ഓർക്കുമ്പോൾ ഇന്നും മനസിൻ്റെ നീറ്റൽ മറാത്ത സംഭവമാണത്;
2007 ഫെബ്രുവരി 20-ന് നടന്ന
തട്ടേക്കാട് ബോട്ടപകടം.

അങ്കമാലിക്കടുത്ത്, എളവൂർ
സെൻ്റ് ആൻ്റണീസ് സ്കൂളിലെ 15 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും
ഒരു ജീവനക്കാരിയുമാണ് അന്ന്
അപകടത്തിൽ മരണമടഞ്ഞത്.

പാറക്കടവ് ലാസലെറ്റ് സെമിനാരിയിൽ നിന്നും എതാനും കിലോമീറ്ററുകൾ മാത്രമേ എളവൂരിലേക്കുള്ളൂ. അന്ന് MSW പഠിക്കുകയായിരുന്ന ലാസലെറ്റ് സഭാംഗം ജോസ് മുട്ടത്താനച്ചനാടെപ്പം
ഞാനും ചെന്നു സ്കൂളിലേക്ക്.

ജോസ് അച്ചൻ്റെ ആശയപ്രകാരം
സാമൂഹ്യ നേതാക്കളും മതനേതാക്കളും ചേർന്ന് 18 ഇടങ്ങളിലായി മൃതശരീരങ്ങൾ വയ്ക്കാൻ പാകത്തിന് മേശകൾ പിടിച്ചിട്ടു.
മൃത്യു വരിച്ചവരുടെ പേരുകൾ
അവിടെ എഴുതിവച്ചു.
അവരുടെ മാതാപിതാക്കളും ഉറ്റവരും
ഓരോ മേശയ്ക്കു സമീപം വന്നു നിന്നു.

ശോകമൂകമായ അന്തരീക്ഷം.
ഒരു കുടുംബത്തെ എന്നെയാണേൽപ്പിച്ചിരുന്നത്.

ആംബുലൻസുകൾ നിരനിരയായ്
വന്നു കൊണ്ടിരുന്നു. ആംബുലൻസിൽ നിന്നിറക്കുമ്പോഴേ അതിലെ ജീവനക്കാർ, കൊണ്ടുവന്നിരിക്കുന്നത് ആരുടെ ശരീരമാണെന്ന് വിളിച്ചു പറയും.

അപ്പോഴേക്കും മകനേ…. മകളേ
എന്നു വിളിച്ച് ഉറ്റവർ കരച്ചിൽ തുടങ്ങും. മക്കളുടെ ചേതനയറ്റ ശരീരം നോക്കി വിലപിക്കുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഏറെപ്പേരും വിങ്ങിപ്പൊട്ടുകയായിരുന്നു.

വീടുവിട്ടിറങ്ങുന്ന മക്കൾ തിരിച്ചു വരാൻ
അല്പം വൈകുമ്പോഴേയ്ക്കും
അടിവയറ്റിൽ നിന്നുയരുന്ന ആധിയനുഭവിക്കാത്ത മാതാപിതാക്കളുണ്ടാകില്ലല്ലോ?

അങ്ങനെയെങ്കിൽ, അമ്മേ, അപ്പാ
എന്ന് വിളിച്ച് സന്തോഷത്തോടെ
വീടണയേണ്ട മക്കളുടെ
ചേതനയറ്റ ശരീരം ഏറ്റുവാങ്ങുന്ന പ്രിയപ്പെട്ടവരുടെ നൊമ്പരം
എങ്ങനെ വിവരിക്കാനാകും?

എന്നെ ഏൽപ്പിച്ച മാതാപിതാക്കളുടെ സങ്കടത്തേക്കാൾ എന്നെ നൊമ്പരപ്പെടുത്തിയത്
മരണപ്പെട്ട കുട്ടിയുടെ
കൂടപ്പിറപ്പിൻ്റെ രോദനമായിരുന്നു.
”ചേട്ടായി… പിക്നിക്കിന് പോയി വരുമ്പോൾ കൊണ്ടുവരാമെന്നു പറഞ്ഞ ചോക്ളേറ്റ് എവിടെ…. എൻ്റെ കൂടെ കളിക്കാൻ ഇനിയാരുണ്ട്….?”
ഇങ്ങനെയുള്ള വാക്കുകൾ ഇന്നും
കാതുകളിൽ അലയടിക്കുന്നുണ്ട്.

കരഞ്ഞ് തളർന്ന ആ കുഞ്ഞ്
എന്നോട് ചേർന്നിരുന്നതും
കൈയിലെ ജപമാലയിൽ
മുറുകെപ്പിടിച്ച് ശാന്തമായുറങ്ങിയതും അപ്പോഴും നിലയ്ക്കാത്ത
എൻ്റെ കണ്ണീർ പ്രവാഹവും
ചൊല്ലിക്കൂട്ടിയ പ്രാർത്ഥനകളും
ഇന്നും നിനവിലുണ്ട്.

ഒന്നുറപ്പാണ്,
സ്നേഹിക്കുന്നവരുടെ അകാലത്തുള്ള വേർപാടിനേക്കാൾ നൊമ്പരപ്പെടുത്താൻ കഴിയുന്ന മറ്റൊന്നും ഇഹത്തിലില്ല. അങ്ങനെയുള്ള വേർപാടിൻ്റെ കഥകൾ സുവിശേഷത്തിലുമുണ്ടല്ലോ? അവയിലൊന്നാണ് നായിനിലെ വിധവയുടെ ഏകപുത്രൻ്റെ നിര്യാണം (Refലൂക്ക7:11-17).

നിലവിളിക്കുന്ന അമ്മയെ
സാന്ത്വനപ്പെടുത്തി
ക്രിസ്തു പറയുന്നു:
”മകളേ, കരയേണ്ട.”

വേർപാടിൻ്റെ നൊമ്പരം പേറുന്ന
ഏതൊരു വ്യക്തിയോടും ക്രിസ്തു പറയുന്നത്
ഇതേ വാക്കുകളാണ്.
“മകളേ…. മകനേ… കരയേണ്ട….
ഞാനുണ്ട് നിൻ്റെ കൂടെ…”

”നമ്മുടെ കൺമുമ്പിൽ ഒരു
നിത്യസത്യമുണ്ട്. ഒരുനാളിൽ ഞാനും
ഈ ഭൂമി വിട്ടുപേക്ഷിച്ചു പോകേണ്ടി വരും.
ഒന്നും കൈയിലെടുക്കാതെയും
ആരെയും കൂടെ കൂട്ടാതെയുമുള്ള യാത്ര. സ്വർഗത്തെയും ദൈവത്തെയും ലക്ഷ്യമാക്കി സഞ്ചാരം തുടങ്ങുന്ന നാൾ
അത്ര വിദൂരതയിലല്ല.
അതിനാവശ്യമുള്ള കരുത്ത്
നൽകണമേ ദൈവമേ”
എന്ന
കടൂപ്പാറയിലച്ചൻ്റെ വാക്കുകൾ
(കുന്തുരുക്കം, ജി. കടൂപ്പാറയിൽ)
നമ്മെ ബലപ്പെടുത്തട്ടെ.

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്