അപരന്‍റെ ചെവി വെട്ടാന്‍ വെന്പല്‍കൊളളുന്ന അഭിനവ പത്രോസുമാര്‍ക്ക് വി. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ പ്രസക്തമാണ്: “നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാനിതു പറയുന്നത്. സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍ മാത്രം ജ്ഞാനിയായ ഒരുവന്‍ പോലും നിങ്ങളുടെ ഇടയില്‍ ഇല്ലെന്നു വരുമോ?” (1കോരി 6:5). അഭിമാനിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ജ്ഞാനികളായ പിതാക്കന്മാരെക്കുറിച്ച്. ഐക്യത്തിന്‍റെയും സമാധനത്തിന്‍റേയും പാതയിലൂടെ ഈ സഭയേയും സമൂഹത്തെയും മുന്നില്‍ നിന്നു നയിക്കുന്ന അനന്തപുരിയിലെ ആത്മീയ ആചാര്യന്മാരെക്കുറിച്ച് സഭാമക്കളായ ഞങ്ങള്‍ അഭിമാനിക്കുന്നു.

ഐക്യത്തിന്‍റെ ദീപം കൊളുത്തിയ ദൈവദാസന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ഈവാനിയോസ് പിതാവ്, കലാപഭൂമിയിലേയ്ക്ക് സമാധാനദൂതുമായി പറന്നിറങ്ങിയ ആര്‍ച്ചുബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് പിതാവ്, വ്യത്യസ്ത ആശയങ്ങളുടെ അമരക്കാര്‍ക്കായി അരമനയുടെ വാതില്‍ സംവാദത്തിനായി തുറന്നിട്ട സിറില്‍ ബസേലിയോസ് കാതോലിക്കാ ബാവാ, വിശാല സമൂഹത്തില്‍ സംവാദത്തിന്‍റേയും കൂട്ടായ്മയുടെയും അനന്യ മാതൃക സൃഷ്ടിക്കുന്ന മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ…

വിഭാഗീയതയ്ക്കും വിഭജനത്തിനും മറുമരുന്ന് കൂട്ടായ്മയും സംവാദവുമാണെന്ന് സാക്ഷ്യപ്പെടുത്തിയ ചരിത്ര സംഭവമാണ് 1930 സെപ്തംബര്‍ 20-ലെ പുനരൈക്യ സംഭവം. പുനരൈക്യത്തിലൂടെ അനാവരണം ചെയ്ത ഈ കൂട്ടായ്മയുടെ ദൈവശാസ്ത്രത്തിന് കാലിപ്രസക്തി വര്‍ദ്ധിച്ചുവന്നിരുന്ന കാലഘട്ടത്തിലാണ് 91-ാം പുനരൈക്യ വാര്‍ഷികം മലങ്കര സുറിയാനി കത്തോലിക്കാ സഭ 2021-ല്‍ ആചരിച്ചത്.

വൈവിധ്യങ്ങളെ ഐക്യത്തിന്‍റെ കുടക്കീഴില്‍ അണിനിരത്തുന്ന ഭാരതീയ സംസ്കൃതിയുടെ നല്ലപാഠങ്ങള്‍ നമുക്ക് മറക്കാതിരിക്കാം. സഭയായി സമൂഹമായി ഒരു നല്ലനാളെ കെട്ടിപ്പടുക്കാന്‍ നമുക്ക് പരസ്പരം കൈകോര്‍ക്കാം. സ്വന്തം ഭവനത്തിലെ തിന്മയെ അയല്‍വാസി ചൂണ്ടികാണിക്കുന്നതുവരെ താലോലിക്കുന്ന പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.

മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്നും സംവാദങ്ങളുടേയും സമാധാനത്തിന്‍റേയും പാതയിലൂടെ മുന്നേറുന്ന ഒരു വ്യക്തിഗത സഭയാണ്. കത്തോലിക്കാ സഭയ്ക്കകത്തും മറ്റുസഭകളുമായും സമുദായങ്ങളുമായും ഐക്യത്തിന്‍റെ സന്ദേശം പങ്കുവയ്ക്കുന്നതാണ് ഈ സഭയുടെ പ്രേഷിത നിയോഗം.. വെല്ലുവിളികളേയും വിമര്‍ശനങ്ങളേയും അതിജീവിച്ച് ഈ നിയോഗം തുടരുക തന്നെചെയ്യും.

പറഞ്ഞ വാക്കുകളേക്കാള്‍ പറയാത്ത വാക്കുകളെക്കുറിച്ച് ഘോരഘോരം ചര്‍ച്ചനടത്തുന്ന ആധുനിക മാധ്യമ സംസ്ക്കാരത്തിന്‍റെ ചതിക്കുഴിയില്‍ വീഴാതെ ഐക്യത്തിന്‍റെ സാക്ഷ്യം നല്‍കാന്‍ നേതൃത്വം നല്‍കുന്ന ബസേലിയോസ് ക്ലീമീസ് ബാവാതിരുമേനിക്ക് അഭിനന്ദനങ്ങള്‍… മാധവസേവയും മാനവസേവയും വിരുദ്ധങ്ങളല്ലായെന്ന ബാവായുടെ വാക്കുകള്‍ നമുക്ക് മറക്കാതിരിക്കാം.

വാല്‍ക്കഷണം – എന്തിനേയും ഏതിനേയും സംശയത്തോട് മാത്രം നോക്കുന്ന ദോഷൈകദൃക്കുകള്‍ക്ക് സമാധാനത്തിന്‍റെ പാത അരോചകമായിരിക്കും. അപ്പന്‍ ചത്താലും സാരമില്ല കട്ടില്‍ കിട്ടിയാല്‍ മതിയെന്ന ചിന്താഗതിക്കാര്‍ക്ക് സംവാദങ്ങളെ സഹിഷ്ണുതയോടെ നോക്കികാണാന്‍ സാധിക്കില്ല എന്നത് വിധിവൈപരീത്യം എന്നല്ലാതെ എന്തു പറയാന്‍…-

ഫാ. പ്രഭീഷ് ജോര്‍ജ്ജ്

Ivanian Media

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം