എറണാകുളത്തിൻ്റെ മുഖ്യശില്പി വീടണഞ്ഞു*

നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി ശ്രീ. പി.പി. ജോർജ് ചേട്ടൻ കടന്നുപോയ വിവരം അറിയിച്ചുകൊള്ളട്ടെ…

കൊച്ചിൻ ഷിപ്പ് യാർഡിലെ 110 അടി വാട്ടർ ടാങ്ക് (1975), എം.ജി. റോഡിലെ ജോസ് ബ്രദേഴ്സ് കെട്ടിടം, ഫയർ സ്റ്റേഷൻ കെട്ടിടം, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ, ജിസിഡിഎ ക്വാർട്ടേഴ്സ്, ആലപ്പാട്ട് ബ്രദേഴ്സിൻ്റെ രണ്ടു ബംഗ്ലാവുകൾ, ലിസി ആശുപത്രിയുടെ ചാപ്പൽ, കലൂർ റിന്യൂവൽ സെൻ്റർ, സെൻ്റ് മേരീസ് ബസിലിക്കയുടെ എതിർ വശത്തുള്ള കാത്തലിക് സെൻ്റർ, മറൈൻ ഡ്രൈവിലെ കൊച്ചിൻ ബാങ്ക് ( അന്നത്തെ ഏറ്റവും വലിയ കെട്ടിടം ഇപ്പോൾ SBI ഓഫീസാണ്), കപ്പൽപള്ളി (1985), ‘സരിത-സവിത-സംഗീത തിയേറ്റർ കോംപ്ലക്സ് എന്നിവയുടെ ശില്പിയാണ് അദ്ദേഹം.

*അനുദിന ദിവ്യബലി ശക്തിസ്രോത്രസ്സ്*

“ഞാന്‍ പീറ്റര്‍ ജോര്‍ജ്. പിടിയഞ്ചേരില്‍ പീറ്ററിന്റെയും മേരിയുടെയും

പത്ത് മക്കളില്‍ മൂന്നാമനായി ജനിച്ച പി.പി. ജോര്‍ജ്… എന്റെ ആത്മീയതയുടെ അടിത്തറ പാകിയത് എന്റെ അപ്പനായിരുന്നു. അപ്പന്‍ കുര്‍ബ്ബാന മുടക്കില്ലായിരുന്നു. അന്ന് ഇന്നത്തെപ്പോലെ മുട്ടിനുമുട്ടിന് പള്ളികളില്ലായിരുന്നു. വയല്‍വരമ്പിലൂടെ കിലോമീറ്ററുകള്‍ നടന്നുപോകണം. എന്റെ ചെറുപ്പത്തില്‍ അപ്പന്‍ എന്നെയും കൂടെ കൂട്ടുമായിരുന്നു. എന്റെആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞ ദിവസം അപ്പന്‍ എന്നെ വിളിച്ചുപറഞ്ഞു. എടാ ജോര്‍ജേ, ഇന്നുമുതല്‍ നീ എല്ലാ ദിവസവും പള്ളിയില്‍ പോകണം, ഈ കുടുംബത്തിനു വേണ്ടി ബലിയര്‍പ്പിച്ചു

പ്രാര്‍ത്ഥിക്കാന്‍. ഇന്ന് ഈ ആത്മകഥ എഴുതുന്ന ഈ ദിവസംവരെ ഞാന്‍ അത് അനുസരിച്ചു (അസുഖംമൂലം ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങള്‍ ഒഴികെ)” – പ്രിയപ്പെട്ട ജോർജു ചേട്ടൻ 2019ൽ രചിച്ച തൻ്റെ ആത്മകഥയായ “എന്നെ ദൈവം നടത്തിയ വഴികൾ” എന്ന ഗ്രന്ഥത്തിൽ എഴുതിയ വരികളാണിവ.

*ദൈവാത്മാവ് പകർന്ന ആത്മസംതൃപ്തി*

1981ൽ നവീകരണത്തിലേക്ക് കടന്നു വന്ന അദ്ദേഹം പിന്നീട് ജീവിതത്തിൽ കണ്ടത് കർത്താവിൻ്റെ മഹാദ്ഭുതങ്ങളാണ്. തൻ്റെ ആത്മകഥയിൽ അദ്ദേഹം എഴുതി: “കൃഷിക്കാരന്‍ കീറിത്തന്ന ചാലിലൂടെ ജീവിതമാകുന്ന ജലം ഒഴുകിപ്പോയ വഴിമുഴുവൻ അനേകം സസ്യങ്ങളെ മുളപ്പിച്ചു. അവയെല്ലാം ഫലംചൂടി

നില്‍ക്കുമ്പോള്‍ കൈവരുന്ന ആത്മസംതൃപ്തി അവാച്യമാണ്. സംതൃപ്തി ലഭിച്ചവന് നഷ്ടബോധമില്ല. ഇനിയൊന്നും വേണമെന്നുമില്ല. ലോകം പറയും, ഇനിയും നേടാമായിരുന്നു. അംബരചുംബികള്‍ കൈവശമാക്കാമായിരുന്നു.

ഭൗതികസമൃദ്ധിയെ ജീവിതനേട്ടത്തിന്റെ അളവുകോലായി കരുതുന്ന ലോകത്ത് എന്റെ എളിയ ജീവിതം പാഴായിപ്പോയെന്ന് ചിലര്‍ വിധിയെഴുതിയേക്കാം. എന്നാല്‍ ജീവിതവിജയത്തിന്റെ അളവുകോല്‍ വിധിക്കുന്നത് ഓരോരുത്തരുടെയും മനഃസാക്ഷിയാണ്. അതിലെനിക്ക് ഒട്ടും പരിഭവിക്കാന്‍ ഇടയില്ല. എങ്കിലും പരമ കാരുണികനായ ദൈവത്തിന്റെ വിധിക്ക് എന്നെത്തന്നെ ഞാന്‍ വിട്ടുകൊടുക്കുന്നു.

അവിടത്തെ രാജ്യത്തില്‍ എനിക്കും ഒരു വാസസ്ഥലമുണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു. ഈശോ പറഞ്ഞു: ”എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്” (യോഹ 1:2). അതെ, അതിലൊന്ന് എനിക്കും അവകാശപ്പെട്ടതാണ്, അതാണെന്റെ ലക്ഷ്യവും.”

ഈ വരികൾ കുറിച്ച ജോർജു ചേട്ടൻ നിറസംതൃപ്തിയോടെ ഇന്നു വെളുപ്പിന് (29.09.2025) തൊണ്ണൂറ്റേഴാം വയസ്സിലാണ് തൻ്റെ യഥാർത്ഥ വസതിയിലേക്ക് യാത്രയായത്.

*നീണ്ടനാളത്തെ സൗഹൃദം*

വർഷങ്ങൾ നീണ്ട സൗഹൃദവും സംഭാഷണവും പ്രചോദനവും എൻ്റെ മനസ്സിൽ ഇപ്പോൾ അലയടിക്കുകയാണ്. കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറിയായി ഞാൻ ശുശ്രൂഷ ചെയ്ത കാലത്ത് അദ്ദേഹം നല്കിയ പ്രോത്സാഹനവും പിന്തുണയും മറക്കാവതല്ല. എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിൽ നിന്നു മായുന്നില്ല. ആത്മകഥാ രചനയിൽ ഞാൻ നല്കിയ തിരുത്തലുകൾ സ്വീകരിക്കാൻ അദ്ദേഹം കാണിച്ച ഹൃദയവിശാലത അന്ന് സത്യത്തിൽ എന്നെ അമ്പരപ്പിച്ചു.

*വിജയശ്രീലാളിതനായ കുടുംബനാഥൻ*

ദൈവസ്നേഹത്തിൻ്റെയും കർത്തൃശുശ്രൂഷയുടെയും പ്രേഷിതത്വത്തിലധിഷ്ഠിതമായ സഭാത്മകതയുടെയും പാതയിലൂടെ സ്വന്തം കുടുംബം മുഴുവനെയും കൈപിടിച്ചു നടത്തുന്നതിൽ പൂർണമായും വിജയിച്ച ഒരു കുടുംബനാഥനാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ ഭാര്യ ഗ്രെയ്സി ചേച്ചി ധ്യാനകേന്ദ്രങ്ങളിൽ ഏറെ പ്രിയങ്കരിയായ കൗൺസിലറാണ്. കേരള സഭയ്ക്ക് സമ്പൂർണ ഓഡിയോ ബൈബിളും യുകാറ്റ്, വി. ഫൗസ്തീന യുടെ ഡയറിക്കുറിപ്പുകൾ എന്നിവയുടെ ഓഡിയോയും തയ്യാറാക്കുന്നതിൽ നേതൃത്വം വഹിച്ച ശ്രീ. മാർട്ടിൻ ജോസ്, ബ്ര. തോമസ് പോളിൻ്റെ ശുശ്രൂഷകളിൽ വലംകൈയും സങ്കീർത്തനങ്ങളുടെ ഉപാസകനും അനുഗൃഹീത സംഗീതജ്ഞനുമായ ശ്രീ. ഷാജി ജോർജ് എന്നിവരും ഷാലറ്റ്, മിനി എന്നിവരും മക്കളാണ്. മരുമക്കൾ ശ്രീമതി ഷിമ്മി ഷാജി ബ്രദർ തോമസ് പോളിൻ്റെ ശുശ്രൂഷകളിലും ശ്രീമതി മേരി മാർട്ടിൻ ‘എയ്ഞ്ചൽസ് ആർമി’ ശുശ്രൂഷകളിലും സജീവരാണ്. മരുമക്കളും പേരക്കിടാങ്ങളും പ്രേഷിത തീക്ഷ്ണതയിൽ ജ്വലിക്കുന്ന അപൂർവ കാഴ്ച ഈ കുടുംബത്തിൽ കാണാം. ഉറപ്പാണ് – ജോർജു ചേട്ടൻ മടങ്ങുന്നത് വലിയ സംതൃപ്തിയോടെയാണ്.

*അദ്ഭുതങ്ങളുടെ കളിത്തോഴൻ*

വിശ്വസ്തനും വിവേകിയും വിജയശ്രീലാളിതനുമായ കാര്യസ്ഥൻ – അദ്ദേഹത്തെക്കുറിച്ച് ഇതേ പറയാനാകുന്നുള്ളൂ… 1995-ൽ അദ്ദേഹം ദാനം ചെയ്ത ഭൂമിയിൽ അദ്ദേഹം സ്വപ്നം കണ്ടതാണ് ചിറ്റൂർധ്യാനകേന്ദ്രം. മറൈൻ ഡ്രൈവ് കൺവെൻഷൻ പോലെ (1993) എത്രയെത്ര സംരംഭങ്ങൾ തീക്ഷ്ണമായ ആ ഇച്ഛാശക്തിക്കു കീഴിൽ യാഥാർത്ഥ്യമായി! എത്രയെത്ര ആത്മാക്കൾ കർത്താവിനെ രുചിച്ചറിഞ്ഞ് ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിച്ചു! എത്രയെത്ര പ്രേഷിതരെ വിവിധ മേഖലകളിൽ അദ്ദേഹം വാർത്തെടുത്തു! എത്രയെത്ര മദ്യപാനികളെ ധ്യാനകേന്ദ്രത്തിൽ അദ്ദേഹം എത്തിച്ചു! അതിന് ഒരുക്കമായി എത്രയെത്ര വീടുകളിൽ ഒരാഴ്ചത്തെ ഭക്ഷണവസ്തുക്കൾ അദ്ദേഹം എത്തിച്ചു നല്കി! എത്രയെത്ര ജീവിതങ്ങൾക്കും കുടുംബങ്ങൾക്കും പ്രചോദനവും പ്രതീക്ഷയും സമ്മാനിച്ചു!

*”കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ” എന്ന യജമാനവചനം അദ്ദേഹത്തെ ഉറപ്പായും കാത്തിരിക്കുന്നു… ദൈവകരുണയ്ക്കായി ജോർജു ചേട്ടനെ നമുക്കു യാത്രയാക്കാം…*

ഫാ. ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്