“Are not my words like a fire, says the Lord, and like a hammer crushing rock?”
‭‭(Jeremiah‬ ‭23‬:‭29‬) ✝️

ദൈവവചനത്തിനു ശക്തിയുണ്ട്. മനുഷ്യന്റെ ഹൃദയാന്തരാളത്തിലേക്ക് തുളഞ്ഞ് ഇറങ്ങുന്നതിനും മനുഷ്യന്റെ ലക്ഷ്യങ്ങളേയും ആഗ്രഹങ്ങളേയും ലാക്കിനേയും ഇച്ഛാശക്തിയേയും വേര്‍തിരിക്കുവാനും ദൈവവചനത്തിനു കഴിയും എന്ന് ഹെബ്രായർ . 4:12 ൽ പ്രതിപാദിക്കുന്നു. നമുക്കു പലപ്പോഴും എന്തുചെയ്യണമെന്നറിയാതെ തരിച്ചു നില്‍ക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത് നമ്മെ ഉണര്‍ത്തുവാനും ശക്തീകരിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും ദൈവവചനത്തിനു സാധിക്കുന്നു.

പഴയനിയമത്തിൽ അഗ്നി ദൈവത്തിന്റെ സാന്നിധ്യമായി മോശയ്ക്ക് അനുഭവപ്പെട്ടു (പുറപ്പാട് 3:2). പിന്നീട്, ദൈവത്തിന്റെ മഹത്വമായും (എസെക്കിയേൽ 1:4, 1:13), ദൈവദാസരെ സംരക്ഷിക്കുന്ന സൈനീക വ്യൂഹമായും (2 രാജാക്കന്മാർ 6:17), എല്ലാ അശുദ്ധിയെയും തുടച്ചുനീക്കുന്ന ദൈവീക ശക്തിയായും വചനത്തിൽ പ്രതിപാദിക്കുന്നു. പുതിയ നിയമത്തിൽ പ്രധാനമായും അഗ്നി പരിശുദ്ധാത്മാവിന്റെ പ്രതീകമാണ് (അപ്പ. പ്രവർത്തനം 2:3). ദൈവത്തിന്റെ അഗ്നി തിന്മയെ നശിപ്പിക്കുന്നു, പാപാസക്തിയുടെ കെട്ടുകളെ അഴിക്കുന്നു, ആത്മാവിനെ വിശുദ്ധീകരിക്കുന്നു, ദൈവത്തോടുള്ള ഭക്തിയാലും ഭയത്താലും മനസ്സിനെ നിറയ്ക്കുന്നു, ദൈവവചനം ഗ്രഹിക്കുവാൻ ഹൃദയങ്ങളെ തുറക്കുന്നു, ദൈവസ്നേഹം അനുഭവേദ്യമാക്കിത്തരുന്നു.

ദൈവവചനം മനുഷ്യ ജീവിതങ്ങള്‍ക്ക് വഴികാട്ടിയാണ്. ജീവിതത്തിൽ മുന്നിലുള്ള തടസങ്ങളെ തകർത്ത് മുന്നേറാൻ ഒരോ വ്യക്തിയ്ക്കും വചനത്തിലൂടെ മുന്നേറാൻ ദൈവം കൃപ നൽകുന്നു. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നും എന്തു ചെയ്യണമെന്നും എന്തായിത്തീരുമെന്നുമൊക്കെ ദൈവവചനം വ്യക്തമാക്കിത്തരുന്നു. ഈ ഭൂമിയിലെ മറ്റാരുടെയും സഹായമില്ലാതെതന്നെ നമുക്കു സന്തോഷവും സമൃദ്ധിയും ആത്മശാന്തിയും ഒക്കെ പകര്‍ന്നു തരുവാന്‍ വചനത്തിനു സാധിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്