നാല് പതിറ്റാണ്ടുകാലം അത്മായ സംഘടനാ പ്രവർത്തനങ്ങളിലുണ്ടായിട്ടു ള്ള പല അനുഭവങ്ങളും മനസ്സിലുണ്ട്. വർഷങ്ങൾക്കു മുമ്പ് അതിരൂപതയുടെ വിദ്യാഭ്യാസ പ്രേഷിത പ്രവർ ത്തനങ്ങളെക്കറിച്ച് ചൂടേറിയ ചർച്ച നടക്കുന്ന ഒരു വേദി. പലരും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു. അവസാനം അധ്യക്ഷനെന്ന നിലയിൽ മാർ കണ്ടുകുളം പിതാവ് ഒരു തീരുമാനത്തിലെത്തുകയായിരുന്നു.
വ്യക്തിപരമായി വ്യത്യസ്ത അഭിപ്രായങ്ങൾ അഭിവദ്യ പിതാവിന്റെ തീരുമാനത്തിന് മുന്നിൽ വഴി മാറി കൊടുത്തു. അതുകൊണ്ട് ആർക്കും ഒന്നും നഷ്ടപ്പെട്ടില്ല. മാത്രമല്ല ഓരോരുത്തരും തങ്ങളുടെ ആശയങ്ങളിലും അഭിപ്രായങ്ങളിലും പിടിവിടാതെ നിന്നിരുന്നെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്താകുമായിരുന്നു? ഒരിടയനും ആട്ടിൻപറ്റവും എന്ന ബൈബിൾ ആശയം എത്രകണ്ടു മനോഹരമാണെന്ന് എന്നിൽ ആഴത്തിൽ ബോധ്യപ്പെടുത്തിയ എത്രയെത്ര സന്ദർഭങ്ങൾ!
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രൈസ്തവ സഭയിൽ പൊതുവായും, പ്രത്യേകമായി സീറോ മലബാർ സഭയിലും ഗുരുതരമായ പ്രതിസന്ധികൾ കടന്നു കൂടിയിരിക്കയാണ്. എങ്കിലും ഏറ്റവും അടുത്ത കാലത്ത് ഉടലെടുത്ത പ്രശ്നമാണല്ലൊ ആരാധനാക്രമത്തിൽ വരുത്തിയ ഐകരൂപ്യം. സഭയുടെ ഘടനാപരമായ കെട്ടുറപ്പും അനുസരണവും അച്ചടക്കവും ഇതരമതസ്ഥരും പൊതുസമൂഹവും എന്നും അത്യധികം ആദരവോടെയും ഭയഭക്തിയോടും കൂടിയാണ് നോക്കി കണ്ടിട്ടുള്ളത്. ആ സഭയിലാണ് ഈ വിഴുപ്പലക്കലും പരസ്പര പഴിചാരലുകളും വ്യക്തിഹത്യകളും ഇന്ന് നടക്കുന്നത്.
കുർബാനക്രമത്തിൽ ഏകീകൃത സ്വഭാവം കൈകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഞാനും കരുതുന്നു. കുർബാന ക്രമത്തിന്റെ ദൈവശാസ്ത്ര സംബന്ധമായ കാര്യങ്ങൾ ആധികാരികമായി പഠിപ്പിക്കേണ്ടത് മെത്രാന്മാരും വൈദീകരുമാണ്. അതുകൊണ്ട് തന്നെ ആരാധനാക്രമത്തിൽ അന്തിമ തീരുമാനം കൈ കൊള്ളേണ്ടതും ഇവർ തന്നെയാണ്. എന്നാൽ അവിടെയാണ് ഇന്ന് ഭിന്നത രൂക്ഷമായിരിക്കുന്നത്. ആരാധനാക്രമത്തിൽ നിലവിലുണ്ടായിരുന്ന രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഏകീകരിക്കുവാൻ മാർപാപ്പയുടെ എഴുത്തിന്റെ അടിസ്ഥാനത്തിൽ സിനഡ് ഒന്നിച്ച് എടുത്ത തീരുമാനത്തെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാറ്റിവെച്ച് ഒരേഹൃദയത്തോടെ സ്വാഗതം ചെയ്യുക.
ഈ വിഷയത്തോടുള്ള വിയോജിപ്പ് നേരത്തെ തന്നെ ഒട്ടേറെ വൈദീകർ ഒപ്പിട്ട് രേഖാമൂലം മെത്രാന്മാർക്കും മേജർആർച്ച്ബിഷപ്പിനും നല്കി അതിൽ പല തവണ ചർച്ചകൾ നടത്തി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഏറ്റവും മാന്യവും അന്തസ്സുള്ളതുമായ നീക്കമാണ് വൈദീകർ നടത്തിയത്. അവർക്ക് പറയുവാനുള്ള കാര്യങ്ങൾ വേണ്ടപ്പെട്ടവരെ തക്കസമയത്ത് അറിയിച്ചുവെന്നുള്ളത് എക്കാലവും ചരിത്രം സാക്ഷ്യപ്പെടുത്തും. ഇതിനെയെല്ലാം ഉൾകൊണ്ട് തന്നെയാണല്ലൊ സിനഡ് ഒരു തീരുമാനത്തിലെത്തിയിട്ടുണ്ടാകുക!
എങ്കിലും തങ്ങളുടെ അഭിപ്രായം മാനിച്ചില്ലെന്ന വേദന വൈദീകർക്കിടയിലുണ്ടായി എന്നുള്ളതും അതിനെ തുടർന്നുള്ള പ്രതിഷേധങ്ങളുമാണ് നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്. ഏതൊരു വിവാദ വിഷയങ്ങളിലും അന്തിമ തീരുമാനത്തിലെത്തുമ്പോൾ ആരെങ്കിലുമൊക്കെ വിട്ടുവീഴ്ചക്ക് തയ്യാറാകേണ്ടിവരുമെന്ന സാമാന്യനീതി നാം അംഗീകരിച്ചേ മതിയാകൂ.
“അച്ചടക്കവും അനുസരണവും അഭംഗുരം കാത്തുസൂക്ഷിക്കുമെന്ന് ” കൈവയ്പ് ശുശ്രൂഷയിലൂടെ പ്രതിജ്ഞയെടുത്ത വൈദീകർ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന പ്രതിഷേധ സ്വരങ്ങൾ അഭിലഷണീയമല്ല. ദൈവഹിതത്തിന് വിട്ടു കൊടുക്കുക. സീറോ മലബാർ സഭയുടെ പരമാധികാര സമിതി – മെത്രാൻ സിനഡ് ഈ കാര്യത്തിൽ എടുത്ത തീരുമാനം നടപ്പിലാക്കുവാൻ എല്ലാ വൈദീകരും സഹകരിക്കണമെന്നാണ് എനിക്ക് വിനീതമായി അഭ്യർഥിക്കുവാനുള്ളത്.
അതേസമയം സിനഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്ന ഒരു വിഭാഗം, എതിർപ്പ് പ്രകടിപ്പിച്ച വൈദീകരെയെല്ലാം വ്യക്തിഹത്യയിലൂടെയും പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിച്ചും മുതലെടുപ്പ് നടത്താൻ ഉദ്ദേശിക്കുമ്പോൾ സഭയുടെ ഹൃദയം വേദനിക്കുന്നു എന്ന് എന്തേ അത്മായ സുഹൃത്തുക്കൾ അറിയാതെ പോകുന്നു? ആരെയാണ് നാം പൊതു ഇടങ്ങളിൽ വെല്ലുവിളിക്കുന്നത്? നിങ്ങൾ തീ കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. ഇനിയെങ്കിലും ഇതൊന്ന് നിർത്തികൂടെ?
മെത്രാൻ-വൈദീക-സന്യസ്ത-അത്മായ ബന്ധം സുദൃഢമാകുമ്പോൾ മാത്രമെ സഭക്ക് മുന്നോട്ട് പോകുവാൻ കഴിയുകയുള്ളു. നമ്മിലെ ഭിന്നിപ്പും തകർച്ചയും കണ്ട് ആസ്വദിക്കുവാനും മുതലെടുക്കുവാനും തയ്യാറായി ചിലരെങ്കിലും പുറത്ത് കാത്ത് നിൽക്കുന്നുണ്ടെന്ന വസ്തുത നാം മനസ്സിലാക്കണം. എരിതീയിൽ എണ്ണ പകരാൻ നോക്കുകയല്ല വേണ്ടത്. സാഹോദര്യത്തോടെ, പരസ്പര വിശ്വാസത്തോടെ, ദൈവഹിതത്തെ മാനിച്ച് നമുക്ക് മുന്നോട്ട് പോകാം.
ചിന്തിക്കുക, വിവേകപൂർവം ഉറച്ച തീരുമാനങ്ങളെടുക്കുക.ദൈവം നമ്മെ ഏവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ!പ്രാർഥനയോടെ,
പി.ഐ. ലാസർ മാസ്റ്റർ
സഭാതാരം സീറോ മലബാർ സഭ
12 Sept 2021