സീറോമലബാർ സിനഡ് ആരംഭിച്ചു
കാക്കനാട്: സീറോമലബാർസഭയുടെ ഇരുപത്തിയൊൻപതാമതു സിനഡിന്റെ രണ്ടാം സമ്മേളനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഓൺലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്. ആഗസ്റ്റ് 16ന് തിങ്കളാഴ്ച വൈകുന്നേരം പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങൾ യാചിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് തിരി തെളിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 62 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡിൽ പങ്കെടുക്കുന്നത്. തിരുവല്ല അതിരൂപതയുടെ അധ്യക്ഷനായ ആർച്ച്ബിഷപ് തോമസ് മാർ കുറിലോസ് പ്രാരംഭ ധ്യാനചിന്തകൾ പങ്കുവച്ചു.
തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സീറോമലബാർസഭയ്ക്കു ദൈവം നൽകിയ അനുഗ്രഹങ്ങളെയോർത്തു മേജർ ആർച്ച്ബിഷപ് ദൈവത്തിനു നന്ദി പറഞ്ഞു. കോവിഡ് വ്യാപനം ഭാരതത്തിലും വിശേഷിച്ച് കേരളത്തിലും നിയന്ത്രണാതീതമായി തുടരുന്നത് ഏറെ ആശങ്കാജനകമാണെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ സർക്കാരിന്റെ നിർദേശങ്ങളോട് സകലരും സർവ്വാത്മനാ സഹകരിക്കണമെന്ന് കർദിനാൾ ആവശ്യപ്പെട്ടു. കോവിഡുമൂലം ജീവത്യാഗം ചെയ്തവരെ സിനഡ് പ്രാർത്ഥനാപൂർവ്വം അനുസ്മരിച്ചു. സീറോമലബാർ മെത്രാൻസിനഡിലെ അംഗമായിരുന്ന ബിഷപ് പാസ്റ്റർ നീലങ്കാവിൽ കോവിഡ് മൂലം മരണമടഞ്ഞതിലുള്ള അനുശോചനവും പ്രാർത്ഥനയും കർദിനാൾ പങ്കുവച്ചു.
സീറോമലബാർ സഭയുടെ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തുന്ന സിനഡാണ് ഇന്ന് ആരംഭിക്കുന്നതെന്ന് മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി. വിശുദ്ധ കുർബ്ബാന ഏകീകൃത രീതിയിൽ അർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ നൽകിയ തിരുവെഴുത്തിന് കർദിനാൾ തിരുസിംഹാസനത്തിന് നന്ദി പറഞ്ഞു. മാർപാപ്പായുടെ നിർദ്ദേശം വിധേയത്വത്തോടെ അനുസരിക്കാൻ സഭയ്ക്കു മുഴുവനുമുള്ള കടമയെക്കുറിച്ച് മേജർ ആർച്ച്ബിഷപ് പ്രത്യേകം അനുസ്മരിച്ചു. നവീകരിച്ച കുർബ്ബാനക്രമത്തിന് പൗരസ്ത്യതിരുസംഘവും മാർപാപ്പയും നൽകിയ അംഗീകാരത്തിനും മാർ ആലഞ്ചേരി കൃതജ്ഞത രേഖപ്പെടുത്തി.
ആഗസ്റ്റ് 27നാണ് സിനഡ് സമാപിക്കുന്നത്. സിനഡിന്റെ ദിവസങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് വിവിധ വിഷയങ്ങൾ ചർച്ചചെയ്യുന്നതാണ്.