ജീവിതത്തിൽ ശാന്തശീലനായ ഒരാൾ, എല്ലാവരോടും എല്ലായ്പ്പോഴും വീണ്ടുവിചാരത്തോടെയും ദയയോടെയും പെരുമാറുന്നു. എത്രതിരക്കിനിടയിലും മറ്റുള്ളവരുടെ കാര്യങ്ങൾകൂടി ശ്രദ്ധിക്കാൻ അയാൾ സമയം കണ്ടെത്തുന്നു. ആവശ്യങ്ങളുമായി തന്നെ സമീപിക്കുന്നവരോട് ദേഷ്യത്തോടെയോ, അവജ്ഞയോടുകൂടിയോ അയാൾ ഒരിക്കലും പ്രതികരിക്കുന്നില്ല. പക്ഷേ, നമുക്കറിയാം, ഇന്നത്തെ ലോകം അടക്കിവാഴുന്നത് വിനയത്തോടെ സഹജീവികളെ വീക്ഷിക്കുന്നവരല്ല. സ്വാർത്ഥതയും ദുരാഗ്രഹവും ഹൃദയത്തിൽ നിറച്ച്, തന്റെ കഴിവുകളിൽ അഹങ്കരിച്ച്, മറ്റുള്ളവരിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നവരാണ് ഈ ലോകത്തെ അവകാശമാക്കിയിരിക്കുന്നത്.
ശാന്തശീലർക്കായി ഈശോ വാഗ്ദാനം ചെയ്യുന്ന സുവിശേഷഭാഗ്യം എന്താണ്, നിത്യജീവൻ എന്ന അനശ്വരമായ നമ്മുടെ അവകാശത്തെകുറിച്ച് തിരിച്ചറിവ് ലഭിക്കുന്നവർക്ക്, ആ സൗഭാഗ്യത്തോട് താരതമ്യം ചെയ്യുമ്പോൾ, ഭൂമിയിൽ ഉള്ളവയെല്ലാം എത്രയോ വിലകുറഞ്ഞവ ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ലോകം അതിന്റെ തിന്മകളും കുടിലതകളുമായി എതിരിടുമ്പോൾ, അവരെ വെറുക്കാതെ, അവരോടു തിരിച്ചു യുദ്ധത്തിനുപോകാതെ, ക്ഷമയാടെ അവർക്കു വേണ്ടികൂടിയും സാധിക്കുന്ന നന്മകൾ മാത്രം ചെയ്യാൻ ആ തിരിച്ചറിവ് സഹായിക്കുന്നു. ജീവിതത്തിൽ തന്റെ ആത്മാവിന്റെ ദാരിദ്ര്യം തിരിച്ചറിഞ്ഞ്, അതിനെചൊല്ലി ദൈവസന്നിധിയിൽ വിലപിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ലൗകീകതയ്ക്കു പിന്നാലെ പരക്കം പായാതെ, ശാന്തമായ ഹൃദയത്തോടെ വിനീതമായി പെരുമാറാൻ സാധിക്കുകയുള്ളൂ.
നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിച്ച് ദൈവീക രക്ഷയിലേക്ക് അടുപ്പിക്കുന്ന പടിയാണ് ശാന്തശീലത. നമ്മുടെ ജീവിതം പൂർണ്ണമായും ദൈവകരങ്ങളിൽ സമർപ്പിക്കുവാനും, കർത്താവിൽ മാത്രം പ്രത്യാശവച്ചുകൊണ്ടു നമ്മുടെ അവകാശഭൂമിയിലേക്ക് ലക്ഷ്യബോധത്തോടെയും, ശാന്തതയോടെയും യാത്ര ചെയ്യാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.