ഏപ്രിൽ 26. ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ് ഒരു ഞായറാഴ്ച. കുർബാനയിൽ സുവിശേഷ വായന കഴിഞ്ഞു പ്രസംഗം തുടങ്ങിയിട്ടേയുള്ളൂ. ഇടവക്കാരനായ ലാസറുണ്ണി എന്നെ പള്ളിക്കകത്തുനിന്നും പുറത്തേക്ക് വിളിച്ച് അടക്കം പറഞ്ഞു “നമ്മുടെ കുണ്ടുകുളം പിതാവ് മരിച്ചൂട്ടാ” റേഡിയോയിൽ കേട്ട വാർത്തയാണ്. പെട്ടന്ന് ഉൾകൊള്ളാൻ പറ്റുന്നില്ല. ആഫ്രിക്കയിലേക്കു പോകുന്നതിനു മുൻപും കണ്ടതാണ്. വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. ആ കൂടികാഴ്ച അവസാനത്തേതാകുമെന്ന് ഒരിക്കലും കരുതിയതുമില്ല. കുർബാന കഴിഞ്ഞ ഉടനേ വികാരിയചനോട് കാര്യം പറഞ്ഞു. ക്ലാരൂസ് CMI അച്ചനാണ് അന്ന് വികാരി. “വാർത്ത സ്ഥിരീകരിക്കാതെ ആളുകളോട് പറയാൻ പറ്റുമോ? ഒരു റിസ്ക് എടുക്കാൻ വയ്യ, മാഷ് തന്നെ പറഞ്ഞോ”. കൂടുതലൊന്നും ആലോചിച്ചില്ല, ആളുകൾ പള്ളിവിട്ട് പോയി തുടങ്ങിയിട്ടില്ല. മൈക്കിലൂടെ കുണ്ടുകുളം പിതാവിൻ്റെ മരണ വാർത്ത അറിയിച്ചു. ഒരു നിമിഷം എല്ലാവരും പ്രാർത്ഥിച്ചു. ഒരു പക്ഷേ ആ സ്നേഹപിതാവിൻ്റെ വിയോഗം ആദ്യമായി ഒരു പള്ളിയിൽ പറയുകയും പ്രാർത്ഥിക്കുകയും ചെയ്തത് ഞങ്ങളുടെ ഗുരുവായൂർ ഇടവകയിലായിരിക്കും.

പള്ളിയിൽനിന്നും മടങ്ങിയെത്തി നേരെ ബിഷപ് ഹൗസിലേക്കാണ് പോയത്. ഞാൻ അവിടെ എത്തുമ്പോൾ അഭിവന്ദ്യ മാർ തൂങ്കുഴി പിതാവ്, അന്തരിച്ച മുൻ മന്ത്രി പി പി ജോർജ്ജ് മാഷ്, അന്നത്തെ ജില്ലാ കളക്ടർ രാജു നാരായണൻ സ്വാമി, അന്ന് വികാരി ജനറാളായിരുന്ന ബോസ്കോ പിതാവ്, പിന്നെ കുറച്ചു വൈദികരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അന്ന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആണ്. മൃതദേഹം എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങളെകുറിച്ചായിരുന്നു ചർച്ച. ആഫ്രിക്കയിലെ കെനിയയിൽ ഉൾനാടൻ ഗ്രാമമായ വാമ്പയിൽ വച്ചായിരുന്നല്ലോ പിതാവിൻ്റെ അന്ത്യം. ദൈവപരിപാലനയിൽ എല്ലാം ക്രമീകരിക്കപെട്ടു. രണ്ടാം ദിവസം മൃതദേഹം കൊച്ചി വിമാനത്താവളത്തിലെത്തി. അന്ന് നെടുമ്പാശ്ശേരി എയർപോർട്ട് ഇല്ല. മൃതദേഹം ഏറ്റുവാങ്ങാൻ ചുമതലപ്പെടുത്തിയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു. വഴിനീളെ ആദരാഞ്ജലി അർപ്പിക്കുവാൻ ഇടവക വികാരിയചനോടൊപ്പം പ്രാർതനാപൂർവ്വം പലയിടത്തും ആളുകൾ കൂട്ടം കൂട്ടമായി നിന്നിരുന്നു. പിതാവ് നഷ്ട്ടപെട്ട മക്കളുടെ ഹൃദയം ആ ജനസഹസ്രങ്ങളിൽ കാണാൻ കഴിയും.

മൂകമായ വഴികൾ പിന്നിട്ട് മൃതദേഹം ഡോളേഴ്സ് ബസലിക്കയിൽ എത്തിച്ചേർന്നു. വമ്പിച്ചൊരു ജനാവലിയായിരുന്നു അവിടെ അക്ഷമരായി കാത്തു നിന്നിരുന്നത്. എങ്കിലും കനത്ത നിശ്ശബ്ദത അന്തരീക്ഷത്തിൽ തളം കെട്ടി നിന്നു. അഞ്ച് മണിയോടെ നഗരി കാണിക്കൽ പ്രദിക്ഷണം ആരംഭിച്ചു. സ്ലീവാ കുരിശ് പിടിച്ച് ഞാനാണ് മുന്നിൽ നടക്കുന്നത്. ആയിരങ്ങൾ ആ വിലാപയാത്രയിൽ പങ്കെടുത്തു. ഹൈറോഡിൽ നിന്നും സ്വരാജ് റൗണ്ടിലേക്ക് വിലാപയാത്ര കടക്കുകയാണ്. റോഡിൻ്റെ ഇരുവശവും ജനങ്ങൾ തിങ്ങി നിൽക്കുന്നു. കേരളം കണ്ട തീഷ്ണമായ സമരമുഖങ്ങളെ മുന്നിൽ നിന്ന് പടനയിച്ച അഗ്നിപാദങ്ങളാണ് നിശ്ചലമായിരിക്കുന്നത്. ഈ ജനങ്ങളിൽ, ഒന്നല്ലെങ്കിൽ അതിൽ കൂടുതൽ സമരങ്ങളിൽ പങ്കെടുത്തതിൻ്റെ ഓർമകളും മുഷ്ടിചുരുട്ടി വിളിച്ച മുദ്രാവാക്യങ്ങളുടെ അലയടികളും ഇന്നും നിലച്ചിട്ടുണ്ടാവില്ലെന്നത് വ്യക്തം. എൻ്റെ ഓർമകൾ പുറകൊട്ട് സഞ്ചരിച്ചു.

1972ലെ കോളജ് സമരം. നൂനപക്ഷ അവകാശങ്ങൾക്ക് നേരെ ഉയർന്ന വെല്ലുവിളികൾക്ക് എതിരെയുള്ള ശക്തമായ പ്രതികരണമായിരുന്നു പിതാവിൻ്റെത്. അന്ന് ബിഷപ്പ് ഹൗസിൽ വച്ച് ഇങ്ങനെ പറഞ്ഞു. “ജൂലൈ 3, ദുക്രാന ദിനത്തിൽ ശക്തമായൊരു സമരത്തിന് നമ്മൾ സാക്ഷികളാകും, ആ ജാഥയുടെ മുന്നിൽ നിങ്ങൾ തനിച്ചായിരിക്കില്ല, ഞാനുമുണ്ടാകും” ഒരു ബിഷപ് സമരത്തിനു തെരുവിൽ ഇറങ്ങുകയോ? പലരും സ്നേഹത്തോടെ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ നോക്കി. പക്ഷേ ആ ജൂലൈ 3ന് കേരളം കണ്ടത് സഭാ മക്കളുടെ സമരത്തിൻ്റെ ചൂടും വേവുമാണ്. എതിർവശത്ത് നിലയുറപ്പിച്ച തൻ്റെ മിത്രമായ കെ.കരുണാകരനും സർക്കാരും ആ സമരത്തിൽ പതറി പുറകിലോട്ട് മാറി. പിറ്റേ ദിവസത്തെ പത്രങ്ങളിൽ വാർത്തകൾ നിറഞ്ഞു. ‘അവകാശ സംരക്ഷണത്തിന് വേണ്ടി തെരുവിൽ ഇറങ്ങേണ്ടി വന്ന ലോകത്തെ അപൂർവ്വം മെത്രാനെന്ന്’ അവർ ഈ സംഭവത്തെ വിശേഷിപ്പിച്ചു.

ആറാംതിരുമുറിവ് നാടകം. യേശുവിനെ അവഹേളിക്കുന്ന ഈ നാടകം തൃശുർ ജില്ലയിൽ ഒരിടത്തും നടത്തില്ലെന്നുള്ള കുണ്ടുകുളം പിതാവിൻ്റെ പ്രസ്താവന ഒരു ഇടി മുഴക്കമായിരുന്നു. വിശ്വാസികൾ ഇളകിമറിഞ്ഞു. തൃശൂരിൻ്റെ തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് റോഡ് തിങ്ങി നിറഞ്ഞ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പേര് പറഞ്ഞ് വാളോങ്ങിയ കപടവേഷധാരികൾക്കുള്ള ഉഗ്ര താക്കീതായിരുന്നു അത്. പീന്നീട് ആ നാടകം ഒരിടത്തും കളിക്കാൻ ധൈര്യപ്പെട്ടില്ല.തനിക്ക് ബോദ്ധ്യം വന്ന കാര്യത്തിന്ന് വേണ്ടി എത്രമാത്രം ക്ലേശങ്ങൾ സഹിക്കേണ്ടി വന്നാലും ഒരിക്കൽ പോലും പിൻതിരിയാൻ തയ്യാറാകാത്ത പ്രകൃതമായിരുന്നു പിതാവിൻ്റേതെന്ന് കേരള ജനത നന്നായി മന:സ്സിലാക്കിയിട്ടുണ്ട്. വെച്ച കാലുകൾ മുന്നോട്ട് തന്നെ..

സഭാ മക്കൾക്ക് വന്ന് ചേരാനിടയുള്ള ഭവിഷ്യത്തുക്കളെ ദീർഘവീക്ഷണത്തോടെ മുന്നിൽ കണ്ട്, നല്ല വടി വെട്ടിയൊരുക്കി തന്നെ ഏല്പിച്ച ആടുകളുടെ മുന്നിൽ അരമുറുക്കി കാവൽ നിന്ന് സംരക്ഷിച്ച നല്ല ഇടയനെക്കുറിച്ചേ ഞങ്ങൾക്ക് പറയാനുള്ളു. അത് ഞങ്ങളുടെ കുണ്ടുകുളം പിതാവാണ്. ആ ഇടയൻ്റെ കീഴിൽ ഒതുങ്ങി നിൽക്കുമ്പോൾ ഒരിക്കലും ഭയമെന്താണെന്ന് ഞങ്ങൾ അറിഞ്ഞിട്ടില്ല.”മഴുത്തായ കൊണ്ട് ഞങ്ങൾ നേരിടും” തേക്കിൻകാട് മൈതാനിയിലെ പതിനായിരങ്ങൾക്ക് മുന്നിൽ പിതാവ് ഉയർത്തിയത് കേവലം ഏറുവാക്കുകളായിരുന്നില്ല. ആ വാക്കുകളിലെ ചങ്കുറ്റം തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതൃത്വങ്ങൾ പത്തി മടക്കി പാളത്തിലേക്ക് പല തവണ പിന്മാറിയതും സഭാ മക്കൾ അഭിമാനത്തോടെ ഇന്നും ഓർക്കുന്നു.

ഓരോ കാലത്തും സഭ എന്നിൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുമ്പോൾ “ഇതൊക്കെ എന്നെക്കൊണ്ട് പറ്റുമോ?”, ഞാൻ എന്നോടു തന്നെ ചോദിച്ചു പോകാറുണ്ട്. ലൂർദ്ദ് പള്ളിയുടെ താഴേപ്പള്ളിയിലേക്കിറങ്ങി ചെന്ന് അൾത്താരക്ക് താഴേ ശാന്തമായി ഉറങ്ങുന്ന ആ വിശുദ്ധ ആത്മാവിന് മുന്നിൽ മുട്ടുകൾ മടക്കും. ധൈര്യവും ഊർജ്ജവും തനിയെ വന്നുചേരും. പ്രസംഗ പീഠങ്ങൾക്കു മുന്നിലേക്ക് ഞാൻ നടക്കുമ്പോൾ ഉള്ളിൽ അറിയാതൊരു പ്രാർത്ഥന ഉയരും, “കുണ്ടുകുളം പിതാവേ, വിവേകത്തോടെ, സരസമായി, ഊർജ്ജം ചോരാതെ, ആത്മാവിന് വേണ്ട രീതിയിൽ – അങ്ങയെ പോലെ സംസാരിക്കാൻ സഹായിക്കണേ” ആ പ്രാർത്ഥനകൾ എന്നും തുണച്ചിട്ടുണ്ട്.

താൻ നെഞ്ചോട് ചേർത്തുവെച്ച പുല്ലഴിയിലെ അനാഥ മന്ദിരത്തിലെ ഒരു കുടുസ്സുമുറിയായിരുന്നു പിതാവ് വിശ്രമജീവിതത്തിനായി തെരഞ്ഞെടുത്തത്. പല കാര്യങ്ങൾക്കായി ഞാൻ പിതാവിനെ കാണാൻ ചെല്ലുമ്പോൾ എത്ര ഹൃദ്യമായാണ് സ്വീകരിച്ചിരുന്നത്. ആ ലളിതജീവിതം എന്നെ കുറച്ചൊന്നുമല്ല ചലഞ്ച് ചെയ്തിരിക്കുന്നത്. അനീതിക്കെതിരെ ഗർജ്ജിച്ച സിംഹത്തിൻ്റെ രൂപത്തിന്ന് പിന്നിൽ മറച്ചുവെക്കപ്പെട്ട ഒരു കുഞ്ഞാടിൻ്റെ നൈർമല്യം കാത്തുസൂക്ഷിച്ച ഒരു പിതാവിനെ പാവങ്ങളുടെ പിതാവെന്നല്ലാതെ പിന്നെന്തു വിളിക്കും?

ജീവിതത്തിലെ പല വിഷമസന്ധികളിലും എന്നെ ചേർത്ത് നിർത്തിയിട്ടുണ്ട്. ചിലപ്പോഴൊക്കെ നർമം കലർത്തി പറയും, “തടി കൂടുന്നുണ്ട് മാഷെ, സൂക്ഷിക്കണം ട്ടോ ” ഹൃദയത്തിൽ തട്ടി പറയുന്ന അപ്പൻ്റെ കരുതൽ വാക്കുകൾ ഇനിയൊരിക്കലും ഉണ്ടാകില്ലെന്നറിയാം. പിതാവ് നയിച്ച പല സമരങ്ങളിലും ഒരു കുട്ടിയെപ്പോലെ ആൾക്കൂട്ടത്തിലൊരാളായി മാത്രം – ആവേശത്തോടെ പങ്കെടുത്ത ഞാൻ ഇന്ന് പിതാവിൻ്റെ വിലാപയാത്രയുടെ മുന്നിൽ സ്ലീവാ കുരിശുമായി നടക്കാൻ കഴിഞ്ഞത് കാലം കാത്തു സൂക്ഷിച്ച കരുതലിൻ്റെ മറ്റൊരു ഭാവമായിരിക്കാം.

എങ്ങോ അസ്തമിക്കാമായിരുന്ന എൻ്റെ വ്യക്തി ജീവിതത്തെ അല്പമെങ്കിലും തെളിച്ചമുള്ളതാക്കി മാറ്റാൻ കഴിഞ്ഞത് പിതാവിൻ്റെ കരുതലുകളാണ്. ആ പിതാവിനെയാണ് എനിക്ക് നഷ്ടപ്പെട്ടത്.

Puthur Ittoop Lazar

നിങ്ങൾ വിട്ടുപോയത്