For everyone who does wicked things hates the light. (John‬ ‭3‬:‭20‬)

തിൻമ ചെയ്യുന്നവൻ അന്ധകാരത്തിൽ വസിക്കുകയും, പ്രകാശത്തെ വെറുക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു ആകുന്ന പ്രകാശം പാപം ആകുന്ന അന്ധകാരത്തെ വെളിപ്പെടുത്തുന്നു. ലോകത്തിന്റെ വർണ്ണ ശബളിമയിൽ കണ്ണഞ്ചുമ്പോൾ അതിനെ പ്രകാശം എന്ന് പലപ്പോഴും നമ്മുടെ കണ്ണുകൾ തെറ്റിദ്ധരിക്കാറുണ്ട്. മനുഷ്യർക്ക് അന്ധകാരവും പ്രകാശവും ‌ ഒന്നുതന്നെയാണ് എന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. പാപത്തിന്റെ അന്ധകാരത്തിൽ വസിക്കുമ്പോൾ അതാണ്‌ പ്രകാശം എന്ന ചിന്തയോടെ ജീവിക്കാൻ  നമുക്കാവും. നമുക്കെല്ലാം അറിയാമെന്നും, നമ്മുടേതാണ്  ശരിയായ വഴിയെന്ന്  സ്വയം ബോധ്യപ്പെടുത്താനും  നമുക്ക് സാധിക്കും.

ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന പ്രകാശത്തെ ലൗകീകാസക്തികൾ ഉപയോഗിച്ച് നമ്മൾ മറയ്ക്കുമ്പോൾ, നമ്മുടെ ആത്മാവ് അന്ധകാരത്താൽ നിറയുന്നു. ഭൂമിയിൽ ദിശാബോധമില്ലാതെ അന്ധകാരത്തിൽ അലയുന്ന ജനങ്ങൾക്ക്‌ ലക്ഷ്യമെവിടെയാണെന്നു വെളിപ്പെടുത്തി കൊടുക്കാൻ യേശു എന്ന പ്രകാശം ആവശ്യമായിരുന്നു. വഞ്ചനയിലൂടെയും  കാപട്യത്തിലൂടെയും അനുസരണക്കേടിലൂടെയും അന്ധകാരത്തിന് ഹൃദയം മുഴുവനും നൽകിയ നമ്മെ നമ്മുടെ  പാപ പ്രകൃതിയെപ്പറ്റി തിരിച്ചറിവുനൽകി യേശു സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴി കാണിച്ചു. ഒരിക്കലും അണയാത്ത ദൈവത്തിന്റെ പ്രകാശം രക്ഷകനായ യേശു ക്രിസ്തുവിലൂടെ ഇന്ന് നമ്മുടെ ഇടയിൽ സദാ പ്രകാശിക്കുന്നുണ്ട്.

പാപവും ലൗകീകമോഹങ്ങളും ഉപേക്ഷിക്കാനും ഈ ലോകത്തിൽ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു. ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന്‌ ക്രിസ്തു എന്ന വെളിച്ചം കൂടിയേ തീരൂ. അന്ധകാരം തിങ്ങിനിറഞ്ഞ ലോകത്തിന്റെ നിശ്ശബ്ദതയ്ക്കു വിരാമമിട്ടു കൊണ്ട് പ്രകാശമായി ലോകത്തിലേക്കു വന്ന തിരുവചനമേ, അങ്ങയെ സ്വീകരിക്കാൻ എന്റെ ഹൃദയത്തെയും, അങ്ങയെ ദർശിക്കാൻ എന്റെ കണ്ണുകളെയും, അങ്ങയെ ശ്രവിക്കാൻ എന്റെ കാതുകളെയും തുറക്കണമേ എന്ന് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

നിങ്ങൾ വിട്ടുപോയത്