ദേഹത്തിന്റെ മേടയിൽ വച്ച് സംസാരിക്കുവാൻ ഇടവന്നപ്പോൾ അച്ചൻ മൂന്നു ദിവസത്തെ ഉപവാസത്തിലായിരുന്നു. എനിക്ക് ഉപകാരപ്പെടാൻ വേണ്ടി ആകണം അച്ചന്റെ നിയോഗം വെളിപ്പെടുത്താൻ ദൈവം ഇടവരുത്തി. അവിടെ വളരെ മുൻ നിരയിൽ നിൽക്കുന്ന ഒരു അത്മായനോട് ചില കാരണങ്ങളാൽ ഒരു പദവിയിൽ നിന്ന് ഒഴിയാൻ ആവശ്യപ്പെടണമെന്ന് അച്ചന്റെ മനസ്സിൽ തോന്നുന്നത്രെ! ആ തോന്നൽ ദൈവത്തിൽ നിന്നാണോ എന്ന് തിരിച്ചറിയാൻ വേണ്ടി ആയിരുന്നു ഉപവാസം.
മാനന്തവാടിക്കാരനായ ഫാ ജോൺ പുതുക്കുളത്തിൽ വൈദീകനാകാൻ തീരുമാനമെടുക്കുന്നതിന് മുൻപ് നാൽപതു വെള്ളിയാഴ്ചകൾ ഉപവസിച്ച ശേഷമാണ് തീരുമാനമെടുത്തത് എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു. ലണ്ടനിലെ മോൺസിഞ്ഞോർ ജോൺ ആർമിറ്റേജ് നാൽപതു ആഴ്ചകളിൽ ഓരോ ദിവസം വീതം ഉപവസിച്ചു അപ്ടൺ പാർക്ക് ദേവാലയത്തിൽ വന്നിരുന്നു പ്രാർത്ഥിച്ച ശേഷമാണ് പുരോഹിതൻ ആകാനുള്ള വിളിയെപ്പറ്റി തീരുമാനമെടുത്തത്.
എനിക്ക് കത്തോലിക്കാ സഭയോടുള്ള സ്നേഹം എന്റെ സുഹൃത്തുക്കൾക്ക് അറിയാം. എന്നാൽ ചെറുപ്പത്തിൽ പ്രൊട്ടസ്റ്റന്റുകാരുടെ ചോദ്യങ്ങൾ കേട്ട് പരിഭ്രമിച്ച നാളുകൾ ഉണ്ടായിരുന്നു. അന്ന് ഞാൻ ഒരു ദിവസം മുഴുവൻ കഷ്ടപ്പെട്ട് ഉപവസിച്ചു മുറിയടച്ചിരുന്നു പ്രാർത്ഥിച്ചു. ബൈബിൾ വായിച്ചും ദൈവത്തെ സ്തുതിച്ചും പാട്ടുകൾ പാടിയും ചിലവഴിച്ചു. ഒടുവിൽ ദൈവം എന്നോട് സംസാരിച്ചത് ഗംഭീരമായ മാർഗ്ഗത്തിലൂടെയായിരുന്നു.
കൗമാരത്തിൽ ഞാൻ സ്ഥിരമായി സന്ദർശിച്ചു സംസാരിക്കാറുണ്ടായിരുന്ന ഒരു വൈദീകനാണ് ഫാ ധീരജ് സാബു ഐ എം എസ്. അച്ചൻ ഒരു കുടിൽ പോലുള്ള മുറിയിലാണ് താമസിച്ചിരുന്നത്. അച്ചനോട് ഞാൻ എന്റെ വിശ്വാസ പ്രതിസന്ധി പറഞ്ഞു. അച്ചൻ എനിക്ക് ഉള്ളിൽ പോയി കനമുള്ള ഒരു പുസ്തകം കൊണ്ട് വന്നു തന്നു. പ്രൊഫ മാത്യു ഉലകംതറ സാർ എഴുതിയ എതിർക്കപ്പെടുന്ന വിശ്വാസം എന്നായിരുന്നു അതിന്റെ പേര്. കത്തോലിക്കാ വിശ്വാസത്തെ എതിർക്കുന്ന എല്ലാ ചോദ്യങ്ങൾക്കും വായന ശീലമുള്ള ഒരു ചെറുപ്പക്കാരനെ വിശ്വസിപ്പിക്കാൻ പാകത്തിന് യുക്തി സഹമായ മറുപടി പറയുന്ന ആ ഗ്രന്ഥത്തെക്കുറിച്ചു പിന്നീടൊരിക്കലും കേൾക്കുകയോ മറ്റൊരിടത്തുവച്ചും കാണുകയോ ചെയ്തിട്ടില്ല എന്നത് എന്നെ ഇന്നും അതിശയിപ്പിക്കുന്നു. എന്നാൽ അന്ന് ആ പുസ്തകം എന്റെ കയ്യിൽ വന്നു ചേർന്നു. പിന്നീട് എപ്പോഴൊക്കെ ചോദ്യങ്ങൾ ഉയർന്നു കേട്ടാലും ആ പുസ്തകത്തിലെ ഉത്തരങ്ങൾ എന്റെ മുന്നിൽ വരും
അതി വിശുദ്ധനായ ഫിലിപ്പ് നേരിയോട് ഒരിക്കൽ ‘നീ ആ കസേരയിൽ പോയിരിക്കൂ എന്ന് അവന്റെ ‘അമ്മ പറഞ്ഞു. നാലാം പ്രമാണം ഓർത്തു അവൻ അപ്പോൾ തന്നെ അത് ചെയ്തു. ഇക്കാര്യം മറന്നുപോയ ‘അമ്മ എവിടെയൊക്കെയോ പോയി വളരെ വൈകി തിരികെ വരുമ്പോൾ ആശാൻ ആ കസേരയിൽ ഇരുന്നു ഉറക്കം തൂങ്ങുകയാണ്. നീ എന്താ അകത്തു പോയി കിടക്കാത്തതു എന്ന് ചോദിച്ചപ്പോൾ ‘അമ്മ പറയാതെ എഴുന്നേറ്റാൽ പ്രമാണ ലംഘനം ആകുമോ എന്ന് കരുതിയാണ് എന്നായിരുന്നു മറുപടി.
ഇത്രമാത്രം പ്രമാണങ്ങൾ അനുസരിച്ചിരുന്ന ഫിലിപ്പ് നേരി ബൈബിൾ വായിക്കുമ്പോൾ പ്രൊട്ടസ്റ്റന്റുകാർ പറയുന്ന ചോദ്യങ്ങൾക്കു നിദാനമായ വചനങ്ങൾ കണ്ടുകാണില്ലെ ? എന്നിട്ടും വിശുദ്ധൻ എന്തുകൊണ്ട് കത്തോലിക്കാനായി തുടർന്നു. അതിനു ഒരേയൊരു കാരണമേയുള്ളൂ. ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും വിശുദ്ധൻ കൂടെയായ അദ്ദേഹത്തിന് ദൈവത്തിന്റെ സ്വരം നേരിട്ട് കേൾക്കുമായിരുന്നു. പന്നിയെ കഴിക്കരുതെന്ന പഴയ നിയമ വചനത്തിന്റെ പുതിയ നിയമ സമീപനം പത്രോസിനു ലഭിച്ചത് പ്രാർത്ഥനാ വേളയിലായിരുന്നു എന്നതുപോലെ കത്തോലിക്കാ സഭയുടെ മഹത്വവും കത്തോലിക്കാ വിശാസത്തിന്റെ പൂർണതയും അദ്ദേഹത്തിന് ദൈവം വെളിപ്പെടുത്തിയിരുന്നു.
കത്തോലിക്കാ സഭയെക്കുറിച്ചു കൂടെ പറഞ്ഞു പോകാൻ കാരണം വിശുദ്ധ കുർബാന സ്വീകരിച്ച ശേഷവും, വചനം വായിക്കുമ്പോഴും, ജപമാല പ്രാർത്ഥനയ്ക്ക് ശേഷവുമൊക്കെയാണ് കൂടുതൽ കൃത്യമായ ദൈവീക ശ്രവണം ഉണ്ടാകുന്നതെന്ന് അനുഭവസ്ഥർ പങ്കുവെക്കുന്നത് ഓർമ്മിപ്പിക്കാൻ കൂടെയാണ്. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ കണ്ണുകൾ തുറന്നതും, പരിശുദ്ധ അമ്മയുടെ അഭിവാദന സ്വരം കേട്ട എലിസബത്തിനു പ്രവചനം സിദ്ധിക്കുന്നതും അമ്മയോടൊപ്പം താമസിച്ച യോഹന്നാൻ വെളിപാടുകളുടെ ആധിക്യത്താൽ നിറയുന്നതും എല്ലാം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഉപവാസവും പ്രാർത്ഥനയും പ്രായശ്ചിത്തങ്ങളും ചെയ്തു ദൈവത്തെ പ്രസാദിപ്പിക്കണം എന്ന് ഏറ്റവും കൂടുതൽ നമ്മളെ ഉദ്ബോധിപ്പിച്ചതും മരിയൻ പ്രത്യക്ഷീകരണങ്ങൾ ആണ്.
കേരള സഭയിൽ ദൈവീക ശ്രവണത്തിന്റെ ശുശ്രൂഷകൾക്ക് പുകൾപെറ്റ കുളത്തുവയൽ ശുശ്രൂഷകരും ദൈവീക വെളിപാടുകളുടെ ആധിക്യമുള്ളതായി നമ്മൾ അറിയുന്നവരിൽ ബഹുഭൂരിപക്ഷം പേരും മരിയ ഭക്തരും ദിവ്യകാരുണ്യ നിഷ്ഠരും നോമ്പും പ്രാർത്ഥനകളും കൃത്യമായി പിന്തുടരുന്നവരുമല്ലേ ?
അതിനാൽ ഈ നോമ്പിന്റെ നാളുകളിൽ ദൈവം നമ്മോടു സംസാരിക്കട്ടെ . നമ്മുടെ ഭവനങ്ങൾ സന്ദർശിക്കട്ടെ
ജോസഫ് ദാസൻ