നൻമയിൽ അധിഷ്ഠിതമായി ജീവിക്കുന്നവരാണ് നീതിമാൻമാർ. നേരും നീതിയും വിശ്വാസ്യതയും പരസ്പരബന്ധമുള്ളവയാണ്. ഇവ ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തെ നിർവ്വചിക്കുന്നു. അങ്ങനെയുള്ള ഒരാളുടെ അടുക്കൽ ദൈവം എപ്പോഴും ഉണ്ടായിരിക്കും. അവരുടെ പ്രാർത്ഥനകൾക്ക് കർത്താവ് ഉത്തരം നൽകും. ദുഷ്ടനിൽ നിന്ന് അവരെ സംരക്ഷിക്കും. ഒരുവൻ നീതിമാൻ ആയിത്തീരുന്നത് എങ്ങനെ? ദൈവവചനങ്ങൾ എപ്പോഴും അവന്റെ വായിൽ ഉണ്ടായിരിക്കണം. അത് രാവും പകലും ധ്യാനിച്ച് അതിൻപ്രകാരം ജീവിക്കണം അപ്പോൾ നീതിമാനായി ജീവിക്കുവാൻ സാധിക്കും. നീതിമാൻമാരെ ഏത് അനർത്ഥ കാലത്തും കർത്താവ് താങ്ങും, നീതിമാൻമാർ ഒരിക്കലും ലഞ്ജിക്കേണ്ടി വരില്ല എന്നു തിരുവചനം പറയുന്നു
അർഹതപ്പെട്ടത് ലഭിക്കുന്നതാണ് ലോകത്തിന്റെ നീതിയെങ്കിൽ, ആ നീതി എല്ലായ്പ്പോഴും നമുക്ക് സംതൃപ്തി പ്രദാനം ചെയ്തുകൊള്ളണം എന്നു നിർബന്ധമില്ല. കാരണം, അർഹതയുടെ അളവുകോൽ നാമോരോരുത്തരിലും വ്യത്യസ്തമാണ്; ഞാൻ നീതിയെന്നു കരുതുന്നത് മറ്റുചിലർ അനീതിയായി കണ്ടേക്കാം. എന്നാൽ, ദൈവത്തിന്റെ നീതി നമുക്ക് എപ്പോഴും സന്തോഷവും സംതൃപ്തിയും നൽകുന്നതാണ്. കാരണം, നമുക്ക് ചോദിക്കുവാനോ സ്വപ്നം കാണുവാൻ പോലുമോ യോഗ്യതയില്ലാത്ത സൌഭാഗ്യങ്ങളാണ് ദൈവത്തിന്റെ നീതിയുടെ ഫലമായി നമുക്ക് നല്കപ്പെടുന്നത്
ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരി തെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തു വലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി. നീതി പ്രവർത്തിക്കുന്നവർക്ക് ഈ ഭൂമിയിലും, നിത്യതയിലും അനുഗ്രഹം ഉണ്ടാകും. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.