The Lord heeded her voice. (Daniel 13:44) ✝️✝️
സൂസന്ന എന്ന സ്ത്രീ ദൈവഭക്തി ഉള്ളവളും നീതിനിഷ്ഠ ഉള്ളവളും ആയിരുന്നു എന്നാൽ കുടിലബുദ്ധികളാൽ അവൾ കളങ്കിത ആക്കപ്പെട്ടു. നിഷ്കളങ്കയായ സൂസന്ന വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ട് വിചരണ ചെയ്യപ്പെടാതെ കൊലക്കളത്തിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോള്‍ അവള് തന്റെ സര്‍വശക്തിയും ഉപയോഗിച്ച് പരിശുദ്ധനായ ദൈവത്തെ വിളിച്ച് കരഞ്ഞപേക്ഷിച്ചു. ദൈവം അവളുടെ നിലവിളി കേട്ട് അവളെ രക്ഷിക്കുവാന്‍ വേണ്ടി നിയോഗിച്ചത് ദാനിയേല്‍ എന്ന പ്രവാചകനെയാണ്. നാം ഒരോരുത്തരും രക്ഷിക്കാൻ ആരും ഇല്ല എന്നോർത്ത് പലവിധ പ്രതിസന്ധികളിലും നിലവിളിച്ചു കരയുമ്പോൾ ദൈവം നമ്മുടെ നിലവിളി കേൾക്കുകയും നാം ചിന്തിക്കാൻ പോലും സാധ്യത ഇല്ലാത്ത തലത്തിലൂടെ ദൈവം പ്രവർത്തിക്കുകയും ചെയ്യും

ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല. സഭാപ്രസംഗകൻ 3:4 ൽ പറയുന്നു, കരയാനുള്ള സമയവും ചിരിക്കാനുള്ള സമയവും കർത്താവ് നിശ്ചയിച്ചിട്ടുണ്ട് എന്നു തിരുവചനത്തിൽ പറയുന്നു. ദുഃഖത്തിന്റെ കാലങ്ങളിൽ നമുക്ക് പ്രചോദനം നൽകുന്ന ഒന്നാമത്തെ കാര്യം, ബൈബിൾ ദുഃഖത്തെ അപ്രധാനമായി കാണുന്നില്ല എന്നതാണ്. മറിച്ച് ദുഃഖത്തിന്റെ യാഥാർത്ഥ്യത്തെയും അതിനോടുള്ള നമ്മുടെ പോരാട്ടത്തെയും ബൈബിൾ സത്യസന്ധമായി കാണുന്നു.
എവിടെയോ മറഞ്ഞിരുന്നുകൊണ്ട് മനുഷ്യൻ പ്രാർത്ഥിക്കുമ്പോൾ അനുഗ്രഹങ്ങൾ ചൊരിയുന്ന ഒരു ശക്തിയല്ല ദൈവം. പിന്നെയോ നമ്മുടെ വേദനകണ്ട് മനസ്സലിഞ്ഞ് നമ്മെ തേടിവരുന്ന ഒരു വ്യക്തിയാണ്.
ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്കു വരും” (യോഹ 14:18) എന്നു വാഗ്ദാനം ചെയ്ത കർത്താവായ യേശു നമ്മുടെ ഹൃദയകവാടത്തിൽ മുട്ടുന്നുണ്ട്. നാം ഒന്നു തുറന്നുകൊടുക്കുകയേ വേണ്ടു; അവിടുന്ന് അകത്തുപ്രവേശിക്കുകയും നമ്മുടെ വേദനകളിൽ നമ്മെ ആശ്വസിപ്പിക്കുകയും നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുകയും ചെയ്യും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤🕊









