ഈ ചരമ വാർത്തയിൽ കാണുന്ന തോമസ് കൊടിയൻ അച്ചൻ പൊതു സമൂഹത്തിൽ പ്രശസ്തനല്ല.

തൃക്കാക്കര ഭാരത മാതാ കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം ഹോസ്റ്റൽ വാർഡനായിരുന്നു. പ്രീ ഡിഗ്രി വിദ്യാർഥികൾ മാത്രമുള്ള ജൂനിയർ കോളേജാണ് അന്ന് ഭാരത മാതാ. കോളേജിൽ നടക്കുന്ന ക്യാമ്പുകളുടെ സംഘടകനായിരുന്നു അദ്ദേഹം .
ആശയങ്ങളിൽ ഇന്നൊവേഷൻ നടത്താൻ പഠിപ്പിച്ചത് ഈ പാതിരിയായിരുന്നു. ഹോസ്റ്റലിൽ എല്ലാ ഞായറാഴ്ച രാവിലെയും എന്തെങ്കിലും സാംസ്കാരിക പരിപാടി നിർബന്ധമായിരുന്നു.
ഹോസ്റ്റലിലെ നൂറോളം പേരും മുറ അനുസരിച്ചു പങ്കെടുക്കണം. പ്രസംഗം, പാട്ട് തുടങ്ങിയ ഏർപ്പാടുകൾ എല്ലാവരും ചെയ്യണം. പൊതു ഇടത്തിലുള്ള ആത്മവിശ്വാസം വളരാനാണ് ഇതെന്ന് അച്ചൻ പറയും. ഉച്ചാരണ ശുദ്ധിയോടെ മലയാളം വായിക്കൽ മറ്റൊരു ഇനമായിരുന്നു. ചെറു സംഘമായി തിരിച്ച് ഇമ്പ്രോവൈസ്ഡ് നാടകാവതരണം ചെയ്യിച്ചിട്ടുണ്ട്. രണ്ട് മാസത്തിൽ ഒരിക്കൽ കോളേജ് ബസിൽ എറണാകുളത്തു സിനിമക്ക് കൊണ്ട് പോകും. യൂറോപ്പ് വാസം ഉള്ളത് കൊണ്ട് സൗണ്ട് ഓഫ് മ്യൂസിക്കിലെ ലൊക്കേഷനുകളെ കുറിച്ച് വിവരണം തന്നിട്ടാണ് കൊണ്ട് പോയത്. ബ്രഹ്മചാരിയെന്ന ഹിന്ദി സിനിമ കാണിച്ചിട്ടുണ്ട്. കാണുന്ന സിനിമകളെ കുറിച്ചുള്ള ചർച്ചകൾ അടുത്ത ഞായറാഴ്ച ഉണ്ടാകും.
ഒരു വിദ്യാർത്ഥി ക്യാമ്പിൽ അദ്ദേഹം രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും ചേർത്ത് ഗ്രൂപ്പുകളുണ്ടാക്കി. അന്നത്തെ പത്രങ്ങൾ നല്കി. എന്നിട്ട് അടുത്ത ദിവസത്തേക്ക് എഡിറ്റോറിയൽ തയ്യാറാക്കാൻ പറഞ്ഞു. അതിന്റെ വായന എല്ലാവരുടെയും മുമ്പിൽ ചെയ്യണം.
ഹോസ്റ്റലിൽ ഒരേമുറിയിലുള്ളവർ അവരുടെ മുറ പ്രകാരം ഹോസ്റ്റൽ മെസ്സിലെപരിചാരകരെ സഹായിക്കാൻ വൈകുന്നേരം പോകണം. ചപ്പാത്തി പരത്തണം. ഇതൊക്കെ അദ്ദേഹം ചെയ്തത് എഴുപതുകളിലാണെന്ന് ഓര്ക്കുക.
ഈ ഇടപെടലുകൾ വ്യക്തിത്വത്തിന് നൽകിയ ഗുണങ്ങൾ വലുതായിരുന്നു.
ഭാരത മാതാ കോളേജിലെ ഒരു അലുംനി യോഗത്തിൽ വച്ച് അച്ചനെ വർഷങ്ങൾക്ക് മുമ്പ് ഏറെ കാലത്തിന് ശേഷം കണ്ടിരുന്നു. ഓർമ്മകൾ മങ്ങിയ പോലെ തോന്നി.
എൺപത്തിയൊമ്പതാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നു.
ആദരാഞ്ജലികൾ.
വികാരിയായിരുന്ന ഇടവകകളിലും കൊച്ചു കൊച്ചു സമൂഹിക വിപ്ലവങ്ങൾക്ക് അദ്ദേഹം നേതൃത്വo നൽകിയതായി കേട്ടിട്ടുണ്ട്.

(സി ജെ ജോൺ)
Dr c j john Chennakkattu
OBITUARY
എടക്കുന്ന് സെയിന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന എറണാകുളം- അങ്കമാലി അതിരൂപതാംഗം ബഹു. ഫാ. തോമസ് കൊടിയൻ (89 ) നിര്യാതനായി.
സംസ്കാരം ചേന്ദമംഗലം ഹോളിക്രോസ് പള്ളിയിൽ നാളെ (27-04-2023) ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും.മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:പൊതു സന്ദർശനം•ഇന്ന് (26-04-2023) ഉച്ചകഴിഞ്ഞ് 3 മണി മുതൽ 4 മണി വരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോം• വെെകീട്ട് 5 മുതൽ ചേന്ദമംഗലത്തുള്ള ഭവനത്തിൽ •
നാളെ (27.04.2023) ഉച്ചയ്ക്ക് 12 മണി മുതൽ ചേന്ദമംഗലം പള്ളിയിൽ • ഉച്ചകഴിഞ്ഞ് 2.30 ന് ദിവ്യബലിയോടുകൂടി മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.സേവനം ചെയ്ത ഇടവകകൾപറവൂർ, മുട്ടം ചേർത്തല, എറണാകുളം ബസിലിക്ക എന്നീ ഇടവകകളിൽ അസിസ്റ്റൻറ് വികാരി താബോർ, കാടുകുറ്റി,അകപ്പറമ്പ്, കവരപ്പറമ്പ്, മേക്കാട്, കുത്തിയതോട്(Old), കോന്തുരുത്തി എന്നീ ഇടവകകളിൽ വികാരി

ആദരാഞ്ജലികൾ അർപ്പിക്കുന്നു .

