ധൂപക്കുറ്റിയുടെ ദൈവശാസ്ത്രവും ***

ധൂപക്കുറ്റി (Censer) സഭയുടെ ആരാധനാക്രമത്തിൽ ആഴമായ ദൈവശാസ്ത്രപരവും പ്രതീകാത്മകവുമായ അർത്ഥങ്ങൾ പേറുന്ന വിശുദ്ധമായൊരു അടയാളമാണ്. ധൂപക്കുറ്റി പ്രധാനമായും സഭയുടെ പ്രതീകമാണ്. സ്വർഗ്ഗവും ഭൂമിയും ക്രിസ്തുവിൽ ഒന്നായിച്ചേരുന്നതിനെയാണ് സഭ സൂചിപ്പിക്കുന്നത്.

ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയെയും മുകളിലത്തേത് സ്വർഗ്ഗത്തെയും പ്രതീകവൽക്കരിക്കുന്നു. ധൂപക്കുറ്റിയിലെ ഘടകങ്ങൾ മനുഷ്യൻ്റെ രക്ഷാചരിത്രത്തെ ഓർമ്മിപ്പിക്കുന്നു. അതിലെ കരി പാപം നിറഞ്ഞ മനുഷ്യവർഗ്ഗത്തെയും, കരിയെ കത്തിക്കുന്ന അഗ്നി പാപികളെ ശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിനെയും സൂചിപ്പിക്കുന്നു. ഈ അഗ്നിയാൽ രൂപാന്തരപ്പെട്ട മനുഷ്യനാണ് തീക്കനൽ.

ധൂപക്കുറ്റിയെ താങ്ങിനിർത്തുന്ന നാലു ചങ്ങലകൾ ലോകത്തിൻ്റെ നാലു ദിക്കുകളെ, അതായത് സൃഷ്ടിയുടെ എല്ലാ ഭാഗത്തെയും, കുറിക്കുന്നു. ഇവ പരിശുദ്ധ ത്രിത്വത്തെയും ക്രിസ്തുവിൻ്റെ ദൈവിക-മനുഷ്യ സ്വഭാവങ്ങളെയും ഓർമ്മിപ്പിക്കുന്നു: ഒന്നാമത്തെ ചങ്ങല പിതാവിനെയും, രണ്ടാമത്തേത് പുത്രൻ തമ്പുരാൻ്റെ ദൈവികതയെയും, മൂന്നാമത്തേത് അവിടുത്തെ മനുഷ്യത്വത്തെയും, നാലാമത്തേത് പരിശുദ്ധ റൂഹായെയും സൂചിപ്പിക്കുന്നു. ഓരോ ചങ്ങലയിലുമുള്ള 72 കണ്ണികൾ യേശുക്രിസ്തുവിൻ്റെ 72 ശിഷ്യന്മാരെ/അറിയിപ്പുകാരെയാണ് സൂചിപ്പിക്കുന്നത്.

ചങ്ങലകളെല്ലാം ഒത്തുചേരുന്ന മുകളിലത്തെ വളയം പരിശുദ്ധ ത്രിത്വത്തിൻ്റെ ഏകത്വത്തെ പ്രതീകവൽക്കരിക്കുന്നു. ധൂപക്കുറ്റിയിലെ 12 മണികൾ 12 അപ്പോസ്തലന്മാരുടെ സാന്നിദ്ധ്യത്തെയും, മണികളുടെ ശബ്ദം അവരുടെ സുവിശേഷ പ്രഘോഷണത്തിൻ്റെ പ്രഖ്യാപന ശബ്ദത്തെയും സൂചിപ്പിക്കുന്നു.

കൂടാതെ, ധൂപക്കുറ്റി ദൈവമാതാവിൻ്റെ (പരിശുദ്ധ കന്യകയുടെ) പ്രതീകമായും കരുതപ്പെടുന്നു; അഗ്നി പരിശുദ്ധ കന്യകയുടെ ഉദരത്തിൽ വസിച്ച ദൈവത്തെയാണ് സൂചിപ്പിക്കുന്നത്.

ധൂപക്കുറ്റിയിലെ അഗ്നിയിൽ കരിക്കട്ട എരിഞ്ഞ്, കുന്തിരിക്കം ഉരുകി അന്തരീക്ഷത്തിലേക്ക് ഉയരുന്ന സൗരഭ്യധൂപം മനുഷ്യരുടെ സൽപ്രവൃത്തികളെയും ആരാധനയെയും പ്രാർത്ഥനയെയും സൂചിപ്പിക്കുന്നു. ഈ പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക് എത്തുന്നു എന്നതിൻ്റെ ദൃശ്യമായ അടയാളമാണിത്. വിശുദ്ധ യോഹന്നാൻ ദിവ്യബലിയിൽ ധൂപം ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ദൈവസന്നിധിയിൽ വിശുദ്ധന്മാരുടെ പ്രാർത്ഥനകളോടുകൂടി ധൂപവർഗ്ഗത്തിന്റെ പുക ദൂതൻ്റെ കയ്യിൽനിന്ന് ഉയർന്നു” (വെളി. 8:3-4).

ധൂപം വീശുന്നത് സഭയുടെ പൊതുവായ പ്രാർത്ഥനകളിലും വിശുദ്ധ രഹസ്യങ്ങൾ (കൂദാശകൾ) അനുഷ്ഠിക്കുന്ന സമയങ്ങളിലുമാണ്. വാങ്ങിപ്പോയവരുടെയും ജീവനുള്ളവരുടെയും ഒരുമിച്ചുള്ള പ്രാർത്ഥനയേയും ബലികാഴ്ചകളേയുമാണ് ധൂപം സൂചിപ്പിക്കുന്നത്. പ്രധാനമായും രാവിലെയും വൈകിട്ടുമുള്ള സഭയുടെ പൊതു പ്രാർത്ഥനകളിലും, വിശുദ്ധ ഏവൻഗേലിയോനും ലേഖനങ്ങളും വായിക്കുന്ന സമയത്തും ധൂപം വീശുന്നു. ദൈവവചനം പ്രാർത്ഥനയോടെ ശ്രദ്ധിക്കുന്നു എന്നതിൻ്റെ സൂചനയാണിത്.

ധൂപം വീശുകയെന്നത് സഭയുടെ പൊതുവായ പ്രവൃത്തിയായതുകൊണ്ട്, മെത്രാപ്പോലീത്തയാണ് ധൂപം വീശേണ്ടത്. അദ്ദേഹത്തിൻ്റെ അനുമതിയോടെ, അദ്ദേഹത്തിനുവേണ്ടി കശീശായ്ക്കും ശെമ്മാശ്ശനും വീശാവുന്നതാണ്. ഈ സ്ഥാനങ്ങളിൽ ആരുമില്ലെങ്കിൽ മാത്രം ശുശ്രൂഷക്കാരന് (അൽമായക്കാരന്) ധൂപം വീശാവുന്നതാണ്. ധൂപം വീശുന്നത് ശുശ്രൂഷക്കാരൻ്റെ മാത്രം ചുമതലയായി കണക്കാക്കുന്നത് ശരിയല്ല. മാർ ഈവാനിയോസ് ധൂപത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്: “നമ്മുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക് ഉയരുമ്പോൾ, ധൂപം എരിയുന്നതുപോലെയും സുഗന്ധം പരത്തുന്നതുപോലെയും ആകണം. അത് സൽപ്രവൃത്തികളുടെയും വിശുദ്ധ ജീവിതത്തിൻ്റെയും സൗരഭ്യം പരത്തുന്നതാകണം.”

ധൂപം നമ്മുടെ ആരാധനയുടെയും ഹൃദയത്തിലെ വിശുദ്ധിയുടെയും ബാഹ്യപ്രകടനമാണെന്ന് അദ്ദേഹം പഠിപ്പിച്ചു.

ധൂപക്കുറ്റി എന്ന ഈ വിശുദ്ധ ഉപകരണം, സ്വർഗ്ഗീയ ആരാധനയിൽ നമ്മൾ പങ്കുചേരുന്നതിൻ്റെയും, പരിശുദ്ധാത്മാവിനാൽ ശുദ്ധീകരിക്കപ്പെട്ട് ക്രിസ്തുവിൽ ഏകീകരിക്കപ്പെട്ട സഭയുടെ പ്രതീകമായും ആരാധനാക്രമത്തിൽ തലമുറകളായി നിലനിൽക്കുന്നു.

Joseph Thekkedath Puthenkudy

നിങ്ങൾ വിട്ടുപോയത്