”Though you wash yourself with lye and use much soap, the stain of your guilt is still before me, declares the Lord God.“
(Jeremiah 2:22)
ഏദൻതോട്ടത്തിൽ സാത്താൻ പ്രത്യക്ഷപ്പെട്ടതു മുതൽ, പാപം മനുഷ്യന്റെ മുമ്പിൽ നന്മയെ നശിപ്പിക്കുന്നവനായി നിലകൊള്ളുന്നു. പാപപ്രവർത്തിയോ, അനുസരണക്കേടോ ക്രിസ്‌തീയ ജീവിതരീതിയുടെ ഭാഗമല്ല, വചന വിരുദ്ധം ആണ്. മനുഷ്യര്‍ ബലഹീനരാണ്. മനുഷ്യൻ പല ദുര്‍ബല നിമിഷങ്ങളിലും പാപത്തില്‍ വീണുപോകാം. വീണ പാപത്തിൽ തുടരുമ്പോഴാണ് പാപപത്തിന്റെ കാഠിന്യം വലുതാകുന്നത്. പലപ്പോഴും പാപം നല്‍കുന്ന താത്കാലിക സുഖങ്ങളില്‍ മുഴുകി ആത്മാവിനെ നഷ്ടപ്പെടുത്തുന്നു. ജെറമിയാ പ്രവാചകൻ ഇസ്രായേൽ ജനത്തോട് പറയുന്നതാണ് പ്രസ്തുത വചന വാക്യം
പാപം ചെയ്യുമ്പോൾ പാപക്കറകൾ നമ്മുടെ ജീവിതത്തിൽ പടരുന്നു. മനസാക്ഷിയിൽ കുറ്റബോധമായും, ശാപമായും, തലമുറക്കൾക്ക് ദോഷമായും എന്നിങ്ങനെ പല വിധത്തിൽ പാപക്കറയുടെ ശിക്ഷ നാം ജീവിതത്തിൽ അനുഭവിക്കേണ്ടി വരാം. പാപങ്ങൾ നാം ഏറ്റു പറയുമ്പോൾ ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുമെങ്കിലും പാപത്തിന്റെ ശിക്ഷ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നേക്കാം. ദാവീദ് ലൗകികമായ താൽപര്യത്തിനു വേണ്ടി ബേത്ഷേവായുടെ ഭർത്താവ് ഊറിയാവിനെ കൊന്നു. ദാവീദ് ചെയ്ത പാപത്തിന്റെ ഫലമായി ഭാവീദിന് ബേത്ഷേവായിൽ ഉണ്ടായ ആദ്യ കുഞ്ഞ് മരണപ്പെട്ടു.
ജെറുസലേം ദൈവാലയം പണിയാൻ ഉള്ള അനുഗ്രഹം ദാവീദിൽ ആയിരുന്നു എന്നാൽ പാപം ചെയ്തതിന്റെ ഫലമായി ആ അനുഗ്രഹം മകനായ സോളമനിലേയ്ക്ക് ദൈവം കൈമാറ്റം ചെയ്യപ്പെട്ടു. ദാവീദിന്റെ മുന്നോട്ടുള്ള ജീവിതത്തിൽ പുത്രന്മാർ പരസ്പരം പോരടിക്കുകയും മരണപ്പെടുകയും ചെയ്തു. സ്വന്തം മകനെ പേടിച്ച് രാജസിംഹാസനം ഉപേക്ഷിച്ച് ദാവീദിന് പാലായനം ചെയ്യേണ്ടി വന്നു. പാപത്തെ ഏറ്റു പറഞ്ഞ് വിശുദ്ധജീവിതം നയിച്ചപ്പോൾ ദാവീദിന്റെ പാപങ്ങൾ ദൈവം ക്ഷമിക്കുകയും, എന്നാൽ പാപത്തിന്റെ ശിക്ഷ ജീവിതത്തിൽ അനുഭവിക്കുകയും ചെയ്യേണ്ടി വന്നു. ദാവീദ് ദൈവത്തിന്റെ ഹൃദയപ്രകാരം ജീവിതം നയിച്ചവനാണ് എന്ന് വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഏതു പാപക്കറയും മായ്ക്കുന്ന ദൈവത്തോട് നമ്മുടെ പാപങ്ങൾ ഏറ്റു പറയുകയും, പാപത്തെ പ്രതി ദൈവത്തോട് ക്ഷമ ചോദിക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ