കൊച്ചി : ക്രൈസ്തവരുടെ വിശ്വാസ കേന്ദ്രമായ ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസത്തേയും നിന്ദിക്കുന്ന ഇതര മത വിഭാഗത്തിന്റെ പ്രാർത്ഥനകളും പ്രസംഗങ്ങളും നിർത്തണമെന്നും സർക്കാർ ശക്തമായ നടപടി എടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
പ്രവാചക നിന്ദ അംഗീകരിക്കാനാവില്ല. അത് നടത്തിയവരുടെ വാക്കുകളെ തള്ളിക്കളയണം.രാജ്യത്തിന്റെ മതേതര മുഖം നിലനിർത്താൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.പ്രവാചക നിന്ദയെക്കുറിച്ച് പരാതികളും ഭീഷണികളും പറയുന്നവർ തങ്ങളുടെ ഉത്തരവാദപ്പെട്ടവർ മറ്റ് മതങ്ങളെയും വിശ്വാസത്തേയും അവഹേളിക്കുന്നത് തിരുത്താൻ തയ്യാറാകണം. ക്രിസ്തുവിനെക്കുറിച്ച് നിരന്തരം നിന്ദിച്ചു പറയുന്നത് ക്രൈസ്തവ വിശ്വാസികളിൽ ആഴത്തിലുള്ള മുറിവുകളും വേദനയും ഉണ്ടാക്കുന്നുണ്ട്. അതിനെ ന്യായീകരിച്ചു കൊണ്ട് ചില മത പണ്ഡിതർ വരെ കടന്നു വരുന്നത് കുറ്റകരമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതിനെതിരെ കർശന നടപടി എടുക്കണം.ഇതിന് കേന്ദ്ര സംസ്ഥാന ആഭ്യന്തര മന്ത്രിമാർക്ക് കത്തോലിക്ക കോൺഗ്രസ് നിവേദനം നൽകി.
നൈജീരിയയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നിഷ്ടൂരമായ ക്രൈസ്തവ കൂട്ടക്കുരുതികൾ അത്യന്തം വേദനാജനകമാണ്. ഇതിനെ അപലപിക്കാൻ മത, രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണം.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികളിൽ ഉൾപെടെ കയറി ക്രൈസ്തവ വിശ്വാസികളെ കൊല ചെയ്യുന്നത് മത തീവ്രവാദികൾ അവസാനിപ്പിക്കണം.അവരെ തിരുത്താൻ മത നേതാക്കൾക്ക് കടമയുണ്ട് എന്നത് ഓർക്കണം.അങ്ങനെ ചെയ്യുമ്പോൾ മാത്രമേ പ്രവാചക നിന്ദയെക്കുറിച്ച് പരാതി പറയാൻ വിവിധ രാഷ്ട്രതലവന്മാർക്കും മത നേതാക്കൾക്കും അർഹതയുള്ളൂ എന്ന് കത്തോലിക്ക കോൺഗ്രസ് പ്രസ്താവിച്ചു.