ഭരണങ്ങാനം: എംഎസ്ടിസഭയുടെ 11-ാമത് ജനറല്‍ അസംബ്ലി ഭരണങ്ങാനം ദീപ്തി ഭവനില്‍ ആരംഭിച്ചു. സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
പ്രേഷിതപ്രവര്‍ത്തന മേഖലയില്‍ ശക്തമായി മുന്നേറുന്ന സെന്റ് തോമസ് മിഷണറി സൊസൈറ്റിയെയും അതിനു നേതൃത്വം കൊടുക്കുന്നവരെയും അനുമോദിക്കുകയും പുതിയതായി രൂപംകൊണ്ട ഡല്‍ഹി റീജനും ഒറീസാമിഷനും കർദിനാൾ ആശംസകള്‍ നേരുകയും ചെയ്തു.
എംഎസ്ടിയുടെ പുതുക്കിയ നിയമാവലിയുടെ പ്രഖ്യാപന (പ്രമുല്ഗേഷന്) ഡിക്രി ഡയറക്ടര്‍ ജനറാള്‍ ഫാ. ആന്റണി പെരുമാനൂര്‍ അസംബ്ലിയില്‍ വായിച്ചു.
400ല്‍പ്പരം അംഗങ്ങളുള്ള എംഎസ്ടിയില്‍ ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ (ഉജൈന്‍ രൂപത) മാര്‍ ജയിംസ് അത്തിക്കളം(സാഗര്‍ രൂപത) എന്നിവര്‍ ഉള്‍പ്പെടെ 50 പേര് അടങ്ങുന്ന ജനറല്‍ അസംബ്ലി അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കും.
എംഎസ്ടിയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ഭാവി പരിപാടികള്‍ തീരുമാനിക്കും.
ഇന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.