വത്തിക്കാനില്‍ പുതുമയുള്ള ക്രിബ്വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ പതിവുപോലെ ഇത്തവണയും അതിമനോഹരമായ ക്രിസ്മസ് ക്രിബ് ഉയരുന്നു; ഒപ്പം വിസ്മയിപ്പിക്കുന്ന, ചുവന്ന നിറത്തിലുള്ള 90 അടി ക്രിസ്മസ് ട്രീയും. ഡിസംബര്‍ 10 ന് ക്രിബ്ബിന്റെയും ക്രിസ്മസ് ട്രീയുടെയും ഉദ്ഘാടനം നടക്കും.

പതിറ്റാണ്ടുകളായി ഓരോ ക്രിസ്മസ് സീസണിലും വത്തിക്കാനിലെത്തുന്ന പതിനായിരക്കണക്കിന് സന്ദര്‍ശകര്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കുന്ന ബൃഹത്തായ പുല്‍ക്കൂടിന്റെ നിര്‍മാണം ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും വ്യത്യസ്ത രീതിയിലുള്ള വമ്പന്‍ പുല്‍ക്കൂടുകള്‍ തയാറാക്കുന്നത് വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിലാണ്. ഇത്തവണ തെക്കെ അമേരിക്കന്‍ രാഷ്ട്രമായ പെറുവിലെ കലാകാരന്മാരുടെ നേതൃത്വത്തിലാണ് ക്രിബ് നിര്‍മാണം.

ആന്‍ഡീസ് പര്‍വതനിരകളുടെയും ആമസോണ്‍ നിത്യഹരിത വനങ്ങളുടെയും ചരിത്രപ്രഖ്യാതമായ ഇന്‍കാ സംസ്‌ക്കാരശേഷിപ്പുകളായ മാച്ചുപിച്ചു നിര്‍മിതികളുടെയും നാടാണ് തെക്കെ അമേരിക്കയുടെ പടിഞ്ഞാറ് ശാന്തസമുദ്ര തീരത്തുള്ള പെറു. ആന്‍ഡീസ് പര്‍വതനിരകളില്‍ താമസിക്കുന്ന പ്രത്യേക സംസ്‌ക്കാരവും കലാപാരമ്പര്യവുമുള്ള ‘ചോപ്പ്‌കോ’ ജനസമൂഹത്തിന്റെ സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്നതാവും ഇത്തവണത്തെ ക്രിബ്. പതിനാലാം നൂറ്റാണ്ടില്‍ ഇന്‍കകള്‍ പെറുവില്‍ ആധിപത്യം ഉറപ്പിക്കുന്നതിനുമുമ്പ് ‘ചോപ്പ്‌കോ’ വംശജരായിരുന്നു പെറുവിലെ വലിയൊരു ജനവിഭാഗം. പതിനാറാം നൂറ്റാണ്ടു മുതല്‍ സ്‌പെയിനിന്റെ കോളനിയായിരുന്ന പെറു 1821 ലാണ് സ്വതന്ത്രമായത്. പെറുവിന്റെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം 200 വര്‍ഷം പിന്നിടുന്ന വേളയിലാണ് സാംസ്‌ക്കാരിക വൈവിധ്യമാര്‍ന്ന ആ നാടിന്റെ ഹൃദയത്തുടിപ്പുകള്‍ പ്രതിഫലിക്കുന്ന ക്രിബിന് വത്തിക്കാനില്‍ വേദിയൊരുങ്ങുന്നത്. 3.36 കോടിയാണ് പെറുവിലെ ജനസംഖ്യ; ഇതില്‍ 60 ശതമാനവും കത്തോലിക്കര്‍.കളിമണ്ണിലും മരത്തിലും ഫൈബര്‍ ഗ്ലാസിലും നിര്‍മിക്കുന്ന ഒരാള്‍പൊക്കമുള്ള യൗസേപ്പിതാവും കന്യകാമാതാവും ആട്ടിടയന്മാരും പൂജരാജാക്കന്മാരും ഉള്‍പ്പെടെ മുപ്പതോളം ശില്‍പ്പങ്ങളാകും ക്രിബ്ബിന്റെ മുഖ്യ ആകര്‍ഷണം. ‘ചോപ്പ്‌കോ’ വംശജരുടെ പരമ്പരാഗത വേഷമണിഞ്ഞവരാകും ശില്‍പ്പങ്ങള്‍. കൈകൊണ്ട് തുന്നിയുണ്ടാക്കിയ പ്രത്യേക വിധത്തിലുള്ള കമ്പിളിപ്പുതപ്പണിഞ്ഞാകും ഉണ്ണിയേശു കിടക്കുക. പെറുവില്‍ എവിടെയും കാണുന്ന ആടുകളെപ്പോലെയുള്ള ലാമകളും മറ്റു മൃഗങ്ങളും ക്രിബ്ബിലുണ്ടാകും. തദ്ദേശീയ സംഗീതവും വസ്ത്രവിതാനവും നിറങ്ങളും കൂടിച്ചേരുന്ന വിസ്മയക്കാഴ്ചയായിരിക്കും പെറുവിന്റെ ക്രിബ്. ഇറ്റലിയുടെ വടക്ക് ട്രെന്റിനോ പ്രദേശത്തുനിന്നാണ് കൂറ്റന്‍ ട്രക്കില്‍ 90 അടിയോളം ഉയരമുള്ള ചുവന്ന ക്രിസ്മസ് ട്രീ കൊണ്ടുവരുന്നത്. ക്രിബിനു സമീപം വമ്പന്‍ ക്രെയിനുകളുടെ സഹായത്തോടെ ഇതു സ്ഥാപിക്കും. നിറയെ വര്‍ണവിളക്കുകള്‍ കണ്ണുചിമ്മുന്ന ക്രിസ്മസ് ട്രീയും വിശാലമായ ക്രിബും ജനുവരി ആദ്യ ആഴ്ച വരെ വത്തിക്കാന്‍ ചത്വരത്തെ വര്‍ണാഭമാക്കും. 1982 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തിലെ ക്രിബിനും ക്രിസ്മസ് ട്രീക്കും തുടക്കം കുറിച്ചത്.

കടപ്പാട്

നിങ്ങൾ വിട്ടുപോയത്