സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ എന്ന വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്ന ദിവസം.
‘ആധുനിക ജനാധിപത്യ ഇന്ത്യ’ ഏതൊക്കെ ആശയങ്ങളുടെ മുകളിലാണോ പടുത്തുയർത്തപ്പെടേണ്ടത്, അവ സംരക്ഷിക്കാൻ ഗാന്ധിജി ജീവൻ ബലി കൊടുക്കുകയായിരുന്നു. സാഹോദര്യവും സമാധാനവും പരസ്പര സ്നേഹവും മുറുകെപ്പിടിച്ചു കൊണ്ട് ജനതയെ ചേർത്തു നിർത്താനാണ് അദ്ദേഹം അവസാന നിമിഷം വരേയും ശ്രമിച്ചത്.
ഗാന്ധിജിയുടെ രക്തസാക്ഷിത്വം നമ്മെ ഓർമ്മിപ്പിക്കുന്നത് ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വത്തെക്കുറിച്ചാണ്. ജനാധിപത്യ വിരുദ്ധ ശക്തികളെ പരാജയപ്പെടുത്തുക; വർഗീയ ചിന്താഗതികളെ സമൂഹത്തിൽ നിന്നു വേരോടെ പിഴുതെറിഞ്ഞ് സ്നേഹവും സാഹോദര്യവും നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കുക എന്ന ഉത്തരവാദിത്തം കൂടിയാണത്.–മുഖ്യ മന്ത്രി പിണറായി വിജയൻ വ്യക്തമാക്കി .
സമൂഹത്തിലെ ഏറ്റവും ദരിദ്രനായ മനുഷ്യനെക്കുറിച്ചായിരുന്നു ഗാന്ധിജി ആലോചിച്ചിരുന്നത്. കർഷകരും തൊഴിലാളികളും സ്ത്രീകളും വിമോചിക്കപ്പെടുന്ന ലോകമാണ് അദ്ദേഹം സ്വപ്നം കണ്ടത്. ഇന്ത്യയിൽ ഗാന്ധി നേതൃത്വം നൽകിയ ആദ്യത്തെ സമരം ചമ്പാരനിലെ കർഷക സമരമായിരുന്നു. തുടർന്നും നിരവധി കർഷക സമരങ്ങൾ അദ്ദേഹം നയിച്ചിട്ടുണ്ട്. അവരനുഭവിച്ച ചൂഷണങ്ങൾക്കെതിരെ എക്കാലവും ഉറക്കെ ശബ്ദമുയർത്തിയിരുന്നു.
ഇന്ന് അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വത്തിൻ്റെ ഓർമ്മ പേറുന്ന ഈ ദിവസം, രാജ്യതലസ്ഥാനത്ത് കർഷകർ കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പടപൊരുതുകയാണ്. ദുഷ്കരമായ കാലാവസ്ഥയ്ക്കും കൊടിയ മർദ്ധനങ്ങൾക്കും ദുഷ്പ്രചരണങ്ങൾക്കും മുൻപിൽ തളരാതെ അവകാശ സംരക്ഷണത്തിനായി അവരുയർത്തിയ സമര വേലിയേറ്റത്തിൽ അധികാരത്തിൻ്റെ ഹുങ്ക് ആടിയുലയുകയാണ്. ഗാന്ധിയുടെ ഓർമ്മകൾ, അദ്ദേഹത്തിൻ്റെ സമരഗാഥകൾ, ജീവിത സന്ദേശം- എല്ലാം ഈ ഘട്ടത്തിൽ നമുക്ക് പ്രചോദനമാകട്ടെ. ഈ നാട്ടിലെ ഏറ്റവും ദരിദ്രനായ മനുഷ്യൻ്റെ വിമോചനമെന്ന ഗാന്ധിയൻ സ്വപ്നം സാക്ഷാൽക്കരിക്കാൻ ആ ഓർമ്മകൾ നമുക്ക് ഊർജ്ജം പകരട്ടെ. സാമൂഹ്യ നീതിയിൽ അധിഷ്ഠിതവും സർവ്വതല സ്പർശിയുമായ വികസന മുന്നേറ്റത്തിനും ജനാധിപത്യ സംരക്ഷണത്തിനായി സാഹോദര്യത്തോടെ കൈകൾ കോർത്തു പിടിച്ചു നമുക്ക് മുൻപോട്ട് പോകാം.
മുഖ്യ മന്ത്രി പിണറായി വിജയൻ