കർത്താവും കിച്ചണും കാൻവാസും
“രാവിലെ ഉണർന്നതേയുള്ളൂ. പ്രാർത്ഥനയ്ക്കുശേഷം താഴെ അടുക്കളയിൽ പോയി അഭയാർത്ഥികളടക്കം എല്ലാവർക്കും വേണ്ടി കാപ്പി ഉണ്ടാക്കണം. പിന്നെ കേൾക്കാം”. ബെൽജിയത്ത് മീർസെൽ ഡ്രീഫ് ഗ്രാമത്തിലെ കപ്പൂച്ചിൻ ആശ്രമത്തിലെ സന്യാസിയായ ഫ്ര. ജോസഫ് ജോയ്സൺ പള്ളിപ്പറമ്പിൽ OFM Cap ഇന്നു രാവിലെ എന്നോടു പറഞ്ഞതാണിത്. ‘കർത്താവും കിച്ചണും കാൻവാസും’ എന്ന് ചുരുക്കിവിളിക്കാം മലയാളിയായ ഈ സന്യാസിയുടെ ഇപ്പോഴത്തെ ദിനചര്യയെ. രാവിലെ ഉണർന്ന് പ്രാർത്ഥന; പിന്നെ, അടുക്കളയിലേക്ക് – അഭയാർത്ഥികളെ തീറ്റിപ്പോറ്റാൻ; ശേഷം, കാലികവിഷയങ്ങളുമായി കാൻവാസിൻ്റെ മുമ്പിലേക്ക്! ഉക്രെയിൻ യുദ്ധത്തിൻ്റെ നൊമ്പരങ്ങൾ പേറി ആശ്രമത്തിലെത്തിയിരിക്കുന്ന അഭയാർത്ഥികൾക്കായി പ്രാതലൊരുക്കുകയും അവരുടെ നൊമ്പരങ്ങൾ കാൻവാസിൽ പ്രാർത്ഥനാപൂർവം ചിത്രീകരിക്കുകയും ചെയ്യുകയാണ് ഈ കപ്പൂച്ചിൻ സന്യാസി.
ശാന്തിദൂതൻ്റെ അസാധാരണ പൈതൃകം
ക്രിസ്തുവിൻ്റെ സമാധാനത്തിലൂന്നിയ വിശ്വസാഹോദര്യാധ്യാത്മികത കൈമുതലാക്കിയ അസീസിയിലെ വി. ഫ്രാൻസിസിൻ്റെ “ദിവ്യമാം ശാന്തിതൻ ദൂതനായ് എന്നെ നീ നിത്യം നയിക്കേണമേ! ദിവ്യസന്ദേശങ്ങൾ എങ്ങും പരത്തുവാൻ എന്നെ അയയ്ക്കേണമേ” എന്നു തുടങ്ങുന്ന സമാധാനപ്രാർത്ഥന കേൾക്കാത്തവരോ വായിക്കാത്തവരോ ആയി ആരെങ്കിലുമുണ്ടാകും എന്നു തോന്നുന്നില്ല. യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന ഒരു കാലത്ത് ഈജിപ്തിലേക്കു യാത്രചെയ്ത് സുൽത്താനുമായി സംഭാഷണം നടത്തിയ വി. ഫ്രാൻസിസ് ഇന്നും ഏവർക്കും ഒരു വിസ്മയമാണ്. സമാധാനത്തിൻ്റെ ക്രിസ്തുസാക്ഷ്യമായ ആ നിസ്വൻ്റെ പിൻഗാമികൾക്ക് ലോകത്തുണ്ടാകുന്ന യുദ്ധങ്ങൾ ഏല്പിക്കുന്ന ഹൃദയവ്യഥ എത്ര വലുതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ജോയ്സനച്ചൻ്റെ ചിത്രങ്ങൾ. വലിയ നോമ്പുകാലത്ത് യേശുക്രിസ്തുവിൻ്റെ പീഡാസഹനങ്ങൾ ധ്യാനിക്കാൻ ക്രൈസ്തവർ ഉപയോഗിക്കുന്ന ഭക്താഭ്യാസമായ ‘കുരിശിൻ്റെ വഴി’ക്കു വേണ്ടി അദ്ദേഹം വരച്ചിരിക്കുന്ന പതിനാലു ചിത്രങ്ങൾ ഉക്രയിനിൽ റഷ്യ നടത്തുന്ന യുദ്ധത്തെ അധികരിച്ചുള്ളവയാണ്.
ചിത്രത്തിൻ്റെ മുകളിൽ വരച്ചിരിക്കുന്ന മുൾമുടിയണിഞ്ഞ ക്രിസ്തുവിൻ്റെ കാലികഭാഷ്യമായി അതിനു താഴെ ഉക്രയിൻ ജനതയുടെ വിവിധങ്ങളായ പീഡകൾ ടാങ്കും ബോംബും സൈനിക മുന്നേറ്റവും കുടുംബങ്ങളുടെ പലായനവും സാദാ പൗരന്മാരുടെ പരുക്കുകളും ജീവഹാനിയും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വേദനയും കെട്ടിടങ്ങളുടെ തകർച്ചയുമെല്ലാം ചിത്രകാരൻ വരച്ചിരിക്കുന്നു. ഇവ രണ്ടിനും മുന്നിൽ പ്രാർത്ഥനയോടെ നില്ക്കുന്ന വി. ഫ്രാൻസിസിൻ്റെ വിടർന്ന കരങ്ങളിലുള്ളത് ഉക്രയിനിൻ്റെ മാപ് ആണ്. അത് അദ്ദേഹം മുൾമുടിയണിഞ്ഞ നാഥന് സമർപ്പിക്കുകയാണ്.
പ്രഭാത മുൾമുടികൾ!
ജോയ്സനച്ചൻ്റെ പ്രഭാതധ്യാനങ്ങളുടെ ഫലമാണത്രേ ഓരോ ചിത്രവും. അദ്ദേഹത്തിന് ഓരോ ധ്യാനവും ഒരു വേദനയായിരുന്നെന്നും ഓരോ ചിത്രീകരണവും വ്യക്തിപരമായ ഒരു ‘കുരിശിൻ്റെ വഴി’ തന്നെയായിരുന്നെന്നും ആ വാക്കുകളിൽ നിന്നുതന്നെ നമുക്കു വായിച്ചെടുക്കാനാകും: “ഓരോ ദിവസവും യുദ്ധത്തെക്കുറിച്ച് പത്രത്തിലും ടിവിയിലും വന്ന വാർത്തകൾ കണ്ടും കേട്ടും ഭീതിയോടും അമ്പരപ്പോടും പകപ്പോടും ദുഃഖത്തോടും കൂടെ ഞാൻ ചെയ്ത എൻ്റെ പ്രഭാതധ്യാനങ്ങളുടെ ഫലമായിരുന്നു ആദ്യ സ്കെച്ചുകൾ. ധ്യാനനിമിഷങ്ങളിൽത്തന്നെയാണ് അവ ഞാൻ ചെയ്തത്. ആ സ്കെച്ചുകൾ പിന്നീട് പ്രശസ്ത ഫ്രഞ്ചുബ്രാൻഡ് ആയ കാൻസൻ്റെ വിലയേറിയ കാർഡുകളിലേക്ക് പകർത്തുകയായിരുന്നു. പതിനാലു ചിത്രങ്ങളും ചെയ്തു കഴിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ തളർന്നു കഴിഞ്ഞിരുന്നു. എനിക്ക് അത്രയ്ക്കു ഭാരം നല്കിയ ഒരു പാഷൻ യാത്രയായിരുന്നു അത്.”
മനസ്സിലെ ‘വിയാ ക്രൂചിസ്’ കടലാസിലേക്ക്; പിന്നെ, റോമിലേക്ക്
മാർച്ചുമാസത്തിൽ യുദ്ധമുളവാക്കിയ ഹൃദയവേദനയിൽ നിന്ന് ഫ്ര. ജോയ്സൻ ഏതാനും ചില ചിത്രങ്ങൾ വരച്ചു. ഉക്രയിനിൽ റഷ്യ പിടിച്ചെടുത്ത ഒരു നഗരത്തിലെ വനിതാമേയർ ഓൾഗ സുഖെൻകോയെയും അവരുടെ ഭർത്താവിനെയും മകനെയും റഷ്യൻ പട്ടാളം മാർച്ച് ഇരുപത്തിനാലാം തീയതി വധിച്ച സംഭവം അദ്ദേഹത്തിൻ്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. കൈ കെട്ടപ്പെട്ട്, മുൾമുടി അണിയിക്കപ്പെട്ട് മരണത്തിനു വിധിക്കപ്പെട്ട ക്രിസ്തു കണക്കെ അവതരിപ്പിച്ച ഒരു ചിത്രം കപ്പൂച്ചിൻ വൈദികരുടെ ജനറലേറ്റിലെ ജസ്റ്റിസ്, പീസ് ആൻ്റ് ഇക്കോളജി കമ്മീഷൻ്റെ ഉത്തരവാദിത്വമുള്ള ഫാ. ജോയേൽ ജസൂവിന് അദ്ദേഹം അയച്ചുകൊടുത്തു. അതു കണ്ട് ഫ്ര. ജോയേൽ കുരിശിൻ്റെ വഴിയുടെ പൂർണചിത്രീകരണം നടത്താൻ അദ്ദേഹത്തോട് അഭിപ്രായപ്പെടുകയായിരുന്നു.
റഷ്യയുടെയും ഉക്രയിൻ്റെയും അതിർത്തികളിലുള്ള കപ്പൂച്ചിൻ ആശ്രമങ്ങളിൽ പ്രാർത്ഥിക്കാനായി ചിത്രീകരണമടങ്ങുന്ന കുരിശിൻ്റെ വഴി തയ്യാറാക്കുക എന്ന ചിന്തയായിരുന്നു ഫ്ര. ജോയേലിന് ആദ്യം ഉണ്ടായിരുന്നത്. അതു നടപ്പിലാക്കാനാവാത്ത വിധം സ്ഥിതിഗതികൾ വഷളായപ്പോൾ, ഉക്രയിനും റഷ്യയ്ക്കും വേണ്ടി ഫ്രാൻസിസ് പാപ്പ രചിച്ചുപുറത്തിറക്കിയ സമാധാനപ്രാർത്ഥന പന്ത്രണ്ട് ഭാഗങ്ങളായി തിരിച്ച്, ജോയ്സനച്ചൻ്റെ കുരിശിൻ്റെ വഴിയുടെ ഏതാനും ചിത്രങ്ങളോടു ചേർത്ത് അദ്ദേഹം പല ഭാഷകളിൽ യുട്യൂബ് ചിത്രീകരണമാക്കി മാറ്റി.
പിന്നീട് കുരിശിൻ്റെ വഴിയുടെ പതിനാലു സ്ഥലങ്ങളും ചിത്രീകരിച്ചു പൂർത്തിയാക്കാൻ ജോയ്സനച്ചനു കഴിഞ്ഞു. അവ അദ്ദേഹം ജനറലേറ്റിലേക്ക് അയച്ചുകൊടുത്തു. 109 ഓളം രാജ്യങ്ങളിൽ കപ്പൂച്ചിൻ സഭയുണ്ട്. ഈ യുദ്ധകാലത്ത് മലയാളിയായ ജോയ്സനച്ചൻ്റെ ബ്രഷിൽനിന്ന് പിറവിയെടുത്ത കർത്താവിൻ്റെ സമാധാനസന്ദേശം കുരിശിൻ്റെ വഴിയുടെ ദൃശ്യപ്രാർത്ഥനയായി അസീസിയിലെ ഫ്രാൻസിസിൻ്റെ പിൻഗാമികളിലൂടെ ലോകമെങ്ങും പരന്നുകൊണ്ടിരിക്കുകയാണ്.
ജീവനുള്ള ദുഃഖചിത്രങ്ങൾക്കുമുന്നിൽ
ഈ ചിത്രങ്ങൾ വരച്ചുപൂർത്തിയാക്കുന്ന സമയത്ത് ഉക്രയിനിൽനിന്നുള്ള കുടുംബങ്ങൾ ബെൽജിയത്തിൽ അഭയാർത്ഥികളായി എത്തിയിരുന്നു. കത്തോലിക്കാസഭയുടെതന്നെ ഭാഗമായ ഗ്രീക്ക് ഓർത്തഡോക്സ് ഉക്രേനിയൻ സഭയുടെ അംഗങ്ങളാണ് ഒട്ടുമിക്കവരും. ആൻ്റ് വെർപ് നഗരത്തിലും ജോയ്സനച്ചൻ താമസിക്കുന്ന മീർസൽ ദ്രീഫ് നഗരത്തിലുമുള്ള കപ്പൂച്ചിൻ ആശ്രമങ്ങളിലാണ് അവരിൽ ഏറെപ്പേരെയും പാർപ്പിച്ചിരിക്കുന്നത്. അവർക്കുവേണ്ടി പാചകം ചെയ്യാനും അവരെ ശുശ്രൂഷിക്കാനും താനുൾപ്പെടെയുള്ള സന്യാസികൾക്ക് അവസരം ലഭിച്ച സമയത്താണ് അച്ചൻ ഇതിലെ ചില ചിത്രങ്ങൾ വരച്ചുതീർത്തത്. അതിനാൽ ഇവയിലെ ചില ദയനീയ മുഖങ്ങൾ കനത്ത ദുഃഖത്തിൻ്റെ നേർക്കാഴ്ചാചിത്രങ്ങളാണ്! സ്ത്രീകളും കുട്ടികളുമാണ് അഭയാർത്ഥികളിൽ നല്ലൊരു പങ്കും. അവരുടെ പുരുഷന്മാർ ജന്മനാടിനുവേണ്ടിയുള്ള യുദ്ധത്തിൽ ഉക്രയിനിലാണ്! ഒത്തിരി ഭയവും ആശങ്കയും നിറഞ്ഞ മുഖത്തോടുകൂടെ എത്തിയ അവർ ഇപ്പോൾ മെല്ലെ പുഞ്ചിരിച്ചു തുടങ്ങിയിട്ടുണ്ട്. അവരിൽ ചിലരെ ഈ കുരിശിൻ്റെ വഴി അദ്ദേഹം കാണിച്ചു. സ്വന്തം ജീവിതം പ്രാർത്ഥനയായിത്തീരുന്ന കാഴ്ച അവരെ ഈറനണിയിക്കുകയും ഹൃദയവും മനസ്സും കരങ്ങളും ദൈവസന്നിധിയിലേക്ക് ഉയർത്താൻ ഇടയാക്കുകയും ചെയ്തു. ബൽജിയത്തും ഹോളണ്ടിലും ഏറെ പ്രശസ്തമായ മരിയ പാർക്ക് എന്ന തീർത്ഥാടനകേന്ദ്രത്തിൽ കപ്പൂച്ചിൻ ഗാർഡിയൻ അച്ചനും അഭയാർത്ഥികളും ചേർന്ന് ഒരു പ്രാർത്ഥനമഞ്ജരി സമർപ്പിക്കാൻ അവയിൽ ചില ചിത്രങ്ങൾ പ്രയോജനപ്പെടുത്തുകയുണ്ടായി (കാണാൻ ഈ ലിങ്ക് തുറക്കുക: https://youtu.be/-KWqI42pHQ0). ചിത്രകല ഒരു സുവിശേഷവേലയാണെന്ന ചിത്രകാരൻ്റെ ബോധ്യത്തിന് ദൈവം നല്കിയ കൈയൊപ്പായിരുന്നു ആ നിമിഷങ്ങൾ!
അമ്മയുടെ എംബ്രോയിഡറിയും മകൻ്റെ CARP-ഉം
പള്ളിപ്പറമ്പിൽ വിൻസന്റ് മാത്യു – ഫ്ലോറി ദമ്പതികളുടെ പുത്രനാണ് ഫ്ര. ജോയ്സൺ OFM Cap. വരാപ്പുഴ രൂപതയിൽ ഞാറക്കൽ പെരുമ്പിള്ളി തിരുക്കുടുംബ ദേവലയമാണ് ഇടവകപ്പള്ളി. മനോഹരമായി എംബ്രായിഡറി ചെയ്യുമായിരുന്ന അമ്മ അതിനുവേണ്ടി ചെയ്തിരുന്ന സ്കെച്ചുകളാണ് 3-ാം വയസ്സു മുതൽ വരയ്ക്കാനാരംഭിച്ച അച്ചൻ്റെ ആദ്യ പ്രചോദനം.
വീട്ടുകാരുടെയും നാട്ടുകാരുടെയും കലവറയില്ലാത്ത പ്രോത്സാഹനങ്ങൾ ലഭിച്ചിട്ടുണ്ട്. സെമിനാരിയിൽ ചേർന്നപ്പോൾ കലാസപര്യയ്ക്കുള്ള സാഹചര്യം പരിമിതമായിരുന്നു. എങ്കിലും, കപ്പൂച്ചിൻ സന്യാസജീവിതത്തിൽ പ്രകൃതിക്കും സമാധാനത്തിനുമൊക്കെയുള്ള ഫോക്കസ് കലാജീവിതത്തിന് ഏറെ അനുകൂലമായിരുന്നു.
പൗരോഹിത്യ സ്വീകരണശേഷം റോമിലെ ജനറലേറ്റിൽ സെക്രട്ടറിയായി സേവനം ചെയ്തപ്പോൾ റോം യൂണിവേഴ്സിറ്റി ഓഫ് ഫൈൻ ആർട്സിൽ കല അഭ്യസിക്കാൻ കഴിഞ്ഞു. പിന്നീട് മിഷൻ മേഖലയിൽ ആയിരിക്കേ, സുവിശേഷ പ്രഘോഷണത്തിന് കല ഉപയോഗപ്പെടുത്താൻ സാധിച്ചു. കലയിലൂടെ സുവിശേഷം എന്നത് അദ്ദേഹത്തിൻ്റെ വലിയ സ്വപ്നമായി മാറി. അതിന് അക്കാദമികമായ ഒരുക്കം കൂടുതലായി വേണമെന്ന് തോന്നിയതിനാൽ മഹാത്മാഗാന്ധി സർവകലാശാലയിൽ ചേർന്ന് കലയിൽ പ്രൊഫഷണൽ ബിരുദമെടുത്തു. പിന്നീടാണ് ചിലരോടു ചേർന്ന് CARP (Company of Artists for Radiance of Peace) എന്ന ചിത്രകലാകാരന്മാരുടെ സമിതി സ്ഥാപിച്ചത്. പല ആർട്ട് ക്യാമ്പുകളും അതിൻ്റെ ഭാഗമായി സംഘടിപ്പിക്കാനും സുവിശേഷത്തിനും മാനവമൂല്യങ്ങൾക്കും നിറം ചാലിക്കാൻ കൊതിക്കുന്ന കലാപ്രതിഭകളെ ഏകോപിപ്പിക്കാനും അതിലൂടെ കഴിഞ്ഞു.
ബെൽജിയത്ത് ഒരു അന്തർദ്ദേശീയ സമൂഹത്തിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം ഏപ്രിൽ 15-ാം തീയതി ജോയ്സനച്ചൻ എത്തിയപ്പോൾ തൻ്റെ കലാസപര്യയ്ക്ക് ഇത്രയേറെ അനുകൂലമായ ഒരു സാഹചര്യം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. മെട്രിക്കുലേഷൻ സ്കൂൾ കുട്ടികൾക്കായുള്ള പരിശീലന പരിപാടിയുടെ ഭാഗമായി “കലയും ആത്മീയതയും ” എന്ന വിഷയം അവർക്കുവേണ്ടി അദ്ദേഹം കൈകാര്യം ചെയ്യുന്നു. കലയോട് ബൽജിയംകാർക്കുള്ള അഭിനിവേശം സുവിശേഷാഭിമുഖ്യമായി മാറണമെന്ന ആഗ്രഹവും പ്രാർത്ഥനയുമാണ് ഈ കാപ്പിപ്പൊടികുപ്പായത്തിനുള്ളിലെ കലാകാരന് ഉള്ളത്.
കഴിഞ്ഞ വർഷം അച്ചൻ്റെ ചിത്രങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പരിശുദ്ധ കുർബാനയുടെ ആരാധനക്രമം സജീവമാക്കാൻ ബെൽജിയം സഭ നടത്തിയ സംരംഭം നാഷനൽ ടെലിവിഷൻ ചാനൽവരെ സംപ്രേഷണം ചെയ്യുകയുണ്ടായി. ഒത്തിരി പേർ ആ പരിപാടി കാണുകയുണ്ടായി. ഇതെക്കുറിച്ചെല്ലാം അദ്ദേഹത്തിന് പയാനുള്ളത് ഇതാണ്: “കർത്താവ് എന്നെ സമാധാനത്തിൻ്റെയും സുവിശേഷത്തിൻ്റെയും ഉപകരണമാക്കി ഉപയോഗിക്കുന്നത് കലയിലൂടെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.”
ഫാ. ജോഷി മയ്യാറ്റിൽ