“ദൂതന് അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ” (ലൂക്കാ 1:28).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 22
അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിന് വേണ്ടി, തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. മനുഷ്യമാതൃത്വത്തെ, ഒരു സ്ത്രീയുടെ മാതൃത്വത്തെ ദൈവം അത്രമാത്രം സ്നേഹിച്ചു; അവളിലൂടെ തന്റെ ഏകജാതനായ പുത്രനെ ലോകത്തിനു നല്കുവാന് അവന് സാധിച്ചു. ഇതിന്റെ വെളിച്ചത്തില്‍, എല്ലാ മനുഷ്യ മാതൃത്വവും ഒരസാമാന്യമായ മാനം കൈവരിക്കുന്നു. ഇത് വിശുദ്ധമാണ്.

ജീവന് വിശുദ്ധമാണ്. ഓരോ മാതാവിന്റേയും മാതൃത്വം വിശുദ്ധമാണ്. അതുകൊണ്ടാണ് ജീവന്റെ സ്ഥിരീകരണപ്രതിജ്ഞ എന്ന വിഷയം ഉയര്‍ന്നുവരുന്നത്. അമ്മയുടെ ഉദരത്തിലെ ‘ജീവന്റെ സംരക്ഷണം’ എന്ന വിഷയം ക്രിസ്തുവിശ്വാസം ഏറ്റുപറയുന്ന ഏവരുടേതുമാണ്; ഇത് വിശ്വാസത്തിന്റെ വിഷയമാണ്; മനസാക്ഷിയുടെ വിഷയമാണ്. വേര്‍തിരിവ് ഇല്ലാതെ, സകല മനുഷ്യരും ജീവന്റെ മഹത്വം മനസ്സിലാക്കുവാന്‍ ശ്രമിക്കണം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സീനാ, 14.9.80)





