“Good and upright is the Lord; therefore he instructs sinners in the way.”
(Psalm 25:8 )
ലോകത്തിൻറെ മാർഗങ്ങൾ നേരായ മാർഗങ്ങല്ല, കാരണം ലോകത്തിൽ പല മാർഗങ്ങൾ വളഞ്ഞ വഴിയിലൂടെ നേടിയെടുക്കാം, എന്നാൽ ക്രിസ്തുവിൻറെ മാർഗങ്ങൾ നേരായ മാർഗങ്ങൾ ആയിരുന്നു. കർത്താവിന്റെ രക്ഷ നാം ഓരോരുത്തർക്കും ലഭിക്കുന്നത് നേരായ മാർഗ്ഗത്തിലൂടെ നടക്കുമ്പോൾ മാത്രമാണ്. ദൈവമക്കളായ നാം ഒരോരുത്തരുടെയും ഹൃദയത്തിനുള്ളിൽ യേശുക്രിസ്തുവാണ് ജീവിക്കുന്നത്. യേശുക്രിസ്തുവിനെ സ്വീകരിച്ച നാം ഒരോരുത്തരും, ദൈവഹിതത്തിനും, പരിശുദ്ധാത്മാവിന്റെ നിയോഗത്തിലും, വചനത്തിന്റെ സത്യത്തിലും അനുസൃതമായിരിക്കണം ജീവിക്കേണ്ടതാണ്.
ക്രൈസ്തവ വിശ്വാസത്തിന്റെ കാമ്പ് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഉറപ്പും പ്രത്യാശയുമാണ്. ഈ ഭൂമിയിൽ മരണം എന്ന യാഥാർഥ്യത്തിനു മുൻപിൽ കീഴടങ്ങിയെ മതിയാകൂ എന്ന വസ്തുതയെ അഭിമുഖീകരിക്കുന്നതിനായി ജനിക്കുന്ന ഓരോകുഞ്ഞും, മരണമില്ലാത്ത നിത്യതക്കുവേണ്ടിയുള്ള ഒരു പ്രവേശനപരീക്ഷയെ അഭിമുഖീകരിക്കുകയാണ്. മരണമില്ലാത്ത നിത്യതക്കു രണ്ടു അവസ്ഥകൾ ഉണ്ടെന്നതാണ് ക്രൈസ്തവ വിശ്വാസത്തിന്റെ ഏക അടിസ്ഥാനമായ തിരുവചനം പറഞ്ഞു തരുന്നത്. ഒന്ന് , സത്യ ദൈവത്തോടുകൂടിയുള്ള സന്തോഷകരമായ നിത്യത. മറ്റൊന്നു ദൈവത്തോട് മത്സരിച്ചു ശാപഗ്രസ്തരായിക്കിടക്കുന്ന പിശാച് സംഘത്തോടുകൂടിയുള്ള നിത്യത.
മനുഷ്യർ സ്വതന്ത്രരാണ്; ഏതുവേണമെങ്കിലും തെരഞ്ഞെടുക്കുവാൻ പരിപൂർണ്ണ സ്വാതന്ത്ര്യവും നല്കപ്പെട്ടിരിക്കുകയാണ്. എന്നാൽ കർത്താവിന്റെ രക്ഷപ്രാപിക്കാൻ ആഗ്രഹിക്കുന്നവരുടെ, ഓരോ പ്രവർത്തിയും നേരായ മാർഗത്തിലൂടെ ആയിരിക്കണം. ആത്‌മാവിന്റെ ഫലങ്ങളായ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം എന്നിവയൊക്കെ നാം ഓരോരുത്തരുടെയും ജീവിതത്തിൽ വാഴണം. രക്ഷപ്രാപിക്കാൻ വചന സത്യത്തിലും, പരിശുദ്ധാത്മാവിന്റെ നിയോഗത്തിലും ജീവിക്കണം. നാം ഓരോരുത്തർക്കും കർത്താവിൻറെ രക്ഷയെ പ്രാപിക്കാൻ കർത്താവിൻറെ കൈയ്ക്കു പിടിച്ച് നേരായ മാർഗ്ഗത്തിലൂടെ നടക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.