യേശുവിൽ പ്രിയ ഫിയാത്ത് മിഷൻ കുടുംബാംഗമേ,4-ാമത് ജിജിഎം മിഷൻ കോൺഗ്രസ് പരിശുദ്ധാത്മാവ് മനോഹരമായി നടത്തിത്തന്നു.

നമ്മുടെ ദൃഷ്ടിയിൽ വിജയകരമായി അനുഭവപ്പെട്ട ചില കാര്യങ്ങൾ കുറിക്കട്ടെ. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നു വന്ന വിവിധ റീത്തുകളിൽപെട്ട 20 ൽപരം അഭിവന്ദ്യപിതാക്കന്മാർ ഫിയാത്ത് മിഷനോടൊപ്പം ഒരുമനസ്സോടെ ഈ മിഷൻ മഹാസംഗമത്തിലുണ്ടായിരുന്നു. മിഷൻ ദൈവവിളിയുടെ ആദ്യജ്വലനം തിരിച്ചറിഞ്ഞ 100 ൽ പരം കുട്ടികളാണ് മിഷൻ സ്റ്റാളുകളിൽ പേരുനൽകിയത്. വിവിധങ്ങളായ പ്രോഗ്രാമുകളിൽ പങ്കെടുത്ത ദൈവജനം മിഷൻ തീക്ഷ്ണതയിൽ ജ്വലിക്കുന്ന അനുഭവം സ്വന്തമാക്കി. റിട്ടയർ ചെയ്തവരടക്കം അനേകം മുതിർന്നവർ മിഷൻ സന്ദർശനത്തിന് തയ്യാറായി.

ദൈവികമായി കാഴ്ചപാടിൽ ജിജിഎം മിഷൻ കോൺഗ്രസിനെ വിലയിരുത്താനാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്.

പരിശുദ്ധാത്മപ്രേരിതരായി നാം ആരംഭിച്ച ഈ മിഷൻ സംഗമങ്ങളിൽ നിന്ന് ദൈവം എങ്ങനെ ഫലം എടുക്കുന്നു എന്നത് നമുക്ക് അജ്ഞാതമായിരിക്കും. ആദ്യത്തെ മിഷൻ കോൺഗ്രസ് നടക്കുന്ന സമയം, റോഡിലൂടെ നടക്കുകയായിരുന്ന ഒരു സഹോദരൻ, ജിജിഎമ്മിൻ്റെ ഫ്ലക്സ് ബോർഡ് പാതയോരത്ത് കണ്ട് ഫിയാത്ത് മിഷനെ അന്വേഷിച്ചെത്തി.

വടക്കേ ഇന്ത്യക്കാരായ സഹോദരങ്ങളെ വിശ്വാസത്തിൽ വളർത്തുന്നതടക്കമുള്ള വലിയ ഉത്തരവാദിത്വങ്ങൾ ചെയ്യുന്ന ഒരു ഫിയാത്ത് മിഷനറിയാണ് അദ്ദേഹമിപ്പോൾ. ആദ്യത്തെ മിഷൻ കോൺഗ്രസിലെ എക്സിബിഷൻ സ്റ്റാൾ സന്ദർശിക്കുകയായിരുന്ന ഒരു ബ്രദർ തൻ്റെ വൈദികവൃത്തിയുടെ ഇടം ഒറീസയിലാണെന്ന് തിരിച്ചറിഞ്ഞു. ഏതാനും വർഷങ്ങളായി അദ്ദേഹം ഒറീസമിഷനുവേണ്ടി വൈദികശുശ്രൂഷ ചെയ്യുന്നു. ഇങ്ങനെ നാം അറിയാത്ത എത്രയോ ഫലങ്ങൾ മിഷൻ കോൺഗ്രസുകൾ വഴി സഭയ്ക്കുണ്ടാകുന്നു.

വിജയപരാജയങ്ങൾ തീരുമാനിക്കാൻ നാം ആരാണ്. ദൈവികസ്വപ്നങ്ങൾ പൂർത്തിയാക്കാൻ പൂർണമനസ്സോടെ പരിശ്രമിക്കുക എന്നതൊഴികെ ഒന്നിനെക്കുറിച്ചും നാം ആകുലരാകേണ്ടതില്ല.

കുറവുകൾ മാത്രമുള്ള നമ്മുടെ പരിശ്രമങ്ങൾ വിജയകരമാക്കാൻ അവിടുത്തേയ്ക്കൊഴികെ ആർക്കാണ് സാധിക്കുക. അനേകമാസങ്ങളായി നാമർപ്പിക്കുന്ന പ്രാർത്ഥനകളും ലക്ഷക്കണക്കിന് ജപമാലകളും ഫലം പുറപ്പെടുവിക്കാതിരിക്കുമോ?

നാലാമത് മിഷൻ കോൺഗ്രസിൻ്റെ ആരവങ്ങളകന്നു. അതിന് വേദിയായ ജെറുസലേം ധ്യാനകേന്ദ്രപരിസരങ്ങളിൽ ഇനി ഞങ്ങൾ ഏതാനും പേർമാത്രം. ലൈറ്റ് സൌണ്ട്, പന്തൽ, ഭക്ഷണം, വാഹനങ്ങൾ തുടങ്ങി വിവിധങ്ങളായ കാര്യങ്ങൾ ഒരുക്കിത്തന്നവരുടെ സാമ്പത്തിക ബാധ്യതകൾ ബാക്കിനിൽക്കുന്നു. പ്രാർത്ഥനയോടെ നമുക്ക് ഒരുമിക്കാം.

ഇത്രത്തോളം നടത്തിയ കർത്താവ് ഇനിയും നമ്മെ നയിക്കും. 4-ാമത് ജിജിഎം മിഷൻ കോൺഗ്രസിനായി നിങ്ങൾ ചെയ്ത എല്ലാ ശുശ്രൂഷകൾക്കും ദൈവനാമത്തിൽ നന്ദി പറയുന്നതോടൊപ്പം,പ്രതിസന്ധികൾക്കിടയിലും 5-ാമത് ജിജിഎം മിഷൻ കോൺഗ്രസിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ കാണാനും അതിനായി പ്രാർത്ഥിച്ചു തുടങ്ങാനും യേശുനാമത്തിൽ ഞാൻ അപേക്ഷിക്കുന്നു.

സീറ്റ്ലി ജോർജ്ചെയർമാൻ, ഫിയാത്ത് മിഷൻ

നിങ്ങൾ വിട്ടുപോയത്