ന്യൂസ് റൂമിലെ ജോലി രാജിവച്ചശേഷമുള്ള 25 വർഷം, ക്രിസ്തുവും ശ്രീയേശുവും തമ്മിലുള്ള ദൂരം നടന്നുതീർത്ത് എഴുതിയ പുസ്തകത്തിന്റെ മുഖചിത്രം സവിനയം സമർപ്പിക്കുന്നു.

ഒക്ടോബർ ഒന്നിനു പ്രകാശനം. ഭാരതത്തിലെവിടെയും സ്പീഡ്പോസ്റ്റിൽ ലഭിക്കാൻ ഓൺലൈൻ ബുക്കിംഗിനു സന്ദർശിക്കുക: https://muziristimes.com

“ക്രിസ്തുരാജാധിരാജനിൽ”നിന്നു ശ്രീയേശുവിലേക്കും മറിയത്തിലേക്കുമുള്ള ദൂരം നടന്നുതീർത്ത പുസ്തകം

Pre-order Now

From the foreword

പ്രൊഫസർ (ഡോ.) ബി.വിവേകാനന്ദൻ
(മുൻ പ്രൊഫസർ & ചെയർമാൻ, സെന്റർ ഫോർ അമേരിക്കൻ ആൻഡ് വെസ്റ്റ് യൂറോപ്യൻ സ്റ്റഡീസ്, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ന്യൂഡൽഹി)

എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ശ്രീയേശുവിന്റെ ജീവിതം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കരുണയുടെയും മൂർത്തിമദ്ഭാവമായിരുന്നു. അന്നത്തെ ശ്രീയേശു-മറിയം സുഹൃദ്‌സമാജ പ്രസ്ഥാനം, പരസ്പരം സ്‌നേഹിക്കുകയും ഉള്ളതെല്ലാം ഒരുപോലെ പങ്കുവച്ചു ജീവിക്കുകയും ചെയ്തിരുന്നവരുടെ മതേതര അയൽക്കൂട്ടങ്ങളായിരുന്നു. സ്ത്രീപുരുഷസമത്വത്തിന്റെ പ്രതീകമായിരുന്നൂ ആ പ്രസ്ഥാനം. ആ അയൽക്കൂട്ടങ്ങളെ സംബന്ധിച്ചിടത്തോളം, ശ്രീയേശു നൽകിയ സന്ദേശം സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സമാധാനത്തിന്റെയും കരുണയുടെയും നിർഭയത്വത്തിന്റെയും ത്യാഗത്തിന്റെയുമായിരുന്നു.

സ്‌നേഹരാജ്യനീതിയും തുല്യവിതരണ നീതിയുമായിരുന്നു ശ്രീയേശുവിൽനിന്ന് അവർ പഠിച്ചത്. സ്ത്രീകൾക്കു തുല്യസ്ഥാനവും തുല്യപ്രാധാന്യവും നൽകിയിരുന്നു. പുരോഹിതമേധാവിത്വമില്ലാത്ത അയൽക്കൂട്ടങ്ങളായിരുന്നു അവ. ഇത്തരുണത്തിൽ നാം ഓർക്കേണ്ടത്, ശ്രീയേശുവിന്റെ നിർഭയസന്ദേശം പൂർണ്ണമായും ഉൾക്കൊണ്ടു പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ ശിഷ്യന്മാരല്ല, ശിഷ്യകളാണ് എന്നതാണ്. അദ്ദേഹത്തെ കാൽവരിക്കുന്നിൽ കുരിശിൽ തറച്ച സമയത്ത് പുരുഷശിഷ്യഗണം ഭയവിഹ്വലരായി ഒളിച്ചോടിയപ്പോൾ അവിടെ നിർഭയരായി നിലകൊണ്ടത് അമ്മ മറിയവും മറ്റു സ്ത്രീ അനുയായികളും ആയിരുന്നു എന്ന വസ്തുത ഗ്രന്ഥകാരൻ നമ്മെ ഓർമ്മിപ്പിക്കുന്നു. എ.ഡി. നാലാം നൂറ്റാണ്ടുവരെ ഇതായിരുന്നു ശ്രീയേശു-മറിയം സുഹൃദ്‌സമാജ പ്രസ്ഥാനത്തിന്റെ ശൈലി.

എന്നാൽ, നാലാം നൂറ്റാണ്ടോടെ ഈ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്ത പുരുഷപുരോഹിതർ, യേശുവിന്റെ മൂലസുവിശേഷം ഭേദഗതി ചെയ്ത് അനുയായികൾക്കുള്ളിൽ ഭയം നിറച്ച് അവരെ അനുസരിപ്പിച്ച് അടക്കിഭരിക്കുന്നതിനു പര്യാപ്തമായ ഒരു അധികാരശ്രേണി സൃഷ്ടിക്കുകയും അതു കേന്ദ്രീകരിച്ചുള്ള ഭരണക്രമം ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന്, ആദ്യസമാജങ്ങളെ ഒന്നിച്ചുചേർത്ത് ഒരു പൗരോഹിത്യകേന്ദ്രീകൃത സംഘടനയാക്കി. ഈ പുതിയ പൗരോഹിത്യമേധാവികൾ തങ്ങളുടെ അനുയായികളെ, ശ്രീയേശുവിന്റെ സ്‌നേഹത്തിന്റെയും കരുണയുടെയും ത്യാഗത്തിന്റെയും നിർഭയത്വത്തിന്റെയും സമാധാനത്തിന്റെയും മാർഗ്ഗത്തിലൂടെ നയിക്കുതിനുപകരം, ഭയങ്കരമായ കുരിശുമരണത്തെ അനുസ്യൂതം ഓർമ്മിപ്പിച്ച് മനസ്സിൽ ഭയം നിറയ്ക്കുന്ന കുരിശുമാർഗ്ഗത്തിലൂടെയാണു മുമ്പോട്ടയച്ചത്. അതാണു യൂറോപ്പിലെ ക്രിസ്തുമതസംഘടനയായി നാലാം നൂറ്റാണ്ടിൽ പരിണമിച്ചത്.

പുതിയനിയമത്തിലെ കൂട്ടിച്ചേർക്കലുകൾ ക്ഷതമേൽപ്പിച്ചത്, ശ്രീയേശുവിന്റെ ഗിരിപ്രഭാഷണത്തിലും, അദ്ദേഹത്തിന്റെയും അമ്മ മറിയത്തിന്റെയും ഓർമയ്ക്കു ചുറ്റുമായി രൂപപ്പെട്ട മതേതരസമാജങ്ങളിലും തിളങ്ങിയിരുന്ന മഹത്തായ ഉപദേശങ്ങളിലായിരുന്നു. സ്‌നേഹമാണു ദൈവമെന്നും ജനങ്ങൾ നിർഭയരായിരിക്കണമെന്നുമുള്ള സാർവ്വലൗകികസമാധാനത്തിന്റെ ഏകാത്മക സന്ദേശങ്ങളായിരുന്നു അവ. പുതിയ സംഘടനയുടെ ചുക്കാൻ പിടിച്ച പുരുഷ-പുരോഹിത മേധാവിത്വം, ശ്രീയേശുവിന്റെ ആദർശങ്ങളെ അവഗണിച്ചുകൊണ്ട് പുതിയ സഭയെ അധികാരരാഷ്ട്രീയത്തിന്റെ ഭാഗമാക്കി. യൂറോപ്യൻ ഫ്യൂഡലിസത്തെയും രാജവാഴ്ചയെയും സാമ്രാജ്യത്വത്തെയും കൊളോണിയലിസത്തെയും മൂലധനാധിപത്യത്തെയും മതപരിവർത്തനത്തെയും എല്ലാം പിന്തുണച്ചുകൊണ്ടുള്ള നിലപാടാണു കാലാകാലങ്ങളിൽ അതു സ്വീകരിച്ചത്. വിഭാഗീയത സൃഷ്ടിച്ച പല യൂറോപ്യൻ സംഘർഷങ്ങളിലും യുദ്ധങ്ങളിലുമെല്ലാം ഈ പുരുഷ-പുരോഹിത മേധാവിത്വം പങ്കാളികളായിട്ടുണ്ട്.

ഈവക പ്രവർത്തനങ്ങളെല്ലാംതന്നെ ശ്രീയേശുവിന്റെയും അമ്മ മറിയത്തിന്റെയും മതേതര സാർവലൗകിക സമാധാനസന്ദേശവുമായും നിർഭയ സ്ത്രീപുരുഷ സമത്വസന്ദേശവുമായും പൊരുത്തപ്പെടാത്തവയായിരുന്നു. അതുപോലെ പൊരുത്തപ്പെടാത്തതായിരുന്നു സഭയിലെ പുരുഷ-പുരോഹിത മേധാവിത്വവും. സുവിശേഷങ്ങളിലും അത് പ്രകടമാക്കി. സ്‌നേഹത്തിന്റെ സ്ഥാനത്ത് ഭയം നിറയ്ക്കുന്ന രീതികൾ അവലംബിച്ചു. അനുയായികൾ പാപികളും പുരോഹിതർ പാപമോചനത്തിന്റെ കർമ്മികളും ആയി. ഇവയൊക്കെ എങ്ങനെ സംഭവിച്ചു എന്നും ഇവയുടെ നാൾവഴി എന്തെന്നും അതിന്റെ പരിണാമമെന്താണെന്നും ഗ്രന്ഥകാരൻ ഈ കൃതിയിൽ വിശദീകരിച്ചിട്ടുണ്ട്.

ബൈബിൾ പുതിയനിയമം എന്താണെന്നു വ്യക്തമായി മനസ്സിലാക്കാൻ ഈ പുസ്തകം ഒരു മാർഗദർശിയാണ്. ഗ്രന്ഥകാരൻ വ്യക്തമാക്കുന്നത്, പുതിയനിയമത്തിൽനിന്നു പഴയനിയമത്തിന്റെ വിചാരമാതൃകകൾ വകഞ്ഞുമാറ്റിയാൽ തെളിയുന്ന ഒരു യേശുചിത്രമുണ്ടെന്നാണ്. ”സരളമായ ഒരു ഹൃദയത്തിന്റെ തുടിപ്പുള്ള കുറച്ചു ചെറിയ വാക്യങ്ങൾ ജനങ്ങളോടു പറഞ്ഞ ഒരു യേശു”. അവിടെ യേശുവിനൊപ്പം മറിയവും തെളിയുന്നുണ്ട്.

വലിയ തത്ത്വജ്ഞാനം ലളിതമായ രീതിയിൽ ആവിഷ്‌കരിച്ചിരിക്കുകയാണ് ഗ്രന്ഥകാരൻ. ഈ ഗ്രന്ഥം നൽകുന്ന ഉൾക്കാഴ്ച അപാരമാണ്. ജാതി-മത-വർണ്ണ-ലിംഗ ഭേദ വരമ്പുകളില്ലാത്ത, ഒരു ഏകലോകസൃഷ്ടിക്കുള്ള പ്രവർത്തനത്തിലാണു മനുഷ്യരാശി ഇന്നു വ്യാപൃതരായിരിക്കുന്നത്. വിഭാഗീയതകളില്ലാത്ത ഒരു പുതിയ ആഗോള മനുഷ്യ മഹാകുടംബനിർമ്മാണത്തിലേക്കാണ്, ഒന്നാം നൂറ്റാണ്ടിലെ ശ്രീയേശു-മറിയം സുഹൃദ്‌സമാജങ്ങളുടെ ചുവടുപിടിച്ചു ലോകം മുമ്പോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. സ്‌നേഹമെന്ന മതേതരമായ അടിസ്ഥാനതത്ത്വത്തിലൂടെയും മാർഗ്ഗത്തിലൂടെയും സമാധാനം പുലരുന്ന ഒരു പുതിയ സംസ്‌ക്കാരത്തിലേക്കു നീങ്ങുകയാണ് ഇന്നു മനുഷ്യസമൂഹം……..

കുറേക്കൂടി വിശാലമായി നോക്കിയാൽ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു മനുഷ്യക്കൂട്ടായ്മ മാത്രമല്ല, പ്രപഞ്ചക്കൂട്ടായ്മകൂടെയാണ്. ദൈവരാജ്യമെന്ന, സ്‌നേഹവും കാരുണ്യവും പുലരുന്ന ഒരു ഏകലോകമാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതറിയുന്നതിന് ഉൾക്കാഴ്ച വേണം.

ജോസ് ടി. തോമസിന്റെ ചുവടുപിടിച്ച് ഇതുപോലെ ആഴത്തിലുള്ള പുനഃപരിശോധനകളും വിശകലനങ്ങളും, കൂട്ടിച്ചേർക്കലുകൾക്കു വിധേയമായിട്ടുള്ള മറ്റു മതങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങളെക്കുറിച്ചും ഉണ്ടാകേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരാവശ്യമാണ്.

ക്രാന്തദർശിയായ ഗ്രന്ഥകാരന്റെ ശ്രദ്ധേയമായ ഒരു നിഗമനം, എ.ഡി. നാലാം നൂറ്റാണ്ടോടെ ആരംഭിച്ച പുരുഷ-പൗരോഹിത്യമേധാവിത്വത്തിന്റെ പരോക്ഷമായ ശ്രീയേശുസന്ദേശവിരുദ്ധ പ്രവർത്തനങ്ങൾ അവയുടെ അന്തിമഘട്ടത്തിലാണെും, ശ്രീയേശുവിന്റെയും അമ്മ മറിയത്തിന്റെയും മൂലസന്ദേശങ്ങളായ സ്‌നേഹവും കരുണയും ത്യാഗവും മതേതരത്വവും സമഭാവനയും സമാധാനവും സാർവ്വലൗകികതയും പരസ്പര തുല്യവിതരണരീതിയും ഇന്നു മുഴുവൻ മനുഷ്യരാശിയിലും അലിഞ്ഞുചേർന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലാണെന്നുമാണ്. ശ്രീയേശു-മറിയം യുഗ്മത്തിന്റെ മഹത്തായ മൂലസന്ദേശങ്ങൾ 2000 വർഷത്തിനുശേഷവും സജീവമായി മനുഷ്യരാശിയെ ശരിയായ പാതയിലൂടെ നയിക്കുന്നു എന്നു സാരം.

”ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനങ്ങൾ” ആയിരുന്നൂ ആദ്യ സമാജങ്ങൾ. ”വസുധൈവകുടുംബകം” എന്നും അതിനെ വിശേഷിപ്പിക്കാം. ഇന്ന് ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ഏകലോക സംവിധാനത്തിനായുള്ള ശ്രീയേശുവിന്റെയും അമ്മ മറിയത്തിന്റെയും നിത്യഹരിത സന്ദേശങ്ങൾ അതിന്റെ മൗലികരൂപത്തിൽ ഇന്നത്തെ തലമുറയ്ക്കു നൽകുന്നതിനും ആഗോളതലത്തിൽ അതനുസരിച്ചുള്ള മാറ്റങ്ങൾക്കു പ്രചോദനമേകുന്നതിനും ഉതകുന്നതാണ് ഈ ഗ്രന്ഥം.

ഇപ്പോഴും സാധാരണജനങ്ങൾക്ക് അപ്രാപ്യമായ രീതിയിൽ സമർത്ഥമായി മൂടിവയ്ക്കുകയോ തമസ്‌ക്കരിക്കുകയോ ചെയ്യപ്പെട്ട അമൂല്യവിവരങ്ങൾ ശേഖരിച്ച്, ശ്രീയേശുവിന്റെ മഹത്വം അതിന്റെ യഥാർത്ഥരൂപത്തിൽ വിശദീകരിക്കുകയും സമത്വാധിഷ്ഠിത മാനവീയ സംസ്‌കാരസൃഷ്ടിക്കു പ്രചോദനം നൽകുകയും ചെയ്യുന്ന അറിവിന്റെ ഒരു കലവറയാണ് ഈ മഹനീയഗ്രന്ഥം.

നിങ്ങൾ വിട്ടുപോയത്