1999 ജനുവരി 23
ഗ്രഹാം സ്റ്റെയിൻസും മക്കളും രക്തസാക്ഷികളായിട്ട് ഇന്നു 22 വർഷം
1999 ജനുവരി 23 പുലർച്ചെ, നീണ്ട മുപ്പത്തിനാലു വര്‍ഷം തന്റെ ജന്മനാട് ഉപേക്ഷിച്ച് ഭാരത മണ്ണിൽ ആരും തിരിഞ്ഞു നോക്കാത്ത കുഷ്ഠരോഗികളെ സ്വാന്തനം നല്കി പരിചരിച്ച്, അക്ഷരം പഠിപ്പിച്ച്, സമൂഹത്തിലെ താഴെ തട്ടിൽ അടിമകളെ പൊലെ ജീവിക്കുന്ന ജനങ്ങളുടെ ഇടയിൽ അവരിൽ ഒരാൾ ആയി ജീവിച്ച ഒരു പിതാവിനെയും 2 പിഞ്ചുമക്കളെയും ചില ക്രൂര മനുഷ്യർ ചേർന്ന് അഗ്നിക്ക് ഇരയാക്കിയപ്പോൾ ഒ.വി വിജയൻ ഡൽഹിയിൽ നിന്ന് എഴുതിയ കുറിപ്പാണ് മുകളിൽ പ്രസ്ഥാപിച്ചിരിക്കുന്നത്
ജനുവരി 23 പുലർച്ചെ ഒഡീഷയിലെ ബാരിപഡയിൽ നിന്നും 180 കിലോമീറ്റർ അകലെ സന്താൾ എന്ന ആദിവാസി സമൂഹത്തിന്റെ കേന്ദ്രമായ മനോഹർപുരിലെ പ്രവർത്തനങ്ങൾ കഴിഞ്ഞ് നേരം വളരെ വൈകിയതു കൊണ്ട് തന്റെ വാഹനത്തിൽ ഗ്രഹാം സ്റ്റെയിൻസും അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരായ പത്തുവയസുകാരന് ഫിലിപ്പും ആറു വയസുകാരന് തിമോത്തിയും ഉറങ്ങുകയായിരുന്നു. ഏകദേശം രാത്രി 12.30 നു ശേഷം ധാരാ സിംഗ്, ഏലിയാസ്, രബീന്ദ്ര സിംഗ് എന്നിവരുടെ നേതൃത്വത്തിൽ കുന്തം, വടി, തോക്ക്, പെട്രോൾ എന്നിവയുമായി അമ്പതോളം പേർ അദ്ധേഹത്തിന്റെ വാഹനത്തെ വലയം ചെയ്തു.
കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ലുകൾ തകർത്ത അവർ, ഞെട്ടിയുണർന്ന് വാഹനത്തിനു പുറത്തു കടക്കാൻ ശ്രമിച്ച സ്റ്റെയിൻസിനെ കുന്തം കൊണ്ട് കുത്തി. പെട്രോൾ ഒഴിച്ച് തീ കൊളുത്തി. മരണമില്ലാത്ത ലോകത്തിലേക്ക് സ്റ്റെയിൻസും രണ്ട് കുഞ്ഞുങ്ങളും യാത്രയായി.
രാജ്യം ഞെട്ടലോടുകൂടി ആയിരുന്നു ഈ വാർത്ത കേട്ടത്. ലോക രാജ്യങ്ങൾക്കു മുമ്പിൽ ഇന്ത്യയുടെ ശ്രേയസ്സ് നഷ്ടപ്പെട്ട ദിനമായിരുന്നു അന്ന്.
1941 ജനുവരി 18 ന് ഓസ്ട്രേലിയായിലെ ക്യൂൻസ്ലാൻഡ് സ്റ്റേറ്റിലെ ബ്രബ്ബനിയിൽ ഗ്രഹാം സ്റ്റെയിൻസ് ജനിച്ചു. ജോസഫ് വില്യം – എലിസബത്ത് ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി ജനിച്ച സ്റ്റെയിൻസ് ആന്മീക അന്തരീഷത്തിൽ തന്നെ വളർത്തപ്പെട്ടു.
പതിനാറാം വയസ്സിൽ ദൈവവേലയ്ക്കായ് സ്വയം സമർപ്പിതനായ്. 1965ല്‍ ഇന്ത്യ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം ഇവാഞ്ചലിക്കല്‍ മിഷണറി സൊസൈറ്റി ഓഫ് മയൂര്‍ബനിയില്‍ (ഇഎംഎസ്എം) ചേരുകയും മിഷണറി പ്രവര്‍ത്തനങ്ങളുടെ ദീർഘചരിത്രമുള്ള അദ്ദേഹം ഈ പിന്നോക്ക ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
1983ല്‍ അദ്ദേഹം ബരിപാഡയിലെ മിഷന്റെ നേതൃത്വം ഏറ്റെടുത്തു. 1982ല്‍, ഒരു രജിസ്ട്രേഡ് സൊസൈറ്റിയായി മയൂര്‍ബനി കുഷ്ഠരോഗ കേന്ദ്രം സ്ഥാപിക്കുന്നതിന് അദ്ദേഹം സഹായങ്ങള്‍ ചെയ്തു. കുഷ്ഠ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ 1981ല്‍ അദ്ദേഹം ഗ്ലാഡിസ് ജെയ്നെ കണ്ടുമുട്ടുകയും 1983ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു.
അതിന് ശേഷം ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. രണ്ട് പുത്രന്മാരെ കൂടാതെ എസ്തര് എന്ന ഒരു പുത്രി കൂടി അവര്‍ക്ക് ഉണ്ടായിരുന്നു. കുഷ്ഠരോഗി പരിചരണയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെങ്കിലും ബൈബിളിന്റെ ഒരു ഭാഗം ഹോ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതില്‍ അദ്ദേഹം പങ്കാളിയായി. പുതിയ നിയമത്തിന്റെ എഴുത്തുപതിപ്പ് മുഴുവന്‍ പ്രൂഫ് നോക്കിയതും അദ്ദേഹമായിരുന്നു.
ഒഴുക്കോടെ ഒറിയ സംസാരിച്ചിരുന്ന അദ്ദേഹം രോഗികള്‍ക്ക് പ്രിയങ്കരനായിരുന്നു. സ്വദേശവും സ്വജനങ്ങളെയുംഉപേക്ഷിച്ച് ഭാരതത്തിന്റ കുഗ്രാമങ്ങളിൽ സ്വഭവനക്കാരും സുഹൃത്തുക്കളും കൈ ഒഴിഞ്ഞ കുഷ്ഠരോഗികളെയും മറ്റും ഒരു മടിയും ലാഭേച്ഛയും കൂടാതെ പരിചരിച്ച് അവർക്ക് വേണ്ടി ജീവിതം മാറ്റിവയ്ക്കുകയും ക്രിസ്തുവിന്റെ സ്നേഹം പകർന്നു നല്‍കുകയും ചെയ്ത തന്റെ ഭർത്താവിനെയും നിഷ്കളങ്കരായ 2 കുഞ്ഞുങ്ങളെയും ചുട്ടെരിച്ച മനുഷ്യരോടുള്ള ഗ്ലാഡിസിന്റ സമീപനം ഒരു യഥാർത്ഥ ക്രൈസ്തവ സാക്ഷ്യമാണ്. ഗ്ലാഡിസിന്റെ വാക്കുകൾ ഇപ്രകാരം ആയിരുന്നു.
“ഞാൻ പൂർണമായി തകർക്കപ്പെട്ടു എന്നാൽ എനിക്ക് ആരോടും പരിഭവമില്ല. ശത്രുക്കളോട് ക്ഷമിക്കവാനാണ് യേശു എന്നെ പഠിപ്പിച്ചത്. എന്റെ ഭർത്താവിന്റെ ഘാതകർ ദൈവസ്നേഹം അനുഭവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു” നമ്മെ സ്നേഹിച്ചതിനും നമ്മെ ശുശ്രൂഷിച്ചതിനും അശരണരായിരുന്ന നമുക്കായി ജീവിതം മാറ്റിവച്ച സ്റ്റെയിൻസ് നാം നൽകിയ പാരിതോഷികം മരണം ആയിരുന്നു. എന്നിട്ടും ആ വിധവ ക്ഷമിച്ചു ക്രിസ്തു ക്ഷമിച്ചതു പോലെ നമ്മോട് ക്ഷമിക്കുകയും ക്രിസ്തുവിന്റെ സ്നേഹം സ്വന്ത ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുകയും ചെയ്തു.
സാം തോമസ്